ജോസ് എന്‍.കെ. (ദളിത്ബന്ധു)
സാമൂഹ്യചരിത്ര രചയിതാവ്, ദളിത് ക്രൈസ്തവ ചരിത്ര പണ്ഡിതന്, കേരളഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു എന്‍.കെ.ജോസ്. ജനനം 1929ല്‍ വൈക്കം താലൂക്കിലെ വെച്ചൂരില്‍. നമ:ശിവായം എന്ന പേരുള്ള കത്തോലിക്കാകുടുംബത്തിലെ കുര്യന്-മറിയാമ്മ ദമ്പതികളുടെ മകന്. തേവര സേക്രഡ് ഹാര്‍ട്ട്സ്, സെന്റ് ആല്‍ബര്‍ട്സ് എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. പഠനകാലത്ത് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ തല്പരനായിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പര്‍ക്കം. ഇരുപത്തിമൂന്നാം വയസ്സില്‍ 'മുതലാളിത്തം ഭാരതത്തില്‍' എന്ന ആദ്യ ഗ്രന്ഥം രചിച്ചു. വാര്‍ദ്ധയിലെ ഗാന്ധി ആശ്രമത്തില്‍ ഗാന്ധിയന്‍ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏര്‍പ്പെട്ടു. പില്ക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശിതമായി വിമര്‍ശിച്ചു. റാം മനോഹര്‍ ലോഹ്യ, വിനോബ ഭാവേ, ജയപ്രകാശ് നാരായണ്‍ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു രാഷ്ട്രീയ ഗുരുക്കന്മാര്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പക്ഷത്തുനിന്നും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും മാറി. കേരള കത്തോലിക്ക കോണ്‍ഗ്രസ്സില്‍ പല പദവികള്‍ വഹിച്ചു. 1983ല്‍ കത്തോലിക്കാ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും വിടവാങ്ങി മുഴുവന്‍സമയ ദളിത് ചരിത്രഗവേഷകനായി. പ്രധാനമായും രണ്ട് പരമ്പരകളായാണ് അദ്ദേഹത്തിന്റെ കൃതികളെ തിരിച്ചിട്ടുള്ളത്-നസ്രാണി സീരീസ്, ദളിത് സിരീസ് എന്നിങ്ങനെ. കേരള ക്രൈസ്തവര്‍ ബ്രാഹ്മണരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്തവരാണ് എന്നത് സഭാനേതാക്കന്മാരുടെ സങ്കല്‍പ്പസൃഷ്ടി മാത്രമാണെന്ന് ജോസ് വാദിച്ചു. പുരാതന കേരളത്തിലെ ജൂതന്മാരില് നിന്നാണ് നസ്രാണികളുടെ ഉല്‍ഭവം എന്ന പുത്തന്‍ ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു ആ പരിവര്‍ത്തനങ്ങള്‍. നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് കേരളത്തിലെ ആര്യപ്രവേശം. അപ്പോള്‍ മാത്രമാണ് ജാതി ഉണ്ടായത്. ജാതിവ്യവസ്ഥയില്‍ നിന്നും മോചനം ലഭിക്കാന്‍ ദളിത്, അവശ വിഭാഗങ്ങള്‍ സംഘടിതമായി ക്രൈസ്തവമതം സ്വീകരിച്ചതായി ജോസ് എഴുതി.
ദളിത് പഠനങ്ങള്‍ക്കും, ദളിത്ചരിത്ര രചനകള്‍ക്കും നല്കിയ സംഭാവനകള്‍ മാനിച്ച് 1990ല്‍ ദളിത് സംഘടനകള്‍ ദളിത്ബന്ധു എന്ന ബഹുമതി നല്കി.
ആധുനിക കേരളചരിത്രം പഞ്ചലഹളകളുടെ ചരിത്രവും തുടര്ച്ചയുമാണെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സിദ്ധാന്തം. പുലയ ലഹള, ചാന്നാര്‍ ലഹള, മാപ്പിള ലഹള, വയലാര്‍ ലഹള, വൈക്കം സത്യാഗ്രഹം എന്നിവയാണ് ജോസ് പറയുന്ന പഞ്ച ലഹളകള്‍.
കൃതികള്‍
ദളിത് സിരീസ്
ചാന്നാര്‍ ലഹള
പുലയലഹള
ക്ഷേത്ര പ്രവേശന വിളംബരം
വൈക്കം സത്യഗ്രഹം ഒരു പ്രഹേളിക
ശിപായി ലഹള ഒരു ദളിത് മുന്നേറ്റം
വേലുത്തമ്പി ദളവ
ദിവാന് മണ്‍റൊ
അംബേദക്കര്‍
മഹാനായ അയ്യങ്കാളി
വൈകുണ്ഠ സ്വാമികള്‍
ജ്യോതി റാവു ഫൂലെ
കേരള പരശുരാമന് പുലയ ശത്രു
ക്രൈസ്തവ ദളിതര്‍
അംബേദ്ക്കറും മനുസ്മൃതിയും
ഗാന്ധി ഗാന്ധിസം ദളിതര്‍
ഗാന്ധിവധം ഒരു പുനര്‍വായന
വാല്മീകി ഒരു ബൗദ്ധനോ?
കറുത്ത അമേരിക്ക
കറുത്ത കേരളം
നസ്രാണി സിരീസ്
ആദിമ കേരള ക്രൈസ്തവരുടെ ആരാധന ഭാഷ
അര്‍ണോസ് പാതിരി
ക്നായിത്തൊമ്മന്‍ ഒരു സത്യമോ?
കേരളത്തിലെ കത്തോലിക്ക അല്മായര്
ഭാരതത്തിലെ ക്രിസ്തു മതം
കേരളത്തിലെ സുറിയാനി സഭയുടെ ഉല്‍ഭവം
മാര്‍ തോമാ റോക്കാസ്
ജാതിക്കു കര്‍ത്തവ്യന്‍ ഗീവര്‍ഗ്ഗീസ്
സീറോ മലബാര്‍ കുര്‍ബാനയുടെ ചരിത്രം
കേരളത്തിലെ സുറിയാനി സഭയുടെ ഉല്‍ഭവം
കല്‍ദായ പൈതൃകം
കുടവച്ചൂര് പള്ളി
ക്നാനായ?
നസ്രാണി
ആദിമ കേരള സഭ
നിലയ്ക്കല്‍
Leave a Reply Cancel reply