ജോര്‍ജ് കെ. മണ്ണിക്കരോട്ട്
ജനനം: മെയ് 28, 1943
സ്ഥലം: പത്തനാപുരത്ത് പട്ടാഴി (കല്ലടയാറിനു വടക്കുഭാഗം)
പിന്നീട് പത്തനംതിട്ട ജില്ലയിലുള്ള കൈതപ്പറമ്പ് (ഏഴംകുളത്തിനടുത്ത്) എന്ന ചെറിയ ഗ്രാമത്തിലേക്കു മാറി.
പിതാവ്: മണ്ണിക്കരോട്ട് മത്തായി കൊച്ചുമ്മന്‍
മാതാവ് : മറിയമ്മ (കൈതറേത്ത്, കടമ്പനാട്)
കുടുംബപശ്ചാത്തലം
രണ്ടുപേരുടേയും പിതാക്കന്മാര് അദ്ധ്യാപകരായിരുന്നു. ധാരാളം ഭൂസ്വത്തുക്കളുള്ള കുടുംബങ്ങള്‍. കൃഷി രണ്ടുകുടുബങ്ങളിലും പ്രധാനമായിരുന്നു. കൃഷിയോടൊപ്പം മണ്ണിക്കരോട്ടുകാര് വേട്ട, കല്ലടയാറ്റിലെ കയങ്ങളില്‍ പോയി മീന്‍പിടിത്തം, ജ്യോതിഷം, അയുര്‍വ്വേദം, അടിതട, ഗുസ്തി എന്നിവയിലുമൊക്കെ പ്രസിദ്ധരായിരുന്നു. അന്നത്തെ രീതിയില്‍ വളരെ വലിയ നാലുകെട്ടും പടിപ്പുരയും ഒക്കെയായിട്ടായിരുന്നു കുടുംബവീട്.
തന്റെ പിതാവിന് ജന്മസിദ്ധമായി ലഭിച്ച ധാരാളം ഭൂമി ഉണ്ടായിരുന്നെങ്കിലും കൃഷിയേക്കാള്‍ കൂടുതല്‍ വ്യവസായത്തിലാണ് അദ്ദേഹം താല്പര്യം കാണിച്ചത്. പരിചയമില്ലാത്ത വ്യവസായമേഖല തിരഞ്ഞെടുത്തത് വാസ്തവത്തില്‍ പരാജയത്തിലേക്കുള്ള നീക്കമായിരുന്നുവെന്ന് അന്ന് അറിഞ്ഞിരുന്നില്ല. കാരണം നഷ്ടം നികത്താന്‍ ഭൂസ്വത്തുക്കള്‍ ധാരാളം ഉണ്ടായിരുന്നെന്നതു തന്നെ. ക്രമേണ കൃഷിഭൂമിയും വ്യവസായവും ഒരുപോലെ പിതാവിന്റെ കൈകളില്‍നിന്ന് വിട്ടകലുകയായിരുന്നു. എന്നാല്‍ എല്ലാ പരാജയവും മണ്ണിക്കരോട്ട് എന്ന കുടുംബപേരിന്റെ മറവില്‍ ഒളിഞ്ഞു.
അതോടൊപ്പം കുടുംബത്തിനെതിരേ വ്യവഹാരങ്ങളും കുറവല്ലായിരുന്നു. അന്ന് പട്ടാഴിയുടെ ഭരണം ദേവസ്വത്തിന്റെ ചുമതലയിലായിരുന്നു. അത് അടക്കി ഭരിച്ചിരുന്നത് കല്ലടയാറിന് തെക്കുള്ള നമ്പുമഠക്കാരായിരുന്നു. അവര്‍ക്കായിരുന്നു ചരിത്രപ്രസിദ്ധമായ പട്ടാഴി അമ്പലത്തിന്റെ ചുമതലയും. പട്ടാഴിക്കാര്‍ കരം കൊടുക്കേണ്ടതും അവര്‍ക്കായിരുന്നു. അങ്ങനെ അധികാരം ആറിന് തെക്കുള്ള നമ്പുമഠക്കാര്ക്കും സാമ്പത്തികശക്തിയും ആള്‍ശക്തിയും ഭൂസ്വത്തും ആറിന് തെക്കുള്ള മണ്ണിക്കരോട്ടുകാര്ക്കും. ഈ രണ്ടുശക്തികളുടെയും ഇടയില്‍ എന്നും ഒരുതരം ശീതസമരം കുടികൊണ്ടിരുന്നു. മണ്ണിക്കരോട്ടുകാര് നമ്പുമഠക്കാര്ക്ക് കരം കൊടുക്കുന്നതില്‍ വിമുഖത കാട്ടി. അത് പലപ്പോഴും കൂട്ടിമുട്ടലിലും അടിപിടിയിലും പിന്നെ വ്യവഹാരങ്ങളിലും കലാശിച്ചു.
