നോവലിസ്റ്റായിരുന്നു വല്ലച്ചിറ മാധവന്‍ (1934 മേയ് 17-2013 ഒക്ടോബര്‍ 20). 400ലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു. ജനനം 1934 മേയ് 17ന് വല്ലച്ചിറ ചാത്തക്കുടത്ത്. ശങ്കരന്റെയും ലക്ഷ്മിയുടെയും മകന്‍. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ രചന ആരംഭിച്ചു. ആദ്യകൃതി പതിനാലാം വയസ്സില്‍ പ്രസിദ്ധീകരിച്ചു-എന്റെ ജീവിതത്തോണി എന്ന കവിതാസമാഹാരം. തൊട്ടടുത്തവര്‍ഷംതന്നെ ആത്മസഖി എന്ന നോവല്‍ രചിച്ചു. യുദ്ധഭൂമി, ക്രിസ്തുവിനെ തറച്ച കുരിശ്, പാനപാത്രത്തിലെ വീഞ്ഞ്, അച്ചാമ്മ, എന്നിവ ശ്രദ്ധേയമായ രചനകളാണ്. പ്രണയവും ദുരന്തവുമാണ് കൃതികളില്‍ അധികവും വിഷയമായിരുന്നത്. അച്ചാമ്മ എന്ന നോവല്‍ സ്‌കൂള്‍ ലൈബ്രറിക്കായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ കണ്ടുകെട്ടി നിരോധിച്ചു. കന്യാസ്ത്രീ വേശ്യയായി തെരുവില്‍ ജീവിക്കാനൊരുങ്ങുന്നതായിരുന്നു ഈ നോവലിന്റെ ഉള്ളടക്കം. 1962 ല്‍ പി.ടി.ചാക്കോ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഈ ക്രൈസ്തവ വിമര്‍ശന നോവല്‍ രചിച്ചത്. ചന്ദ്രഹാസന്‍, നിര്‍മ്മല, ചിത്രശാല, ഫിലിംസ്റ്റാര്‍ എന്നീ പത്രങ്ങളുടെ പത്രാധിപസ്ഥാനവും മാധവന്‍ വഹിച്ചിരുന്നു. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നതായിരുന്നു അവസാന രചന.ഭാര്യ: ഇന്ദിര. മക്കള്‍: ബാബുരാജ്, ഹേമന്ദ്കുമാര്‍, മധു, ഗീതാഞ്ജലി.

കൃതികള്‍

എന്റെ ജീവിതത്തോണി
ആത്മസഖി
യുദ്ധഭൂമി
ക്രിസ്തുവിനെ തറച്ച കുരിശ്
പാനപാത്രത്തിലെ വീഞ്ഞ്
അച്ചാമ്മ