കാവാലം നാരായണപ്പണിക്കര്‍
മലയാളത്തിലെ ആധുനികനാടകവേദിയുടെ ആചാര്യനാണ് കാവാലം നാരായണപണിക്കര്‍. നാടകകൃത്ത്, കവി, സംവിധായകന്, സൈദ്ധാന്തികന്‍ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചു. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്നു. 1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കി ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്കാരവും ലഭിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബാംഗമായി ജനിച്ചു. അച്ഛന് ഗോദവര്‍മ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. സര്‍ദാര്‍ കെ.എം. പണിക്കര്‍ കാവാലത്തിന്റെ അമ്മാവനാണ്. കര്‍മ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചു. പിന്നീട് നാടകത്തിലേക്കെത്തിച്ചേര്‍ന്നു. ഭാര്യ ശാരദാമണി.പരേതനായ കാവാലം ഹരികൃഷ്ണന്, പ്രശസ്ത പിന്നണി ഗായകന് കാവാലം ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.
ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദന്, നാടകകൃത്തായ സി.എന്‍. ശ്രീകണ്ഠന് നായര്‍, കവി എം. ഗോവിന്ദന്, ബന്ധുവായ കവി അയ്യപ്പപണിക്കര്‍ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണ്ണമായ അന്വേഷണങ്ങള്‍ക്ക് പ്രേരണ നല്കി.
തനതുനാടകവേദി
1968ല്‍ സി.എന്‍. ശ്രീകണ്ഠന് നായര്‍ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന് ഒരു അവതരണ സമ്പ്രദായം നല്‍കിയത് കാവാലമാണ്. ഇബ്സനിസ്റ്റുരീതി പിന്തുടര്‍ന്ന മലയാളനാടകവേദിയില്‍ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്. നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകള്‍ എന്നുള്ള ചിന്തയില്‍ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് അര്‍ത്ഥം. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജം നേടി വളരുന്ന ഒരു നാടകവേദിയാണിത്. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കല്‍ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃത അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൗന്ദര്യശാസ്ത്രപരമായ അടിത്തറ.
യഥാതഥ നാടകങ്ങളുടെ ബാഹുല്യവും അവയുടെ പ്രമേയസ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും പ്രകടമായ കൃത്രിമത്വവും, ക്രമേണ നാടോടിക്കലകളിലേക്കും തനതുപാരമ്പര്യങ്ങളിലേക്കും തിരിയുവാന്‍ കാവാലം ഉള്‍പ്പെടെയുള്ള നാടകപ്രവര്‍ത്തകരെ പ്രേരിപ്പിച്ചു. നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങള്‍ സംയോജിപ്പിച്ച്, നൃത്തം, ഗീതം, വാദ്യം എന്നിവയില്‍ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കര്‍ പ്രയോഗിച്ചത്. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളില്‍ നിന്നും വേറിട്ട് തുറസ്സായ സ്ഥലത്തുപോലും നാടകം അവതരിപ്പിക്കപ്പെട്ടു.കാവാലത്തിന്റെ ആദ്യകാല നാടകങ്ങള്‍ സംവിധാനം ചെയ്തത് പ്രൊഫ. കുമാരവര്‍മ്മ, ചലച്ചിത്ര സംവിധായകന് ജി. അരവിന്ദന് എന്നിവരാണ്. പില്ക്കാലനാടകങ്ങള്‍ എല്ലാം കാവാലം തന്നെയാണ് സംവിധാനം ചെയ്തതും.
നാടകങ്ങള്‍
സാക്ഷി (1968)
തിരുവാഴിത്താന്‍ (1969)
ജാബാലാ സത്യകാമന് (1970)
ദൈവത്താര്‍ (1976)
അവനവന് കടമ്പ (1978)
കരിംകുട്ടി (1985)
നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം
കൈക്കുറ്റപ്പാട് (1993)
ഒറ്റയാന് (1980)
നാടകവിവര്‍ത്തനങ്ങള്‍
ചില പ്രമുഖ നാടകവിവര്‍ത്തനങ്ങള്‍
ഭാസഭാരതം (1987) ഭാസന്റെ അഞ്ച് സംസ്കൃതനാടങ്ങളുടെ (ഊരുഭംഗം ,ദൂതഘടോല്‍ഖജം, മദ്ധ്യമവ്യായോഗം, ദൂതവാക്യം, കര്‍ണ്ണഭാരം) വിവര്‍ത്തനം
ഭഗവദജ്ജുകം (ബോധായനന്റെ സംസ്ക്രതനാടകത്തിന്റെ വിവര്‍ത്തനം)
മത്തവിലാസം (മഹേന്ദ്രവിക്രമ വര്‍മ്മന്റെ സംസ്കൃതനാടകത്തിന്റെ വിവര്‍ത്തനം)
ട്രോജന്‍ സ്ത്രീകള്‍ (സാര്‍ത്രിന്റെ ഫ്രഞ്ച് നാടകം)
ഒരു മദ്ധ്യവേനല്‍ രാക്കനവ് (ഷേക്ള്സ്പിയര് നാടകം)
കൊടുങ്കാറ്റ് (ഷേക്സ്പിയര് നാടകം)
കര്‍ണ്ണഭാരം
ഭഗവദജ്ജുകം
മധ്യമവ്യയോഗം
Leave a Reply Cancel reply