വല്ല്യപ്പച്ചന് പ്രായമായതോടെ മണ്ണിക്കരോട്ട് കുടുംബത്തിന്റെ ചുമതല പിതാവിനെയാണ് ഏല്‍പ്പിച്ചത്. അതുകാരണം കേസുകള്‍ നടത്തേണ്ടതും അദ്ദേഹത്തിന്റെ ചുമലിലായി. എന്നാല്‍ പില്ക്കാലത്ത് കുടുംബം അദ്ദേഹത്തിന് ലഭിച്ചതുമില്ല. ഏറ്റവും മൂത്തത് നാല് സഹോദരിമാരായിരുന്നു. അന്നത്തെ സ്ത്രീധനവ്യവസ്ഥ കുടുംബസ്വത്തിന്റെ നല്ലൊരുഭാഗം കവര്‍ന്നെടുത്തു. അങ്ങനെ വ്യവഹാരം, പരാജയപ്പെട്ട കൃഷിയും വ്യവസായവും, തഴച്ചുനിന്ന സ്ത്രീധനവ്യവസ്ഥ എല്ലാംകൂടിയായപ്പോള്‍ പിതാവിന് ലഭിച്ച ഭൂസ്വത്തുക്കള്‍ കുട്ടിച്ചോറാകുകയായിരുന്നു. ഇളയവരായ സഹോദരങ്ങള്‍ക്ക് പ്രത്യേകിച്ച് കുടുംബത്തില്‍ ഏറ്റവും ഇളയവനായ തനിക്ക്, ഒരു സമയത്ത് മുറ്റത്ത് കളം നിറഞ്ഞുകവിഞ്ഞ് 'പവിഴക്കതിര്ക്കുലപോലെ' കൂട്ടിയിരുന്ന നെല്‍ക്കറ്റകളും അതിരുകാണാന് കഴിയാതെ നീണ്ടുപരന്നു കിടന്ന വസ്തുക്കളും ഓര്‍മ്മയായി.
ബാല്യം, കൗമാരം
അങ്ങനെ കൗമാരത്തില്‍, ബാല്യത്തിലെ സമൃര്ദ്ധിയുടെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് പലപ്പോഴും കഷ്ടപ്പാടിന്റെ കാഠിന്യം രുചിച്ചറിഞ്ഞിരുന്നു. അതോടൊപ്പം പഴയ പ്രാബല്യം വീണ്ടെടുക്കാനുള്ള ചിന്തയും എന്നില്‍ കുടികൊണ്ടു. മാത്രമല്ല, അപ്പോഴും പിതൃസഹോദരങ്ങളുടെ കുടുംബങ്ങള്‍ക്ക് കാലാനുസാരമായ മാറ്റങ്ങളിലൂടെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞിരുന്നു. കുടുംബത്തിലെ ആന്തരികമായ ഈ അന്തരവും എന്നില്‍ മാറ്റത്തിന്റെ ചിന്തയ്ക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കൗമാരം കടന്നുപോയത്.
പഠനം
പിതാവിന്റെ ശിക്ഷണത്തിലാണ് അക്ഷരാഭ്യാസം തുടങ്ങിയത്. ആദ്ധ്യാത്മിക കാര്യങ്ങളില്‍ മാതാവിന്റെ പ്രേരണയായിരുന്നു കൂടുതലും. അതുപോലെ പുരാണേതിഹാസങ്ങളെക്കുറിച്ചും അമ്മ അറിവ് പകര്‍ന്നു. എന്തൊക്കെയായാലും പിതാവ് നീണ്ടമണിക്കൂറുകള്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. കുടുംബത്തില്‍ കൃഷി, വ്യവസായം, ഹണ്ടിംഗ്, ഫിഷിംഗ് എന്നിവയൊക്കെയും ഉദ്യോഗതലത്തില്‍ ക്ലാര്‍ക്ക്, അദ്ധ്യാപകര്‍, എഞ്ചിനീയര്‍ന്മാര്‍ ഡോക്ടര്‍മാര്‍ ഒക്കെ ഉണ്ടായിരുന്നെങ്കിലും എഴുത്തുകാര്‍ അല്ലെങ്കില്‍ സാഹിത്യതലത്തില്‍ പ്രഗത്ഭരായ ആരും ഉണ്ടായിരുന്നില്ല.
പ്രൈമറി സ്കൂള്‍ പഠനം അടുത്തുള്ള ഒരു സ്കൂളിലായിരുന്നു. എനിക്ക് ശരിയായ ഓര്‍മ്മയുണ്ട്, അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പല പുതിയ മലയാളം വാക്കുകള്‍ക്കും അദ്ധ്യാപകര്‍ പ്രതീക്ഷിക്കാത്ത അര്‍ത്ഥവിവരണം ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. അതൊക്കെ പ്രയോഗമനുസരിച്ച് സ്വയം കണ്ടെത്തുന്നതായിരുന്നു. അതെല്ലാം ശരിയായിരുന്നുതാനും. എന്നാല്‍ അന്നൊന്നും എന്നില്‍ ഒരു എഴുത്തുകാരനുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. മിഡില്‍ സ്ക്കൂള് വിദ്യാഭ്യാസം ഏതാണ്ട് 3 നാഴിക അകലെയുള്ള സെന്റ് പോള്‍സ് ഇംഗ്ലീഷ് ഹൈസ്ക്കൂളിലായിരുന്നു.അവിടെ പ്രസംഗമത്സരം, ഉപന്യാസ മത്സരം, ഉപന്യാസവായന മുതലായവയ്ക്ക് ചേര്‍ന്നിരുന്നെങ്കിലും, മറ്റൊന്നും എഴുതിയിരുന്നില്ല.
8-ാം ക്ലാസ് കഴിഞ്ഞ് ഹൈസ്കൂളില്‍ പഠിക്കേണ്ട സമയമായപ്പോഴേക്കും പ്രൈവറ്റ് സ്കൂളായിരുന്ന സെന്റ് പോള്‍സിന്റെ ഹൈസ്ക്കൂള് വിഭാഗം നിറുത്തലാക്കി. അതുകൊണ്ട് ആറ്റിന് തെക്കേക്കരയില്‍ അമ്പലത്തിനടുത്തുള്ള ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ ചേര്‍ന്നു പഠിക്കേണ്ടിവന്നു. ഏതാണ്ട് അഞ്ചുമൈലിലേറെ അകലെയായിരുന്നു ഈ ഹൈസ്ക്കൂള്. നടന്നും വള്ളം കയറിയുമാാണ് പോകേണ്ടിയിരുന്നത്. ആറിന്റെ വടക്കെക്കരയില്നിന്നു പോകുന്ന എല്ലാവരും അങ്ങനെതന്നെയായിരുന്നു.
