മുന്‍ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാസാഹിത്യ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകന്‍, കലാകാരന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1920 ജൂണ്‍ 8 ന് കൊല്ലം ജില്ലയില്‍ കല്ലുവാതുക്കല്‍ കരിമ്പാലൂര്‍ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടില്‍ അപ്പിയമ്മയുടെയും മകനായി ജനിച്ചു. ചാത്തന്നൂര്‍, പരവൂര്‍ സ്‌കൂളുകള്‍, തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, മധുര അമേരിക്കന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1951ല്‍ എറണാകുളം ലോ കോളെജില്‍ നിന്നും നിയമ ബിരുദം നേടി. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും കലാസാഹിത്യ മേഖലകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ആത്മകഥയായ 'എന്റെ ജീവിതം' എന്ന കൃതിക്ക് 2006ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
ജനാര്‍ദ്ദനക്കുറുപ്പായിരുന്നു 1952 മുതല്‍ 1959 വരെ കെ.പി.എ.സിയുടെ സ്ഥാപക പ്രസിഡന്റ്. കൊല്ലത്ത് അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 1967ല്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് സീനിയര്‍ പ്ലീഡറായി നിയമിതനായെങ്കിലും 1970ല്‍ തല്‍സ്ഥാനം രാജി വച്ചൊഴിഞ്ഞു. പിന്നീട് കൊല്ലം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജിതനായി. 1977മുതല്‍ എറണാകുളത്ത് താമസമാരംഭിക്കുകയും ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങുകയും ചെയ്തു. രണ്ടാം മാറാട് കലാപക്കേസ് ഉള്‍പ്പെടെ അഞ്ഞൂറിലധികം കേസുകള്‍ ജനാര്‍ദ്ദനക്കുറുപ്പ് വാദിച്ചിട്ടുണ്ട്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തില്‍ ജനാര്‍ദ്ദനക്കുറുപ്പാണ് ജന്മി കേശവന്‍നായരുടെ വേഷം അവതരിപ്പിച്ചത്.
ഭാര്യ:ശ്രീദേവിയമ്മ, മക്കള്‍: ലീല, അംബിക, ഡോ. ശാരദ, ഡോ. അംബുജം, പങ്കജം. 2011 മാര്‍ച്ച് 25  ന് എറണാകുളം നഗരത്തില്‍ കലൂരിലെ വസതിയില്‍ വച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു.