ഗോവിന്ദപിള്ള. പി. (പി. ഗോവിന്ദപിള്ള)
പ്രമുഖ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ചിന്തകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, വാഗ്മി എന്നീ നിലകളില്‍ പി.ജി. എന്ന പി.ഗോവിന്ദ പിള്ള അറിയപ്പെടുന്നു. (ജനനം മാര്‍ച്ച് 25, 1926 =മരണം നവംബര്‍ 22, 2012).
ജനനം എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ഗ്രാമത്തില്‍. അച്ഛന്‍ എം.എന്‍.പരമേശ്വരന്‍ പിള്ള. അമ്മ കെ.പാറുക്കുട്ടി അമ്മ. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു.സി.കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. കാലടി അദ്വൈതാശ്രമത്തില്‍ നിന്ന് സ്വാമി ആഗമാനന്ദന്റെ കീഴില്‍ ബ്രഹ്മസൂത്രം അഭ്യസിച്ചിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത് പി.ജി. ദേശീയപ്രസ്ഥാനവുമായി അടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു. പി.കെ. വാസുദേവന്‍ നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ മുതലായവരുമായുള്ള സുഹൃദ്ബന്ധം പി.ജി.യെ കമ്യൂണിസവുമായി അടുപ്പിച്ചു. ഇക്കാലത്ത് പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയെ കാണാനും സംസാരിക്കാനുമിടയായി. ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കിയപ്പോഴേയ്ക്ക് പി.ജി. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. 1946ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. അച്ഛന്‍ പരമേശ്വരന്‍ പിള്ള ഉപരിപഠനത്തിനായി പി.ജി.യെ മുംബൈയിലെ വിഖ്യാതമായ സെന്റ് സേവ്യേഴ്‌സ് കോളേജിലേയ്ക്കയച്ചു. അവിടെ ബി.എ.(ഓണേഴ്‌സ്)ന് ചേര്‍ന്നു. ഇക്കാലത്തും പി.ജി. പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. കമ്യൂണിസ്റ്റ് സമരങ്ങളില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റ്‌ചെയ്യപ്പെട്ടു. പതിനാറു മാസത്തെ തടവുശിക്ഷയ്ക്കു ശേഷം പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ബിരുദപഠനം പൂര്‍ത്തിയാക്കാതെ പി.ജി. കേരളത്തില്‍ തിരിച്ചെത്തി.
തുടര്‍ന്ന് പി.ജി. കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു.1951ല്‍ പെരുമ്പാവൂരില്‍ നിന്ന് തിരു-കൊച്ചി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തഞ്ചാം വയസ്സില്‍ സി.പി.ഐ. സംസ്ഥാന സമിതി അംഗമായി. 1954ല്‍ പാര്‍ട്ടി പി.ജി.യെ ദല്‍ഹിയിലേയ്ക്കയച്ചു. അവിടെ വച്ച് ഇ.എം.എസ്., എ.കെ.ജി. എന്നിവരുമായി അടുത്ത് പ്രവര്‍ത്തിച്ചു. പാര്‍ട്ടി പ്രസിദ്ധീകരണമായിരുന്ന ന്യൂ ഏജ്‌ലും പ്രവര്‍ത്തിച്ചു. ഇതായിരുന്നു പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍. ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം 1957ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് പി.ജി. നിയമസഭാംഗമായി. ഇ.എം.എസ്.ന്റെ നേതൃത്വത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു. നിയമസഭയ്ക്കകത്തും പുറത്തും പി.ജി. പ്രവര്‍ത്തനനിരതനായിരുന്നു. വിമോചന സമരത്തെ തുടര്‍ന്ന് 1959ല്‍ നിയമസഭ പിരിച്ചുവിട്ടു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെട്ടു. പെരുമ്പാവൂരില്‍ നിന്ന് മത്സരിച്ച പി.ജി. കോണ്‍ഗ്രസിലെ കെ.എം.ചാക്കോയോട് പരാജയപ്പെട്ടു. 1960കളുടെ തുടക്കത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പി.ജി. വീണ്ടും ദല്‍ഹിയിലേയ്ക്ക് പോയി. പാര്‍ട്ടിയുടെ കീഴില്‍ പീപ്പിള്‍സ് പബ്‌ളിഷിംഗ് ഹൗസ്(പി.പി.എച്ച്)ല്‍ പ്രവര്‍ത്തിച്ചു.1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പി.ജി. സി.പി.ഐ(എം) ല്‍ നിലകൊണ്ടു. 1962ലെ ഇന്ത്യാചൈന യുദ്ധകാലത്ത് ചൈനാ ചാരന്‍മാര്‍ എന്ന പേരില്‍ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ട സി.പി.ഐ(എം) നേതാക്കളുടെ കൂട്ടത്തില്‍ പി.ജി.യും ഉണ്ടായിരുന്നു. ജയില്‍മോചിതനായ ശേഷം സി.പി.ഐ(എം) മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. 1967ല്‍ പെരുമ്പാവൂരില്‍ നിന്നു തന്നെ വീണ്ടും നിയമസഭാംഗമായി. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടപ്പോള്‍ ദേശാഭിമാനി എഡിറ്ററായിരിക്കെത്തന്നെ പാര്‍ട്ടിയുടെ കീഴില്‍ നടന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും മറ്റും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സി.പി.ഐ(എംഎല്‍) നേതാവായിരുന്ന കെ.വേണുവിന് അഭയം നല്‍കിയതിനെത്തുടര്‍ന്ന് പി.ജി. പാര്‍ട്ടിയുടെ അച്ചടക്ക നടപടികള്‍ക്ക് വിധേയനായി. തുടര്‍ന്ന് 1983ല്‍ അദ്ദേഹം ദേശാഭിമാനി എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞു.