അവിടെവച്ച് ചുരുക്കമായി ചെറുകഥ എഴുതാന്‍ തുടങ്ങി. എന്നാല്‍ മലയാളത്തില്‍ ഞാന്‍ ലേഖനങ്ങള്‍ എഴുതാനിരിക്കുമ്പോള്‍ അറിയാതെ ആശയങ്ങളും അതിനൊത്ത ഭാഷയും ഒഴുകിക്കൊണ്ടിരുന്നു. അതുപോലെ ലേഖനങ്ങള്‍ ഉദ്ദേശിക്കാത്ത വിധത്തില്‍ നീണ്ടുപോകുകയും ചെയ്തിരുന്നു. അന്നും എന്നില്‍ ഒരു എഴുത്തുകാരനുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഹൈസ്കൂളില്‍ അവസാന പരീക്ഷയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് മലയാളത്തിനായിരുന്നു.
പഠിക്കുന്ന കാലത്ത് എന്റെ അതേ ക്ലാസില്‍ പഠിച്ചിരുന്ന മൂത്ത സഹോദരന് ഉറക്കമുണര്‍ന്നിരുന്ന് ധാരാളം പഠിക്കുമായിരുന്നു. ഞാന്‍ നേരേ മറിച്ചും. അതുകൊണ്ട് അതുവരെ ഓരോ ക്ലാസിലും തോല്‍ക്കാതെ പഠിച്ചുവെങ്കിലും ഫൈനലിന് ഞാന്‍ തോല്‍ക്കുമെന്ന് മാതാപിതാക്കളും മറ്റ് സഹോദരങ്ങളും വിധിയെഴുതിയതാണ്. എന്നാല്‍ ഓരോന്നിനെക്കുറിച്ചും ഏതാണ്ട് വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. ഏതായാലും എസ്.എസ്. എല്‍.സി. യ്ക്ക് ഞാന്‍ സെക്കന്‍ഡ് ക്ലാസില്‍ പാസ്സായി.
അതിനുശേഷം പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍ ചേര്‍ന്നു. എസ്.എസ്.എല്‍.സി. കഴിഞ്ഞുള്ള അവധിക്കാലത്ത് എന്റെ ഗ്രാമത്തില്‍ ഭാഷയോട് താല്പര്യമുള്ള രണ്ടുമൂന്നു പേര്‍കൂടി 'ഗ്രാമദീപം' എന്ന പേരില്‍ ഒരു കയ്യെഴുത്തു മാസിക തുടങ്ങി. അതില്‍ കഥകളും ലേഖനങ്ങളും എഴുതി. അക്കാലത്തെ നല്ല എഴുത്തുകാരേയും പ്രസാധകരേയും ഒക്കെ കേട്ടിട്ടുള്ളതല്ലാതെ നേരിട്ടറിയാനോ പരിചയപ്പെടാനോ കഴിഞ്ഞിട്ടില്ല. 'ഗ്രാമദീപ'ത്തിന് ചിലമാസങ്ങള്‍ മാത്രമെ ആയുസ്സുണ്ടായിരുന്നുള്ളു. അതില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഓരോ വഴിക്കുപോയി.
അപ്പോഴേക്കും എന്നില്‍ എങ്ങനെയെന്നറിയുന്നില്ല മലയാളത്തോടുള്ള താല്പര്യം ഏറിവന്നു. എങ്ങനെയെങ്കിലും മലയാളം കൂടുതല്‍ പഠിക്കണമെന്ന് ചിന്തയായി. അതിനായി പ്രൈവറ്റായി മലയാളം വിദ്വാന് പഠിക്കുന്നതിന് ചേര്‍ന്നു. ഒപ്പം സംസ്കൃതവും പഠിക്കാന്‍ തുടങ്ങി. ഈ സമയത്താണ് ഞാന്‍ മലയാളത്തില്‍ കൂടുതല്‍ കൃതികള്‍ വായിക്കാനിടയായത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്കൂളിലേക്കുവേണ്ട പുസ്തകങ്ങളേ വായിക്കാവു എന്നായിരുന്നു കുടുംബത്തിലെ നിഷ്കര്‍ഷ.
അക്കാലത്ത് കുടുംബാവസ്ഥയെക്കുറിച്ചും ഞാന്‍ ചിന്താധീനനായിരുന്നു. പിതാവിന് ഏഴ് സഹോദരന്മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ എന്റെ കൗമാരം മുതല്‍ ഞങ്ങളുടെ വീട്ടില്‍ മാത്രമാണ് കൂടുതല്‍ സമ്പത്തികപരാധീനത അനുഭവപ്പെട്ടിരുന്നത്. അതിന് ഒരു അന്ത്യമുണ്ടാകണമെന്നും കുടുംബത്തില്‍പ്പെട്ട മറ്റുള്ളവരെപ്പോലെയോ അതിലുപരിയോ എല്ലാം നേടിയെടുക്കണമെന്ന ചിന്തയും എന്നില്‍ ഉടലെടുത്തിരുന്നു.
അമേരിക്കയില്‍ എത്തിയ ശേഷം താമസിച്ചെങ്കിലും സൈക്കോളജിയില്‍ ബിരുദാനന്തരബിരുദമെടുത്തു.
