മാധവന് പിള്ള സി. (സി. മാധവന് പിള്ള)
നോവല്‍, നാടകം, ചെറുകഥ, ഫലിതപ്രബന്ധങ്ങള്‍, നിഘണ്ടുക്കള്‍ തുടങ്ങി സാഹിത്യത്തിന്റെ വിവിധശാഖകളിലായി അമ്പതില്പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ജനനം 1905 ഏപ്രില്‍ 12ന് ആലപ്പുഴയില്‍. മരണം: 1980 ജൂലായില്‍. ആലപ്പുഴ സനാതനധര്മ്മവിദ്യാശാലയില് സ്കൂള്‍ ഫൈനല്‍ പരീക്ഷ പാസ്സായി. സ്വയം തൊഴില്‍ കണ്ടെത്താനുള്ള പരിശ്രമത്തില്‍ പഴയ ഒരു റെമിങ്ടണ്‍ ടൈപ്പ്റൈറ്റര്‍ മൂലധനമാക്കി ആലപ്പുഴയില്‍ തന്നെ ഒരു കൊമേഴ്സ്യല്‍ സ്കൂള്‍ തുടങ്ങി. അധികം താമസിയാതെ ആ പദ്ധതി പരാജയപ്പെട്ടു. ടൈപ്പ്റൈറ്ററുമായി ചങ്ങനാശ്ശേരിയിലെത്തിയ മാധവന് പിള്ള അന്നത്തെ എസ്.ബി.കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ മാതത്യു പുത്തന്‍പുരയ്ക്കലിനെ കണ്ടുമുട്ടാനിടയായി. ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിമാറി ഇത്.
പുരയ്ക്കലച്ചന് പിള്ളയെ എസ്.ബി. കോളേജില്‍ ചേര്‍ത്തു. ഒന്നാം ക്ലാസ്സോടെ ഇന്റര്‍മീഡിയറ്റ് പാസ്സായി. തിരുവനന്തപുരത്തു ബി.ഏ.ക്കു പഠിച്ച് 1941ല്‍ ഡിഗ്രി നേടി. ഇക്കാലത്തിനിടയില്‍ തന്നെ അദ്ദേഹം സജീവമായ സാഹിത്യവൃത്തിയിലേക്കു തിരിഞ്ഞു. ‘ദേശസേവിനി’,’ജ്ഞാനാംബിക’, ‘കുമാരി കമല’, ‘വീരാംഗന’ തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ നടന്നുവന്ന ‘വിജയഭാനു’ എന്ന വിനോദമാസിക ഏറെ പ്രചാരമാര്‍ജ്ജിച്ചു.1938ല്‍ ‘യാചകമോഹിനി’യും 1941ല്‍ ‘സ്ത്രീധന’വും പുറത്തുവന്നു. മദ്രാസ് റേഡിയോ നിലയത്തില്‍ മുറയ്ക്കു ലഭിച്ചിരുന്ന മലയാളപരിപാടികള്‍ മുഖ്യവരുമാനമാര്‍ഗ്ഗമാക്കി മൂന്നുവര്‍ഷത്തോളം അദ്ദേഹം മദ്രാസില്‍ തന്നെ കഴിഞ്ഞുകൂടി. തുടര്‍ന്ന് തിരുവനന്തപുരത്തെത്തി ശ്രദ്ധ എഴുത്തില്‍ തന്നെ തുടര്‍ന്നു. ‘ആനന്ദസാഗരം’, ‘പ്രണയബോംബ്’ എന്നീ കൃതികള്‍ രചിച്ചു. ഇലിയഡിനും ഒഡീസിക്കും പുറമേ, റെയിനോള്‍ഡ്സിന്റെ ‘ഭടന്റെ ഭാര്യ’, ലൈല തുടങ്ങിയ നോവലുകളും തമിഴ് കൃതിയായ പത്മസുന്ദരനും മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തു.
സാഹിത്യകാരന് എന്നതിനേക്കാള്‍ മാധവന് പിള്ള പില്ക്കാലത്ത് പ്രസിദ്ധനായതു മലയാളത്തിലെ പ്രമുഖരായ നിഘണ്ടുകാരന്മാരില്‍ ഒരാള്‍ എന്ന നിലയിലാണ്. ഇംഗ്ലീഷ് മലയാളം നിഘണ്ടു, മലയാളം ഇംഗ്ലീഷ് നിഘണ്ടു, അഭിനവ മലയാളം നിഘണ്ടു എന്നിവയാണ് അദ്ദേഹം നിര്‍മ്മിച്ച നിഘണ്ടുക്കള്‍. മൂന്നു പതിറ്റാണ്ടുകളോളം കഠിനപ്രയത്നം ചെയ്താണ് ഈ മൂന്നു ബൃഹദ്ഗ്രന്ഥങ്ങളും അദ്ദേഹം മിക്കവാറും ഒറ്റയ്ക്കു തന്നെ പൂര്‍ത്തിയാക്കിയത്.
Leave a Reply