1980കളുടെ മധ്യത്തോടെ പി.ജി. തിരുവനന്തപുരത്ത് എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലത്തു തന്നെ കേരള പ്രസ്സ് അക്കാദമി ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു.1987ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി. സിഡിറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ.എം.എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്ററാണ്. 2003ല്‍ മാധ്യമപ്രവര്‍ത്തകനായ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തില്‍ പാര്‍ട്ടിയെക്കുറിച്ചും ഇ.എം.എസിനെക്കുറിച്ചും വിമര്‍ശനാത്മകമായ ചില പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ പി.ജി.യെ പാര്‍ട്ടി പരസ്യമായി ശാസിച്ചു. അച്ചടക്കനടപടികളുടെ ഭാഗമായി അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തുകയും 'ഇ.എം.എസ്. സമ്പൂര്‍ണ്ണ കൃതികളു'ടെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്തു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ പി.ജി. മികച്ചൊരു ഗ്രന്ഥകാരനും വാഗ്മിയും കൂടിയാണ്. നിരവധി പുസ്തകങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരുടെ അനന്തരവളും കോളേജ് അദ്ധ്യാപികയുമായിരുന്ന എം.ജെ. രാജമ്മയാണ് ഭാര്യ. മാധ്യമപ്രവര്‍ത്തകരായ എം.ജി. രാധാകൃഷ്ണന്‍ (എഷ്യാനെറ്റ് ന്യൂസ്), ആര്‍. പാര്‍വതി ദേവി (പി.എസ്.സി അംഗം) എന്നിവരാണ് മക്കള്‍. മുന്‍ എം.എല്‍.എയും മുന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുമായ വി. ശിവന്‍കുട്ടിയാണ് മരുമകന്‍.
കൃതികള്‍
കേരളം ഇന്ത്യയിലെ ഒരധ:കൃത സംസ്ഥാനം(1968)
വീരചരിതയായ വിയറ്റ്‌നാം(1969)
ഇസങ്ങള്‍ക്കിപ്പുറം(1975)
വിപ്ലവപ്രതിഭ(1977)
ശാസ്ത്രം നൂറ്റാണ്ടുകളിലൂടെ(1980)
സാഹിത്യവും രാഷ്ട്രീയവും(1982)
ഭഗവദ് ഗീത, ബൈബിള്‍, മാര്‍ക്‌സിസം(1985)
മാര്‍ക്‌സും മൂലധനവും(1987)
മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും
സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത(1989)
സാഹിത്യം: അധോഗതിയും പുരോഗതിയും(1992)
ഇ.എം.എസും മലയാളസാഹിത്യവും(2006)
ഫ്രെഡറിക് എംഗല്‍സ്(2006)
വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരികചരിത്രം
ഗ്രാംഷിയന്‍ വിചാരവിപഌവം (ഇ.എം.എസുമായി ചേര്‍ന്ന്)
വിപ്‌ളവങ്ങളുടെ ചരിത്രം (സി.ഭാസ്‌കരനുമായി ചേര്‍ന്ന്)
പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
സ്വദേശാഭിമാനി പുരസ്‌കാരം
ശങ്കരനാരായണന്‍തമ്പി പുരസ്‌കാരം
പ്രസ് അക്കാദമി അവാര്‍ഡ്
Leave a Reply