ജോലി
ഈ അവസരത്തിലാണ് ഇന്ത്യയും ചൈനയുമായുള്ള യുദ്ധം തുടങ്ങിയത് (1962). യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ സൈന്യത്തില്‍ ചേര്‍ന്നാല്‍ കഴിവുള്ളവര്‍ക്ക് കമ്മിഷന് കിട്ടാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ ആര്‍മിയില്‍ ഓഫീസര്‍ ആകാന്‍ കഴിയുമെന്നും ഞാന്‍ മനസ്സിലാക്കി. അത് ആര്‍മിയില്‍ ചേരാനുള്ള ചിന്തയ്ക്ക് കാരണമായി. മാത്രമല്ല ഈ സമയത്ത് വടക്കെ ഇന്‍ഡ്യയില്‍ ഉത്തരപ്രദേശത്തിന്റെ തലസ്ഥാനമായ ലക്നൗവില്‍ പോകാന്‍ ഒരു അവസരമുണ്ടായി.അവിടെ ചെന്നാല്‍ സൈന്യത്തില്‍ ചേരാമെന്നും അത് കമ്മീഷന്റെ തുടക്കമാണെന്നും ഞാന്‍ ചിന്തിച്ചു. അങ്ങനെ 1962 അവസാനത്തോടെ ലക്നൗവിലേക്ക് തിരിച്ചു. എന്തായാലും അവിടെ എന്റെ കസിന്റെ സഹായത്തോടെ സൈന്യത്തില്‍ ചേരാന്‍ സാധിച്ചു.
ഉത്സാഹത്തോടെ സൈന്യത്തില്‍ ചേര്‍ന്നെങ്കിലും പട്ടാളരീതിയിലുള്ള പരിശീലനത്തിലെല്ലാം ഞാന്‍ പിന്നിലായിരുന്നു. അവിടെയും വായനയില്‍ താല്പര്യം കാണിച്ചു. അടിസ്ഥാന പരിശീലനത്തിനുശേഷം തുടര്‍ന്നുള്ള ജോലിക്കും പട്ടാളത്തില്‍ ആവശ്യമായ മറ്റു പഠനങ്ങള്‍ക്കുമായി രാജ്യത്തിന്റെ പലഭാഗത്തും പോകേണ്ടതായിവന്നു. ഈ അവസരത്തില്‍ ഞാന്‍ കമ്മീഷനുവേണ്ട പുസ്തകങ്ങള്‍ വായിക്കാനും പരിശീലനത്തിനും തുടങ്ങി. അതോടൊപ്പംതന്നെ കോളെജ് ഡിഗ്രി എങ്ങനെയെങ്കിലും പൂര്ത്തീകിരക്കണമെന്ന ആഗ്രഹവും ഉണ്ടായി. അതിന് പ്രൈവറ്റായി പഠിക്കാനും തുടങ്ങി.
കമ്മീഷന് ധാരാളം വായിക്കാനും പഠിക്കാനുമുണ്ട്. കൂടുതലും മനശ്ശാസ്ത്രപരമായ പരീക്ഷകളും പരീക്ഷണങ്ങളുമാണ്. അതിനുവേണ്ടി ധാരാളം പുസ്തകങ്ങള്‍ വായിച്ചു, പഠിച്ചു. മൂന്നു പ്രാവശ്യം കമ്മീഷനുവേണ്ടി സെലക്ഷന് ബോര്‍ഡുവരെ എത്താന്‍ കഴിഞ്ഞു. അവിടെവരെ എത്താന്‍ പല കടമ്പകള്‍ കടക്കേണ്ടതായിട്ടുണ്ട്. അതിന് താഴെയുള്ള മൂന്ന് സ്ഥലങ്ങളിലെ പരീക്ഷകളില്‍ ജയിച്ചിരിക്കണം. അതിനുശേഷമാണ് ബോര്‍ഡില്‍ എത്തുന്നത്. മനുഷ്യന്റെ അടിമുതല്‍ മുടിവരെ പരീക്ഷിക്കുന്ന ചോദ്യങ്ങളും പരീക്ഷണങ്ങളുമാണ്. അതുപോലെ ബുദ്ധിശക്തി തെളിയിക്കാനും സൈന്യത്തിന്വേണ്ട പ്രത്യേകമായ പരീക്ഷകളും പരീക്ഷണങ്ങളും വേറെയും. എല്ലാം ഞാന്‍ നന്നായി ചെയ്തുവെന്നാണ് കരുതുന്നത്.
ഇന്‍ഡ്യയില്‍ ഏതുകാര്യമായാലും ഒരു സെലക്ഷന് കിട്ടുകയെന്നത് ബുദ്ധിസാമര്ത്ഥ്യംകൊണ്ടു മാത്രമല്ലല്ലോ. മാത്രമല്ല വടക്കെ ഇന്‍ഡ്യയിലെ സൈനികാധികൃതരുടെ സ്വന്തക്കാരും ബന്ധക്കാരും നിറഞ്ഞ ഒരു പ്രസ്ഥാനത്താണ് മത്സരം. അതില്‍നിന്ന് എന്നെപ്പോലെ മറ്റ് പിന്‍ബലമില്ലാത്തവര്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ അത്ഭുതങ്ങള്‍ നടക്കണം. എന്തായാലും മൂന്നു പ്രാവശ്യം പോയിട്ടും എനിക്ക് സെലക്ഷന് കിട്ടിയില്ല. മൂന്നു പ്രാവശ്യം ബോര്‍ഡുവരെ പോകാന്‍ കഴിഞ്ഞതുതന്നെ വലിയ കാര്യം. എന്തായാലും കമ്മീഷന് കിട്ടുക എന്ന മോഹം എന്നെപ്പോലെയുള്ളവര്‍ക്ക് എത്ര ശ്രമിച്ചാലും എളുപ്പമല്ലെന്ന് ഞാന്‍ മനസ്സിലാക്കി.
