തെലുങ്കു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവര്‍ത്തകനും സാഹിത്യ വിമര്‍ശകനുമാണ് വി.വി. എന്നറിയപ്പെടുന്ന വെണ്ട്യാല വരവരറാവു (ജനനം: നവംബര്‍ 3, 1940). സമകാലീന ഭാരതീയ വിപ്ലവ കവിതയിലെ സര്‍ഗ്ഗവ്യക്തിത്വമാണ്. കമ്മ്യൂണിസ്റ്റും നക്‌സലൈറ്റ് സഹയാത്രികനുമാണ്. പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘സാഹിതീ മിത്രലു’എന്ന ഗ്രൂപ്പിനു തുടക്കം കുറിച്ചു.സ്രുജന എന്ന സാഹിത്യ മാസിക ആരംഭിച്ചു. വാറംഗല്‍ ഗവ. സി.കെ.എം.കോളേജിലെ പ്രിന്‍സിപ്പലായിരുന്നു. നക്‌സല്‍ബാരി കലാപവും മാവോയുടെ ‘നൂറു പൂക്കള്‍ വിരിയട്ടെ ‘ എന്ന ആഹ്വാനവും വരവരറാവുവിനെയും സുഹ്രുത്തുക്കളെയും ആവേശം കൊള്ളിച്ചു. അവര്‍ ‘തിരുഗബടു കവലു'(റിബല്‍ കവികള്‍) എന്ന സംഘം ആരംഭിച്ചു. ശ്രീകാകുളത്തെയും വാറംഗലിലെയും സായുധ കലാപങ്ങളോട് ഈ ഗ്രൂപ്പ് അനുഭാവം പുലര്‍ത്തി.1973-75ലും അടിയന്തരാവസ്ഥക്കാലത്തും തടവറയിലായിരുന്നു.1986ല്‍ പ്രസിദ്ധീകരിച്ച ‘ഭവിഷ്യത്ത് ചിത്രപടം’ എന്ന കവിതാ സമാഹാരം എന്‍.ടി.രാമറാവു സര്‍ക്കാര്‍ നിരോധിച്ചു. 2001ല്‍ തെലുഗു ദേശം സര്‍ക്കാര്‍ നക്‌സലൈറ്റുകളുമായി സമാധാന ചര്‍ച്ച നടത്തിയ വേളയില്‍ ഗദ്ദറിനൊപ്പം സമാധാന ദൂതനായിരുന്നു. പിന്നീട് അതില്‍നിന്നു പിന്‍മാറി.
2005ല്‍ ‘വിരാസം'(വിപ്ലവ രചയിതല സംഘം) നിരോധിച്ചതോടെ വീണ്ടും അറസ്റ്റിലായി. ഏഴു മാസത്തിനു ശേഷം ജാമ്യത്തില്‍ ഇറങ്ങി. കഴിഞ്ഞ 38 വര്‍ഷത്തിനിടയില്‍ 30 വിവിധ കേസുകളിലായി 7 വര്‍ഷത്തിലധികം ജയിലില്‍ കിടന്നു.