ആലപ്പുഴ ജില്‌ളയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒ. 20ന് ജനിച്ചു. നാലു വയസ്‌സുള്ളപേ്പാള്‍ അമ്മയും പതിനൊന്നാം വയസ്‌സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്‌ളാസ്‌സില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജവുളിക്കടയില്‍ ജോലി നോക്കി. നിവര്‍ത്തന പ്രകേ്ഷാഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന്‍ 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്‌സില്‍ അംഗമായി. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി.1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

ആലപ്പുഴ ആസ്പിന്‍വാള്‍ ഫാക്ടറിയിലെ തൊഴിലാളി യൂണിയന്‍ നേതാവെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അച്യുതാനന്ദനെ രാഷ്ര്ടീയരംഗത്ത് ശ്രദ്ധേയനാക്കിയത്. 1944ല്‍ കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനായി പാര്‍ട്ടി നിര്‍ദേശാനുസരണം കുട്ടനാട് പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തു. അധികം വൈകാതെ വി.എസ്‌സിന്റെ ശ്രമഫലമായി 'തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍' രൂപീകരിക്കപെ്പട്ടു. കര്‍ഷകത്തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും മെച്ചപെ്പട്ട ജീവിതസാഹചര്യങ്ങളും നേടിക്കൊടുക്കുന്നതിന് സാധിച്ചു. പിന്നീട് ആലപ്പുഴയിലെ ചെത്തുതൊഴിലാളികളെയും കയര്‍തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനും മുന്‍കൈയെടുത്തു. ആലപ്പുഴ ജില്‌ളയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ഉപകരിച്ചു.
    പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ അച്യുതാനന്ദന് കൊടിയ മര്‍ദനവും നീണ്ട ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. ഇന്ത്യ സ്വതന്ത്രമായ 1947 ആഗ. 15ന് അച്യുതാനന്ദന്‍ ജയിലിലായിരുന്നു. ജയില്‍ മോചിതനായെങ്കിലും പിന്നീട് വളരെക്കാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമ്പലപ്പുഴ- ചേര്‍ത്തല ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറി ആയി പ്രവര്‍ത്തിച്ച അച്യുതാനന്ദന്‍ 1954ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1956 മുതല്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമാണ്.
    ഇന്ത്യ-ചൈന യുദ്ധകാലത്തും അടിയന്തരാവസ്ഥക്കാലത്തും നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ദേശീയകൗണ്‍സില്‍ യോഗത്തില്‍നിന്നും എ.കെ.ജി., ബാസവപുന്നയ്യ, പി.സുന്ദരയ്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇറങ്ങിപേ്പാന്ന 32 നേതാക്കളുടെ കൂട്ടത്തില്‍ അച്യുതാനന്ദനുമുണ്ടായിരുന്നു. തുടര്‍ന്ന് 1964ല്‍ പാര്‍ട്ടി പിളര്‍ന്ന് സ.പി.ഐ.(എം) രൂപീകരിച്ച കാലംമുതല്‍ അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ നേതൃനിരയില്‍ സമുന്നതസ്ഥാനം വഹിക്കുന്നു. 1970 കളില്‍ എ.കെ.ജി.യുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ അച്യുതാനന്ദന്‍ സജീവമായി പങ്കെടുത്തിരുന്നു. 1980 മുതല്‍ 1992 വരെ ഇദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുണ്ടായി. 1992 മുതല്‍ 1996 വരെ നിയമസ'യിലെ പ്രതിപകഷ നേതാവായും 1996 മുതല്‍ 2001 വരെ ഇടതുപക്ഷ ഏകോപന സമിതി കണ്‍വീനറായും 2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 1967, 1970, 1991, 2001, 2006 എന്നീ വര്‍ഷങ്ങളില്‍  എം.എല്‍.എ. ആയി തെരഞ്ഞെടുക്കപെ്പട്ടിട്ടുണ്ട്. 2006 മെയ് 18ന് കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദീര്‍ഘകാലമായി സി.പി.ഐ.(എം)ന്റെ സെന്‍ട്രല്‍ കമ്മിറ്റി അംഗം. പോളിറ്റ്ബ്യൂറോ അംഗമായി  പ്രവര്‍ത്തിച്ചു. ചൈന, റഷ്യ, മംഗോളിയ, യു.കെ. തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കെ. വസുമതിയാണ് സഹധര്‍മിണി.
    ജനകീയ പ്രശ്‌നങ്ങളിലും പൊതുതാല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്‌ളാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള  5 വര്‍ഷക്കാലത്തെ അച്യുതാനന്ദന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം പ്രയോജനപെ്പട്ടിട്ടുണ്ട്.
കൃതികള്‍:
സമരം തന്നെ ജീവിതം (ആത്മകഥ) ഇരകള്‍ വേട്ടയാടപെ്പടുമ്പോള്‍, നേരിനൊപ്പം എന്നും ജനങ്ങള്‍ക്കൊപ്പം