ഇനിയും ആര്‍മിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നുതോന്നി. പിന്നീട് എങ്ങനെയെങ്കിലും അവിടം വിടണമെന്ന ചിന്തയായി. ആര്‍മി വിട്ടാല്‍ എന്തുചെയ്യുമെന്ന ചിന്ത വേറെയും. പിന്നീട് എങ്ങനെയെങ്കിലും അമേരിക്കയില്‍ കടന്നുകൂടണമെന്ന ആഗ്രഹവും ആശയവുമായിരുന്നു കൂടുതലും. അക്കാലത്ത് അമേരിക്കയില്‍ കുടുംബത്തില്‍പെട്ടവര്‍ ഉണ്ടായിരുന്നതും ഈ ചിന്തയ്ക്ക് ആക്കം കൂട്ടി. എന്നാല്‍ ആര്‍മി വിടുക എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. പട്ടാളത്തില്‍ പത്തുപതിനൊന്നു വര്‍ഷം പരിശീലനം കഴിഞ്ഞ, കഴിവുള്ള ഒരു ചെറുപ്പക്കാരന് ഡിസ്ചാര്‍ജ് കിട്ടുക ഏതാണ്ട് അസാധ്യമായിരുന്നു. അങ്ങനെയുള്ള ശ്രമം പാഴാകുകയായിരുന്നു പതിവ്. എന്തായാലും എനിക്ക് അതിനു കഴിഞ്ഞു എന്നുപറഞ്ഞാല്‍ മതിയല്ലോ. അങ്ങനെ 1974 എപ്രിലില്‍ ഞാന്‍ ആര്‍മി വിട്ടു. അതേവര്‍ഷം ആഗസ്റ്റില്‍തന്നെ അമേരിക്കയിലേക്ക് പറക്കുകയും ചെയ്തു.
എഴുത്തിന്റെ തുടക്കം
ആര്‍മിയില്‍ ഇരിക്കുമ്പോഴാണ് കൂടുതല്‍ എഴുതിയിട്ടുള്ളത്. ദീപിക വീക്കിലി, സിനിമാ മാസിക മുതലായ ആനുകാലികങ്ങള്‍ വരുത്തി വായിക്കുകയും അവയില്‍ ചെറുകഥ, ചെറിയ ലേഖനങ്ങള്‍, അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ മുതലായവ എഴുതിയിരുന്നു.
1960-പതുകളുടെ ഉത്തരാര്‍ദ്ധത്തില്‍ ഞാന്‍ പഞ്ചാബിലെ അമൃത്സറില് ആയിരിക്കുമ്പോള്‍ ഒരു മലയാളി കുടുംബത്തിനുണ്ടായ അനുഭവം എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഈ അനുഭവം എന്നെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചു. ഞാന്‍ എഴുതാന്‍ തുടങ്ങി. പണത്തിന്റെ ഏറ്റക്കുറച്ചില്‍ കാരണം സ്വന്തം ബന്ധുക്കളാല്‍ അവഗണിക്കപ്പെട്ട ഒരു ചെറുപ്പക്കാരന് പട്ടാളത്തില്‍ ചേരുന്നതും അവിടെ നിന്ന് കമ്മീഷന് ലഭിച്ച് ഓഫീസര്‍ ആകുന്നതും, യുദ്ധത്തില്‍ അയാളുടെ സാഹസങ്ങളും വിജയങ്ങളുമൊക്കെ ചേര്‍ത്ത് അതൊരു വലിയ നോവല്‍ ആകുകയായിരുന്നു. അതില്‍ എന്റെ സ്വപ്നങ്ങളും ധാരാളമായി കടന്നു കൂടിയിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട പട്ടണങ്ങളും അതൃത്തി പ്രദേശങ്ങളും എല്ലാം ഈ നോവലിന്റെ ഭാഗമായിട്ടുണ്ട്. അതോടൊപ്പം ചില ചൈനാക്കാരെയും കഥാപാത്രങ്ങളാക്കി. ഏതാണ്ട് അഞ്ഞൂറുപേജുള്ള ഒരു വലിയ നോവല്‍. അതിന് ഞാന്‍ 'അഗ്നിയുദ്ധം' എന്ന പേരുകൊടുത്തു. നാട്ടില്‍ പണത്തിന്റെ ഏറ്റക്കുറച്ചില്‍ കാരണം ഉലയുന്ന ബന്ധങ്ങളും പട്ടാളജീവിതവും ഇന്ത്യാ-ചൈനായുദ്ധവും ഇവിടെ അഗ്നിയുദ്ധമായി മാറുകയായിരുന്നു.
അത് എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്ക് വലിയ കൃതികള്‍ എഴുതാമെന്ന തോന്നലുണ്ടായി. അങ്ങനെ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ എന്റെ മനസ്സില്‍ ചെറുപ്പം മുതലേ കുടികൊണ്ടിരുന്ന ചില അനുഭവങ്ങള്‍ നോവല്‍ രൂപത്തില്‍ എഴുതാന്‍ തുടങ്ങി.
എന്റെ ഗ്രാമത്തില്‍ ധാരാളം പാവപ്പെട്ടവരുണ്ടായിരുന്നു. പട്ടിണിയെങ്കിലും പണിയെടുക്കാതെ വെറുതെ നടക്കുന്നവരായിരുന്നു പുരുഷന്മാരില് ഏറിയപങ്കും. വീടിന്റെ എല്ലാ ചുമതലകളും സ്ത്രീകള്‍ക്കും. കുട്ടികള്‍ക്ക് ഭക്ഷണത്തിന് വകയുണ്ടാക്കണം, വസ്ത്രംവേണം, പഠിപ്പിക്കണം. അങ്ങനെ ഓരോന്നും. അതും ഓരോ വീട്ടിലും ധാരാളം കുട്ടികളും. അതോടൊപ്പം രാവിലെ മുതല്‍ വെറുതെനടന്ന് വീട്ടിലെത്തുന്ന ഭര്‍ത്താവിന് ഭക്ഷണം റെഡിയായിരിക്കണം. വൈകിട്ട് മദ്യപാനവും കഴിഞ്ഞ് അയാള്‍ എത്തുമ്പോള്‍ വീട്ടില്‍ കലഹവും ഭാര്യയെ കാര്യമില്ലാതെ ഉപദ്രവിക്കലും. ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് എപ്പോഴും വേദനയും കണ്ണുനീരും പട്ടിണിയും മാത്രം.
അതോടൊപ്പം സ്ത്രീധനത്തിന് വകയില്ലാത്തതിനാല്‍ വിവാഹം നടക്കാതെ പുരനിറഞ്ഞു നില്ക്കുന്ന പെണ്മക്കള്. അങ്ങനെ അവിവാഹിതരായ പെണ്മക്കള് അമ്മയുടെ മനസ്സില്‍ എരിയുന്ന നെരിപ്പോടായി മാറുകയാണ്. ഈ പെണ്‍കുട്ടികള്‍ വീടുകളില്‍ വേണ്ടാത്ത വസ്തുക്കളായി കഴിയേണ്ടിവന്നിരുന്നു. ഇല്ലാത്ത കാര്യങ്ങള്‍ക്കുപോലും അവര്‍ കുറ്റക്കാരായിതീരുന്നു. മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത അവര്‍ക്കും കണ്ണുനീര്‍മാത്രമാണ് മിച്ചം. അതാണ് 'ജീവിതത്തിന്റെ കണ്ണീര്' എന്ന പേരില്‍ പ്രസിദ്ധീകരിച്ച അമേരിക്കയിലെ ആദ്യത്തെ മലയാളം നോവല്‍.
വടക്കെ ഇന്‍ഡ്യയില്‍ ആയിരുന്ന കാലത്ത് പ്രസിദ്ധീകരണക്കാരെയോ, എങ്ങനെയാണ് പ്രസിദ്ധീകരിക്കേണ്ടതെന്നോ അറിഞ്ഞിരുന്നില്ല. മാത്രമല്ല, കമ്മീഷനുവേണ്ടിയുള്ള പഠിത്തവും ഈ അവസരത്തില്‍ നടന്നുകൊണ്ടിരുന്നു. കമ്മീഷന് ലഭിക്കുകയില്ലെന്നു മനസ്സിലായ 1970-കളുടെ പൂര്‍വ്വാര്‍ദ്ധത്തില്‍ ആര്‍മി വിടാനും അമേരിക്കയില്‍ കുടിയേറാനുമുള്ള ശ്രമവും നടക്കുന്നുണ്ടായിരുന്നു. ഈ പ്രശ്നങ്ങള്‍ക്കിടയില്‍ പ്രസിദ്ധീകരണം ഒരു പ്രശ്നമല്ലാതായി.
1972 മെയ് 28-നാണ് ഞാന്‍ വിവാഹം കഴിച്ചത്. അമേരിക്കയില്‍ എത്തുന്നതിനുമുമ്പ് രണ്ട് കുട്ടികളുമുണ്ടായിരുന്നു. അമേരിക്കയില്‍ എത്തിയതിനുശേഷം അവരെകൊണ്ടുവരുന്നതിലും അവിടെ നിലയുറപ്പിക്കുന്നതിലുമായിരുന്നു കൂടുതല്‍ ശ്രദ്ധ. ഈ കാലയളവിലെല്ലാം എഴുത്തിനെപ്പറ്റി ചിന്തിച്ചതേയില്ല.
അമേരിക്കയില്‍
അമേരിക്കയില്‍, ന്യൂയോര്‍ക്കിലാണ് ഞാന്‍ ആദ്യം എത്തുന്നത്. അവിടെ ഏതാണ്ട് ഏഴുവര്‍ഷം താമസിച്ചു. എന്നാല്‍ ന്യൂയോര്‍ക്കിലെ ശൈത്യം കുട്ടികളുടെ ആരോഗ്യത്തിന് നല്ലതായിരുന്നില്ല. അതുകൊണ്ട് 1980-ഡിസംബറില്‍ ഹ്യൂസ്റ്റനിലേക്ക് താമസം മാറ്റി. പിന്നീട് ഹ്യൂസ്റ്റനില്‍ വച്ചാണ് സാമൂഹ്യ- സാംസ്കാരിക-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. മുമ്പ് ന്യൂയോര്ക്കിലായിരുന്നെങ്കിലും സിറ്റിയില്‍നിന്ന് ഏതാണ്ട് 100 മൈല്‍ അകലെ വടക്കു പടിഞ്ഞാറുള്ള മോന്ടിസെല്ലൊ എന്ന ചെറിയ നഗരത്തിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെവച്ചാണ് ഞങ്ങളുടെ ഇളയ കുട്ടി ജനിച്ചത്. അവിടെ ഏഴോ എട്ടോ മലയാളികുടുംബങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് സാമൂഹ്യ -സാംസ്ക്കാരിക സംഘടനയോ സംഘടനകളോ സാഹിത്യപ്രവര്ത്തനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.
ഹ്യൂസ്റ്റനിലെ മലയാളി സംഘടനയായിരുന്നു കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്. 1980 ഡിസംബറിലാണ് ഞാന്‍ ഹ്യൂസ്റ്റനില്‍ എത്തിയതെങ്കിലും അടുത്ത വര്‍ഷംതന്നെ (1981) കെ.സി.എ.യുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മാറ്റൊലി'യുടെ ചീഫ് എഡിറ്ററായി എന്നെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണ് എന്നെ അതിന് തിരഞ്ഞെടുത്തതെന്ന് എനിക്ക് ഇന്നും അജ്ഞാതമാണ്. എന്തായാലും ഞാന്‍ അതിന്റെ മുഖ്യപത്രാധിപരായശേഷം മാറ്റൊലിയ്ക്ക് വളരെ മാറ്റങ്ങള്‍ വരുത്തി. അതുവരെ കേവലം മുന്നു നാലു പേജുകളില്‍ വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ചിരുന്നത്, വിപുലീകരിച്ച് നാട്ടിലെ ഒരു വീക്കിലിയുടെ മട്ടിലാക്കി മാറ്റിയെടുത്തു. അതോടൊപ്പം അതില്‍ ലേഖനങ്ങളും കഥകളും എഴുതാനും തുടങ്ങി. ഇത് എന്നെ വീണ്ടും എഴുത്തിന്റെ പാതയിലേക്ക് നയിക്കുകയായിരുന്നു.
അപ്പോള്‍ ഞാന്‍ ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് എഴുതിയിരുന്ന നോവലുകളെക്കുറിച്ച് വീണ്ടും ചിന്തിച്ചു. അന്ന് ആ കയ്യെഴുത്തു പ്രതികള്‍ നാട്ടിലായിരുന്നു. അടുത്ത പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അതെല്ലാം തിരികെ കൊണ്ടുവന്നു.'ജീവിതത്തിന്റെ കണ്ണീര്' വീണ്ടും തിരുത്തിയെഴുതി. അത് 1982-ല്‍ സ്വന്തമായി പ്രസിദ്ധീകരിച്ചു. 'അഗ്നിയുദ്ധ'മാണ് ഞാന്‍ ആദ്യമായി എഴുതിയതെങ്കിലും, ജീവിതത്തിന്റെ കണ്ണീരാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിന് എനിക്കു തോന്നിയ കാരണം ചെറുപ്പം മുതലേ എന്നില്‍ കുടികൊണ്ട എന്റെ ഗ്രാമത്തിന്റെ അനുഭവങ്ങളും, ആ ഗ്രാമത്തിന്റെ സ്പന്ദനങ്ങളും ആ കൃതിയിലായിരുന്നുവെന്നുള്ളതാണ്. എങ്കിലും അതില്‍ എന്റെ ഭാവനയും ആശയങ്ങളും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. അഗ്നിയുദ്ധത്തിന്റെ ആശയം അതിനുശേഷമാണ് ഉണ്ടായത്.
ആദ്യപ്രസിദ്ധീകരണം
1982-ല്‍ ഞാന്‍ ജീവിതത്തിന്റെ കണ്ണീര് പ്രസിദ്ധീകരിക്കുമ്പോള്‍ അമേരിക്കയില്‍ മലയാളി എഴുത്തുകാര്‍ ഉണ്ടോ എന്നുതന്നെ അറിഞ്ഞിരുന്നില്ല. എന്നാല്‍ അന്ന് രണ്ട് മാസികകള്‍ ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. പ്രഭാതവും അശ്വമേധവും. അതില്‍ വളരെ ചുരുക്കമായി അമേരിക്കന്‍ മലയാളികളില്‍നിന്ന് ലേഖനക്കുറിപ്പുകള്‍ കണ്ടിട്ടുണ്ട്. അത്രമാത്രം. എന്തായാലും അമേരിക്കയിലെ ആദ്യത്തെ മലയാളം നോവലാണ് 1982-ല്‍ ഞാന്‍ പ്രസിദ്ധീകരിച്ച 'ജീവിത്തിന്റെ കണ്ണീര്'. ഈ കൃതി 1987-ല്‍ കേരളത്തില്‍ നാഷണല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ചു. അക്കാലത്ത് ഒരു തുടക്കക്കാരന്റെ കൃതി നാഷണല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിക്കുന്നത് അക്കാഡമി അവാര്‍ഡിനു തുല്യമായിരുന്നുവെന്നുള്ളതാണ്.
അതിനുശേഷം അഗ്നിയുദ്ധം തിരുത്തി എഴുതി. 1989-ല്‍ നാഷണല്‍ ബുക്സ്റ്റാള്തന്നെ പ്രസിദ്ധീകരിച്ചു. അന്നും അമേരിക്കയില്‍ വളരെ ചുരുക്കം മലയാളി എഴുത്തുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല അതിനുമുമ്പായി അതായത് എന്റെ ജീവിതത്തിന്റെ കണ്ണിരിനു ശേഷം അഗ്നിയുദ്ധംവരെ കേവലം മറ്റൊരു നോവല്‍കൂടി മാത്രമേ അമേരിക്കയില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളൂ.
അതിനുശേഷം ചെറുകഥകള്‍ എഴുതുന്നതിലാണ് കൂടുതല്‍ താല്പര്യം കാണിച്ചത്. അതിന്റെ ഫലമായി രണ്ട് ചെറുകഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. അതോടൊപ്പംതന്നെ 'കേരളനാദം' എന്ന പേരില്‍ ഒരു വാര്‍ത്താ-സാഹിത്യ മാസികയും തുടങ്ങി. അമേരിക്കയിലെ മലയാളികളില്‍നിന്ന് വളരെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രസിദ്ധീകരണമായിരുന്നു അത്.
അതോടൊപ്പംതന്നെ സാമൂഹ്യ-സാംസ്ക്കാരിക-സാഹിത്യ-ആത്മീയ പ്രസ്ഥാനങ്ങളിലും പ്രവര് ത്തിക്കാന് തുടങ്ങി. പല സംഘടനകളിലും ചെയര്മാന്, പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അവാര്‍ഡ് നൈറ്റ്, മിസ് കേരളാ പാജന്റ് മുതലായ പല വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് വന്‍ വിജയമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ അമേരിക്കയില്‍ ഭാഷയുടെ ബോധവത്ക്കരണത്തിനും വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും വേണ്ടി 'മലയാളം സൊസൈറ്റി ഓഫ് അമേരിക്ക' എന്ന സംഘടന സ്ഥാപിച്ച് അതിന്റെ പ്രസിഡന്റായി തുടരുന്നു. അതോടൊപ്പം മലയാളി പ്രസ് കൗണ്‍സിലിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.
