റഷീദ് എം. (എം. റഷീദ്)
റവല്യൂഷണറി സ്യോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളും സ്വതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് എം. റഷീദ് എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് റഷീദ്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഇ. മൊയ്തുമൗലവിയുടെ മകനാണ്. ട്രോട്‌സ്‌കിസം കേരളത്തിനു പരിചയപ്പെടുത്തിയതില്‍ പ്രമുഖന്‍. 1925 ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍ ജനനം. 1944 കാലഘട്ടത്തില്‍ കോഴിക്കോട് ഗണപത് ഹൈസ്‌കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ക്വിറ്റ് ഇന്ത്യാസമരത്തില്‍ പങ്കെടുത്തതിനു അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്ന് മാസക്കാലം പൊന്നാനി സബ്ജയിലില്‍. പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ മാപ്പെഴുതി കൊടുക്കാത്തതിനാല്‍ പത്താതരം പഠനം മുടങ്ങി. പിന്നീട് മദ്രാസ് മെട്രിക്കുലേഷന്‍ എഴുതി വിജയിച്ചു. വെളിയങ്കോടിനടുത്ത് മുളമുക്ക് എന്ന സ്ഥലത്ത് സ്ഥിരതാമസം. ഭാര്യ പരേതയായ എം. ബീവാത്തുട്ടി ടീച്ചര്‍. മക്കള്‍: അബ്ദുല്‍ ഗഫൂര്‍,ബേബി റഷീദ്, ജാസ്മിന്‍, മുംതാസ്.
ജയകേരളം, കൗമുദി എന്നീ വാരികകളിലും മാതൃഭൂമി പത്രത്തിലും റഷീദ് സ്ഥിരമായി എഴുതുമായിരുന്നു. 1954-57 കാലയളവില്‍ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'സഖാവ്' വാരികയുടെ പത്രാധിപരായി. 1957-60 കാലഘട്ടത്തില്‍ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയ്ഹിന്ദ് സായാഹ്നപത്രത്തിന്റെ പത്രാധിപരായി. എട്ടുവര്‍ഷക്കാലം ചാലക്കുടിയില്‍ നിന്നുള്ള 'ചെങ്കതിര്‍' മാസികയുടെ പ്രസാധകനായി. വര്‍ഷങ്ങളായി മാധ്യമം ദിനപ്പത്രത്തില്‍ വായനക്കിടയില്‍ എന്ന പേരില്‍ പംക്തി എഴുതിവരുന്നു
ഗ്രന്ഥങ്ങള്‍
സഖാവ് കെ.ദാമോദരന്‍ (ഡി.സി. ബുക്‌സ്)
മുഹമ്മദ് അബ്ദുറഹ്മാന്‍ (ഐ.പി.എച്ച്)
റോസ ലക്‌സ്ംബര്‍ഗ്
1921കാര്‍ഷിക കലാപം
(സൗമ്യേന്ദ്ര നാഥ ടാഗോര്‍ എഴുതിയ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
ഗോവ സമരം
പുരസ്‌കാരം
മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പ്രസ്സ് അക്കാഡമിയുടെ പുരസ്‌കാരം
സ്വന്തന്ത്രസമര സേനാനി സൈനുദ്ദീന്‍ നൈന സ്മാരക പുരസ്‌കാരം
എം.എ. മലയാളി അവാര്‍ഡ്
വചനം ബുക്‌സിന്റെ കമ്മിറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍ അവാര്‍ഡ്
Leave a Reply Cancel reply