പ്രമുഖ സാഹിത്യകാരനും    വിവര്‍ത്തകനുമായിരുന്നു എന്‍.കെ. ദാമോദരന്‍. പത്തനംതിട്ടയിലെ ആറന്മുള പഞ്ചായത്തിലെ ളാകയില്‍ നെടുംപുറത്തു വീട്ടില്‍ 1909 ആഗസ്റ്റ് 3ന് ജനിച്ചു. നെടുംപുറത്ത് കേശവന്‍ ദാമോദരന്‍ എന്നാണ് പൂര്‍ണമായ പേര്.

പിതാവ് കഥകളി നടനായ മെഴുവേലി പാപ്പാര ശങ്കരന്‍; മാതാവ് സംഗീതവിദുഷിയായ കുഞ്ഞിപ്പെണ്ണമ്മ. വളരെ ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ദാമോദരന്‍ മാതാമഹന്റെ സംരക്ഷണയിലാണു വളര്‍ന്നത്.
ഇടയാറന്മുള പ്രൈമറി സ്‌കൂള്‍, കോഴഞ്ചേരി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. തിരുവനന്തപുരത്തുനിന്ന് ബി.എ. (മലയാളം), ബി.എല്‍. ബിരുദങ്ങള്‍ നേടി. ശൂരനാട് കുഞ്ഞന്‍പിള്ള, കുട്ടനാട് രാമകൃഷ്ണപിള്ള, വി.എം. കുട്ടിക്കൃഷ്ണമേനോന്‍ എന്നിവര്‍ സതീര്‍ഥ്യരായിരുന്നു. മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍, മഹാകവി കെ.വി. സൈമണ്‍ എന്നിവരുമായുള്ള സഹവാസം സാഹിത്യാഭിരുചി വര്‍ധിപ്പിച്ചു.
മെഴുവേലി, പെരുനാട് എന്നിവിടങ്ങളില്‍ സ്‌കൂള്‍ അധ്യാപകനായും ഇന്‍ഷ്വുറന്‍സ് കമ്പനിയില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1938ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ധനകാര്യവകുപ്പില്‍ അക്കൗണ്ട്‌സ് ഓഫീസറായി 1964ല്‍ വിരമിച്ചു. അതിനുശേഷം വക്കീലായി എന്റോള്‍ ചെയ്‌തെങ്കിലും പ്രാക്റ്റീസ് ചെയ്തില്ല. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ റീഡറായും സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും കലാകൗമുദി വാരികയില്‍ പത്രാധിപസമിതി അംഗമായും പ്രവര്‍ത്തിച്ചു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരക സമിതി അധ്യക്ഷന്‍, ആശാന്‍ അക്കാദമിയുടെ സെക്രട്ടറി, എസ്.എന്‍. കള്‍ച്ചറല്‍ സൊസൈറ്റി ഉപദേശകസമിതി അംഗം, 1969ല്‍ നടന്ന മൂലൂര്‍ ജന്മശതാബ്ദി ആഘോഷപരിപാടിയുടെ സൂത്രധാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1996 ജൂലൈ 25ന് തിരുവനന്തപുരത്ത് അന്തരിച്ചു.

കൃതികള്‍
കേരളസാഹിത്യം
കുസുമാര്‍ച്ചന (1944)

വിവര്‍ത്തനഗ്രന്ഥങ്ങള്‍

മാക്‌സിം ഗോര്‍ക്കിയുടെ ദ് ലോവര്‍ ഡെപ്ത്സ് എന്ന നാടകം-അടിത്തട്ടുകള്‍ (1951)
ടോള്‍സ്റ്റോയിയുടെ പവര്‍ ഒഫ് ഡാര്‍ക്‌നെസ് -തമഃശക്തി
ദി ഇന്‍സള്‍ട്ടഡ് ആന്‍ഡ് ദി ഇന്‍ജുവേഡ് എന്ന നോവല്‍ (ദസ്തയേവ്‌സ്‌കി) 
നിന്ദിതരും പീഡിതരും (1958)
ബ്രദേഴ്‌സ് കാരമസോവ് (ദസ്തയേവ്‌സ്‌കി)-കാരമസോവ് സഹോദരന്മാര്‍
ആന്‍ അണ്‍പ്ലസന്റ് പ്രെഡിക്കമെന്റ് (ദസ്തയേവ്‌സ്‌കി) -വല്ലാത്ത പൊല്ലാപ്പ്
ദ് ഹൗസ് ഒഫ് ദ് ഡെത്ത് (ദസ്തയേവ്‌സ്‌കി)-മരിച്ച വീട്
എ ഫ്രണ്ട് ഒഫ് ദ് ഫാമിലി (ദസ്തയേവ്‌സ്‌കി)- കുടുംബസുഹൃത്ത്
ഡീമൊണ്‍സ് (ദസ്തയേവ്‌സ്‌കി)-ഭൂതാവിഷ്ടര്‍
വിചാരണയും മരണവും
ബുഡന്‍ബ്രുക്‌സ്
സ്വാമി വിവേകാനന്ദന്‍
വീരേശലിംഗം
ഗാന്ധിയന്‍ അര്‍ഥശാസ്ത്രം

ഉപന്യാസ സമാഹാരങ്ങള്‍

പ്രതിഭാഞ്ജലി
ആലോകവൈഖരി

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
കല്യാണീകൃഷ്ണമേനോന്‍ പ്രൈസ്
സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്
വിവര്‍ത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം- ഭൂതാവിഷ്ടര്‍