ആരും എന്നെ പ്രത്യേകിച്ച് സ്വാധീനിച്ചിട്ടില്ല. എല്ലാവരോടും എനിക്ക് സ്നേഹമുണ്ട്. എല്ലാവരേയും ദൈവസൃഷ്ടിയായി കാണുന്നു. എന്നാല്‍ നല്ലവര്‍ എന്നു തോന്നുന്നവരോട് കൂടുതല്‍ സ്നേഹവും ബഹുമാനവും തോന്നും. എന്നേക്കാള്‍ കഴിവുള്ളവരോടും എഴുതുന്നവരോടും എനിക്ക് ആദരവുണ്ട്. അവരുടെ ആശയങ്ങളും രീതികളുമൊക്കെ ശ്രദ്ധയോടെ മനസ്സിലാക്കാന്‍ ശ്രമിക്കും. എന്തുചെയ്യുന്നതിലും എഴുതുന്നതിലും എന്റേതായ രീതി വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. മാത്രമല്ല, എന്തുചെയ്യുന്നതിലും വ്യത്യസ്തത ഉണ്ടായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. എവിടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, അവിടെയെല്ലാം അനുകരണമല്ലാത്ത മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതുപോലെ ആരുതന്നെയായാലും വിഡ്ഢിത്തങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എനിക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അതിനെതിരെ പ്രതികരിക്കും. എല്ലാ കാര്യങ്ങളും വളരെ നിയന്ത്രണത്തില്‍ വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എന്തുചെയ്യുന്നതും ശരിയായി ആലോചിച്ച് തീരുമാനിച്ച് ശരിയായ പദ്ധതിയോടെ വേണം ചെയ്യാന്‍. മാത്രമല്ല, ചെയ്യുന്ന കാര്യങ്ങള്‍ അതിന്റേതായ ശ്രേഷ്ഠതയില്‍ വേണം ചെയ്യാന്‍. അല്ലാതെ എങ്ങനെയെങ്കിലും അങ്ങുനടക്കും, അല്ലെങ്കില്‍ അതൊക്കെ മതി, അതുമല്ലെങ്കില്‍ 'മലയാളികള്‍ക്കിതു മതി' എന്ന രീതിയില്‍ ചെയ്യുന്നത് എനിക്ക് സഹിക്കാന്‍ കഴിയുന്നതല്ല. എന്തുചെയ്യുന്നതിലും സ്വന്തമായ ഒരു രീതി ഉണ്ടായിരിക്കണം. ഇതൊക്കെ എന്റെ ചില രീതികള്‍ എടുത്തു പറഞ്ഞെന്നു മാത്രം.
പ്രധാന കൃതികള്‍
1. ജീവിതത്തിന്റെ കണ്ണീര് (നോവല്‍- 1982, 87, 2004)
(അമേരിക്കയിലെ ആദ്യ മലയാളം നോവല്‍)
2. അഗ്നിയുദ്ധം (നോവല്‍- 1989, 2004)
3. അമേരിക്ക (നോവല്‍- 1994, 95, 2008)
4. മൗനനൊമ്പരങ്ങള്‍ (ചെറുകഥകള്‍ 1991)
5. അകലുന്ന ബന്ധങ്ങള്‍ (ചെറുകഥകള്‍ 1993)
6. ബോധധാര (ഉപന്യാസങ്ങള്‍ 1999)
7. അമേരിക്കയിലെ മലയാളസാഹിത്യചരിത്രം (ചരിത്രം- 2007)
8. ഉറങ്ങുന്ന കേരളം (ലേഖനങ്ങള്‍)
9. മാറ്റമില്ലാത്ത മലയാളികള്‍ (ലേഖനങ്ങള്‍)
കൂടാതെ അമേരിക്കയിലെയും കേരളത്തിലെയും ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പതിവായി എഴുതുന്നുണ്ട്. എന്റെ പല ലേഖനങ്ങളും സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട പല സുവനീര്‍ ഗ്രന്ഥങ്ങളുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു. പല കൃതികള്‍ക്കും അവതാരികയും അഭിപ്രായങ്ങളും എഴുതിയിട്ടുണ്ട്. (തുടര്‍ന്നും എഴുതിക്കൊണ്ടിരിക്കുന്നു.)
യാത്രകള്‍
ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളും പ്രധാനപ്പെട്ട പട്ടണങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.
മറ്റ് രാജ്യങ്ങള്‍- നേപ്പാള്‍, ഭൂട്ടാന്, യു.എസ്.എ, മെക്സിക്കോ, കാനഡ, ഇറ്റലി (റോം, അസ്സീസി, ഫ്ളോറന്‍സ്, വെനീസ്), ഇസ്രയേല്‍, ഈജിപ്റ്റ്, സ്പെയിന്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സിലോണ്‍, സിംഗപ്പൂര്‍, മലേഷ്യ. ഇനിയും പല രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ട്.
പുരസ്കാരങ്ങള്‍
1. മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ അവാര്‍ഡ് (1991)
2. ആദ്യത്തെ ഫൊക്കാന സാഹിത്യ അവാര്‍ഡ് (1992)
3. ഫൊക്കാന എഡിറ്റോറിയല്‍ അവാര്‍ഡ് (1996)
4. വിശാല കൈരളി അവാര്‍ഡ് (1997)
5. കോഴിക്കോട് ഭാഷാസമന്വയവേദി അവാര്‍ഡ് (2005)
6. ക്രിസ്റ്റ്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന് അവാര്‍ഡ് 2006
7. ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ് (2008)
മലയാളി സംഘടനകളില്‍നിന്നും മറ്റും വേറെയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Leave a Reply Cancel reply