പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ജോസഫ് ഇടമറുക്.(ജനനം: സെപ്റ്റംബര്‍ 7, 1934  മരണം: 29 ജൂണ്‍ 2006) ഇടമറുക് എന്ന പേരില്‍ പൊതുവേ അറിയപ്പെടുന്നു. കോട്ടയം, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങള്‍. ഇടുക്കി ജില്ലയിലുള്ള ഒരു യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തില്‍ 1934ല്‍ ജനിച്ചു. പിന്നീട് ആ കുടുംബം യാക്കോബായ സഭയിലേക്ക് മാറി. ചെറുപ്പത്തിലേ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന ഇടമറുക് പത്തൊമ്പതാമത്തെ വയസില്‍ 'ക്രിസ്തു ഒരു മനുഷ്യന്‍' എന്ന പുസ്തകം എഴുതിയതിനെത്തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഈഴവ സമുദായത്തില്‍ ജനിച്ച സോളിയെ 1954ല്‍ വിവാഹം കഴിച്ചതോടെ അദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി. തൊടുപുഴയില്‍ നിന്നും 'ഇസ്‌ക്ര' (തീപ്പൊരി) എന്ന മാസിക ഇക്കാലയളവില്‍ പുറത്തിറക്കി.മാര്‍ക്‌സിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്രകമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. മലനാട് കര്‍ഷക യൂണിയന്‍ സെക്രട്ടറിയുമായിരുന്നു. 1955ല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചു.1957 മുതല്‍ 1970 വരെ മനോരമ ഇയര്‍ബുക്കിന്റെ പത്രാധിപരായിരുന്നു. വിളംബരം, തേരാളി, യുക്തി എന്നീ യുക്തിവാദ മാസികളില്‍ സജീവമായി പ്രവര്‍ത്തിച്ചു. തേരാളി മാസിക, പുത്രനായ സനല്‍ ഇടമറുകിന്റെ പത്രാധിപത്യത്തില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.
1971ല്‍ കേരളഭൂഷണം അല്‍മനാക്ക്, മനോരാജ്യം, കേരളഭൂഷണം, കേരളധ്വനി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. 1977ല്‍ എറൌണ്ട് ഇന്ത്യ എന്ന ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായി. അതേ വര്‍ഷം തന്നെ കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ഡല്‍ഹി ലേഖകനായി.
    1956ല്‍ കോട്ടയം കേന്ദ്രമാക്കി യുക്തിവാദസംഘം രൂപീകരിക്കുന്നതിന് മുന്‍കൈയെടുത്തു. കേരള യുക്തിവാദി സംഘത്തിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള മിശ്രവിവാഹ സംഘം ജനറല്‍ സെക്രട്ടറി, ഡല്‍ഹി യുക്തിവാദി സംഘം പ്രസിഡണ്ട്, ലോക നാസ്തിക സംഘം വൈസ് പ്രസിഡണ്ട്, ഇന്ത്യന്‍ യുക്തിവാദി സംഘം വൈസ്പ്രസിഡണ്ട്, റാഷണലിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഓണററി അസോസിയേറ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1978ലെ അന്താരാഷ്ട്ര എതീസ്റ്റ് അവാര്‍ഡ് ലഭിച്ചു.

പ്രധാനകൃതികള്‍

    ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല
    ഉപനിഷത്തുകള്‍ ഒരു വിമര്‍ശനപഠനം
    ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം
    ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം
    യുക്തിവാദരാഷ്ട്രം
    കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍ (തര്‍ജമ)
    കൊടുങ്കാറ്റുയര്‍ത്തിയ കാലം ആത്മകഥ

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം