ഹരിശര്‍മ്മ. എ.ഡി
കൊച്ചിയില്‍ ചെറായിക്കടുത്ത് പള്ളിപ്പുറത്ത് 1893 ആഗസ്റ്റ് 21 ന് (കൊ.വ. 1069 ചിങ്ങം 7) ജനിച്ചു. അച്ഛന് അമ്പലപ്പറമ്പു ദാമോദര ശേണായി. അമ്മ ലക്ഷ്മീഭായി. ഗൗഡസാരസ്വതവിഭാഗത്തിലെ യാഥാസ്ഥിതിക കുടുംബം. ഹരിശേണായി എന്നാണ് ആദ്യം അറിയപെ്പട്ടത്. ശേണായിസ്ഥാനം ഉപേക്ഷിച്ച് ശര്മ്മസ്ഥാനം അദ്ദേഹവും അനുജനും പില്ക്കാലത്തു സ്വീകരിച്ചു. സ്ക്കൂള് വിദ്യാഭ്യാസത്തിന് അവസരം കിട്ടിയില്ള. പകരം പഴയമട്ടില്‍ ഗുരുകുലത്തില്‍ സംസ്കൃതം പഠിച്ചു. 1915ല്‍ തിരുവനന്തപുരത്ത് മുന്‍ഷി പരീക്ഷ നടത്തുന്നു എന്നറിഞ്ഞപേ്പാള്, (അതിന്റെ സിലബസ് ശാസ്ത്രിപരീക്ഷയുടെ തന്നെ) ശര്‍മ്മ സഹോദരന്മാര് അതില്‍ ചേര്‍ന്നു. പതിനഞ്ചുശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം ജയിച്ചതില്‍ ഹരിശര്‍മ്മ ഒന്നാം ക്ളാസ്സില്‍ ജയിച്ചു. തുടര്‍ന്ന് പ്രതിമാസം 15 രൂപ ശമ്പളത്തില്‍ ചേര്‍ത്തല എച്ച്.ജി.സ്ക്കൂളില്‍ ഭാഷാധ്യാപകനായി. പിന്നീട് പറവൂരും ഇടപ്പള്ളിയിലും അധ്യാപകനായി. 1918-1919 വര്‍ഷങ്ങളില്‍ കോട്ടയം സി.എം.എസ്സില്‍ അധ്യാപകന്. ഇതിനിടയില്‍ കൊച്ചി സര്‍ക്കാരിന്റെ പണ്ഡിതപരീക്ഷയും മദിരാശി സര്‍വ്വകലാശാലയുടെ വിദ്വാനും ജയിച്ചു. 1921ല്‍ കൊച്ചി ഭാഷാപരിഷ്കരണകമ്മിറ്റിയില് പണ്ഡിറ്റ്. വീണ്ടും തുറവൂര്‍ ടി.ഡി. സ്കൂളില്‍ അധ്യാപകന്. അധികാരികളുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് തിരുമല ദേവസ്വം സ്ക്കൂളിലെ ജോലിവിട്ടു. മൂര്‍ക്കോത്തു കുമാരന് നടത്തിയിരുന്ന ചിത്രവാരികയായ ദീപത്തില്‍ കുറച്ചുനാള്‍ ജോലിനോക്കി. പിന്നീട് സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്ക്കൂളിലും, തുടര്‍ന്ന് സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലും ജോലിനോക്കി. 1957ല്‍ ജോലിയില്‍ നിന്നും വിരമിച്ചു.
1928ലെ കോട്ടയ്ക്കല്‍ സമ്മേളനംമുതല്‍ ഹരിശര്‍മ്മ സാഹിത്യപരിഷത്തുമായി ബന്ധപെ്പട്ടിരുന്നു. പരിഷത്തിന്റെ സെക്രട്ടറി,ത്രൈമാസികത്തിന്റെ ഉപപത്രാധിപര്‍, പത്രാധിപര്‍ എന്നീ നിലകളില്‍, ഇരുപതുവര്‍ഷക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചു. വിവാഹം ചെയ്തത് ദേവി കെ. ലക്ഷ്മിഭായിയെ ആണ്. സാഹിത്യകുശലന്‍, സാഹിത്യനിപുണന്, വിദ്യാവിഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചു. മലയാളത്തിലെ അപൂര്‍വ്വഗ്രന്ഥങ്ങളുടെ ഒരു വലിയശേഖരം ഹരിശര്മ്മയ്ക്ക് ഉണ്ടായിരുന്നു. പിന്നീട് അതിലൊരു വലിയ ഭാഗം കൊച്ചിയിലെ ഗോവിന്ദപൈ്പ സ്മാരക ലൈബ്രറിക്കു നല്കി. 1972 സെപ്തംബര്‍ 12 ന് അദ്ദേഹം അന്തരിച്ചു.
ഭാഷാപരിഷ്ക്കരണക്കമ്മിറ്റിയില് പണ്ഡിതര്‍ ആയിരിക്കവെ, ഗൗരീചരിത്രം ചമ്പു, ഉത്തരാസ്വയംവരം, കിര്‍മ്മീരവധം ആട്ടക്കഥകള്‍ എന്നിവ പഠനത്തോടെ അദ്ദേഹം പ്രസിദ്ധപെ്പടുത്തി. പല കാലത്തായി നളചരിതം, ദക്ഷയാഗം, കാലകേയവധം എന്നീ ആട്ടക്കഥകള്‍; നളചരിതം, സ്യമന്തകം, സഭാപ്രവേശം (തുള്ളലുകള്‍) വത്സസ്തേയം, ഖാണ്ഡവദാഹം, കുചേലസദ്ഗതി (ഗാഥ), കര്‍ണ്ണപര്‍വ്വം, സ്ത്രീപര്‍വ്വം, ഭീഷ്മപര്‍വ്വം, ഉദ്യോഗപര്‍വ്വം, ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം (കിളിപ്പാട്ട്) ഇവ അദ്ദേഹം വ്യാഖ്യാനിച്ചു.
സുവ്യക്തത, ലാളിത്യം എന്നിവയാണ് അവയുടെ മുഖമുദ്ര. ഹരിശര്മ്മയിലെ പണ്ഡിതനേക്കാളധികം, പ്രഗത്ഭനായ അധ്യാപകനെ ആണ് അവ വെളിപെ്പടുത്തുന്നത്. അദ്ദേഹം ദക്ഷിണഭാഷാഗ്രന്ഥമണ്ഡലത്തിനു വേണ്ടി തയ്യാറാക്കിയ മലയാളസാഹിത്യചരിത്രവും ഈ വിഭാഗത്തില്‍പെടുത്താം. അദ്ദേഹവും അനുജന് ആര്.സി. ശര്‍മ്മയും ചേര്‍ന്ന് രചിച്ച നാടകപ്രവേശിക, സംസ്കൃതനാടകത്തിന്റെ രൂപഘടനയെപ്പറ്റി ഉള്ള സമഗ്രമായ പഠനമാണ്. ഈ വിഷയത്തില്‍ ഇന്നും ആധികാരികഗ്രന്ഥം അതുതന്നെ. ഉദാഹരണങ്ങള്‍ക്കായി ചിലപേ്പാഴൊക്കെ വിഖ്യാതസംസ്കൃതശേ്ളാകങ്ങള് അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വേണമെങ്കില്‍ കവിതയും തനിക്കു വഴങ്ങും എന്ന പ്രഖ്യാപനങ്ങളാണ് അത്തരം ശേ്ളാകങ്ങള്‍. ചെറുതുംവലുതും ആയി ഒട്ടേറെ ജീവചരിത്രഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി. വിശദവിവരങ്ങള്‍ സൂക്ഷ്മമായി അന്വേഷിച്ച് നിരത്തിയ ആ പുസ്തകങ്ങളോളം വിശ്വാസ്യത പുലര്‍ത്തുന്ന ജീവചരിത്രഗ്രന്ഥങ്ങള്‍ നമുക്ക് അധികം ഇല്ള. സര്‍വ്വാധികാര്യക്കാര്‍ ഗോവിന്ദപ്പിള്ളയുടെ മലയാളഭാഷാചരിത്രം, കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ ഭാരതപരിഭാഷ, ആയില്യം തിരുനാളിന്റെ ഗദ്യശാകുന്തളം, ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവും വ്യാകരണവും-ഇവയുടെ പുനഃപ്രസിദ്ധീകരണത്തിനു പിന്നില്‍ ഈ വിദ്യാവ്യസനിയുടെ തപസ്സുണ്ടായിരുന്നു. മിശ്രകാന്തി, സുവര്ണ്ണരശ്മി, സാഹിത്യ സമീക്ഷ, പണ്ഡിതസദസ്സ് എന്നി ഉപന്യാസ സമാഹാരങ്ങള്‍ നല്ള നിരൂപകനേയും, സത്യസന്ധനായ ഗവേഷകനേയും കാണിച്ചുതരുന്നു. ഗ്രന്ഥരൂപത്തില്‍ സമാഹരിക്കപെ്പട്ടിട്ടില്ള എങ്കിലും കുറെ കവിതകളും അദ്ദേഹം എഴുതി. ടി.ഡി. സ്ക്കൂള് വിട്ടു പോരേണ്ടിവന്നപേ്പാള് രചിച്ച മുറ്റത്തെമുല്ള അക്കാലത്ത് ശ്രദ്ധിക്കപെ്പട്ടു.
കൃതികള്‍:
ഗൗരീചരിത്രം ചമ്പു, ഉത്തരാസ്വയംവരം, കിര്‍മ്മീരവധം ആട്ടക്കഥകള്‍ (പഠനം)
മലയാളസാഹിത്യചരിത്രം, നാടകപ്രവേശിക, രണ്ടു സാഹിത്യനായകന്മാര്, മഹാകവി ഉള്ളൂര്‍ (എം.ഒ. ജോസഫ് നെടുങ്കുന്നവും ചേര്‍ന്ന് എഴുതി), കെ.സി. കേശവപിള്ള, കണ്ടത്തില്‍ വറുