പ്രശസ്ത കവിയാണ് ഒ.എന്‍.വി കുറുപ്പ് . ഒ.എന്‍.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം നക്ഷത്രത്തില്‍ ജനനം. മൂന്നുമക്കളില്‍ ഏറ്റവും ഇളയമകനാണ് ഒ.എന്‍.വി. എട്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.പരമേശ്വരന്‍ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നല്‍കിയത് . അങ്ങനെ അച്ഛന്റെ ഇന്‍ഷ്യലും മുത്തച്ഛന്റെ പേരും ചേര്‍ന്ന് പരമേശ്വരന്‍ എന്ന അപ്പു സ്‌കൂളില്‍ ഒ.എന്‍.വേലുക്കുറുപ്പായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്. ശങ്കരമംഗലം ഹൈസ്‌കൂളില്‍ തുടര്‍ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒ.എന്‍.വി കൊല്ലം എസ്.എന്‍.കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. 1952ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു.1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ.എന്‍.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിന് 2010ല്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായിരുന്നു. യു.കെ., കിഴക്കന്‍ യൂറോപ്പ്, യുഗോസ്‌ളോവ്യ, സോവിയറ്റ് യൂണിയന്‍, അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍, മാസിഡോണിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നീ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.

പ്രധാന കൃതികള്‍

കവിതാ സമാഹാരങ്ങള്‍

പൊരുതുന്ന സൗന്ദര്യം
സമരത്തിന്റെ സന്തതികള്‍
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
മാറ്റുവിന്‍ ചട്ടങ്ങളെ
ദാഹിക്കുന്ന പാനപാത്രം
ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും
ഗാനമാല
നീലക്കണ്ണുകള്‍
മയില്‍പ്പീലി
അക്ഷരം
ഒരു തുള്ളി വെളിച്ചം
കറുത്ത പക്ഷിയുടെ പാട്ട്
കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍
ഞാന്‍ അഗ്‌നി
അരിവാളും രാക്കുയിലും
അഗ്‌നിശലഭങ്ങള്‍
ഭൂമിക്ക് ഒരു ചരമഗീതം
മൃഗയ
വെറുതെ
ഉപ്പ്
അപരാഹ്നം
ഭൈരവന്റെ തുടി
ശാര്ങ്ഗകപ്പക്ഷികള്‍
ഉജ്ജയിനി
മരുഭൂമി
നാലുമണിപ്പൂക്കള്‍
തോന്ന്യാക്ഷരങ്ങള്‍
നറുമൊഴി
വളപ്പൊട്ടുകള്‍
ഈ പുരാതന കിന്നരം
സ്‌നേഹിച്ചു തീരാത്തവര്‍
സ്വയംവരം!
പാഥേയം!
അര്‍ദ്ധവിരാമകള്‍
ദിനാന്തം
സൂര്യന്റെ മരണം

പഠനങ്ങള്‍

കവിതയിലെ പ്രതിസന്ധികള്‍
കവിതയിലെ സമാന്തര രേഖകള്‍
എഴുത്തച്ഛന്‍

ഒ.എന്‍.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങള്‍:
ആരെയും ഭാവ ഗായകനാക്കും…
ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ…
ഒരു ദലം മാത്രം വിടര്‍ന്നൊരു….
ശ്യാമസുന്ദരപുഷ്പമേ…..
സാഗരങ്ങളേ….
നീരാടുവാന്‍ നിളയില്‍….
മഞ്ഞള്‍ പ്രസാദവും നെറ്റിയില് ചാര്‍ത്തി….
ശരദിന്ദുമലര്‍ദീപ നാളം നീട്ടി…
ഓര്‍മകളേ കൈവള ചാര്‍ത്തി………
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍…
വാതില്പഴുതിലൂടെന്‍ മുന്നില്‍..
ആദിയുഷസന്ധ്യപൂത്തതിവിടെ…

പുരസ്‌കാരങ്ങള്‍

ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷണ്‍,
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1971 അഗ്‌നിശലഭങ്ങള്‍
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 1975 അക്ഷരം
എഴുത്തച്ഛന്‍ പുരസ്‌കാരം 2007
ചങ്ങമ്പുഴ പുരസ്‌കാരം
ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്
ഖുറം ജോഷ്വാ അവാര്‍ഡ്
എം.കെ.കെ.നായര്‍ അവാര്‍ഡ്
സോവിയറ്റ്‌ലാന്‍ഡ് നെഹ്രു പുരസ്‌കാരം 1981 ഉപ്പ്
വയലാര്‍ രാമവര്‍മ പുരസ്‌കാരം 1982 ഉപ്പ്
പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്‌കാരം കറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്‌കാരം ഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂര്‍ പുരസ്‌കാരം ശാര്‍ങ്ഗക പക്ഷികള്‍
ആശാന്‍ പുരസ്‌കാരം ശാര്‍ങ്ഗക പക്ഷികള്‍
ആശാന്‍ പ്രൈസ് ഫോര്‍ പൊയട്രി അപരാഹ്നം
പാട്യം ഗോപാലന്‍ അവാര്‍ഡ് ഉജ്ജയിനി
ഓടക്കുഴല്‍ പുരസ്‌കാരം മൃഗയ
ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം
2009 രാമാശ്രമം ട്രസ്റ്റ് അവാര്‍ഡ്
2007 കേരളാ സര്‍വകലാശാലയുടെ ഡോക്ടറേറ്റ്

ചലച്ചിത്രമേഖലയിലെ പുരസ്‌കാരങ്ങള്‍


മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം
വര്‍ഷം ചിത്രം
1989 വൈശാലി
മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍
വര്‍ഷം ചിത്രം
2008 ഗുല്‍മോഹര്‍
1990 രാധാമാധവം
1989 ഒരു സായാഹ്നത്തിന്റെ സ്വപ്നത്തില്‍, പുറപ്പാട്
1988 വൈശാലി
1987 മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍
1986 നഖക്ഷതങ്ങള്‍
1984 അക്ഷരങ്ങള്‍, ഇത്തിരിപ്പൂവേ ചുവന്നപൂവേ
1983 ആദാമിന്റെ വാരിയെല്ല്
1980 യാഗം, അമ്മയും മകളും
1979 ഉള്‍ക്കടല്‍
1977 മദനോത്സവം
1976 ആലിംഗനം
1973 സ്വപ്നാടനം
മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം
വര്‍ഷം ചിത്രം
2009 പഴശ്ശിരാജ
മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍
വര്‍ഷം ചിത്രം
2001 മേഘമല്‍ഹര്‍
2002 എന്റെ ഹൃദയത്തിന്റെ ഉടമ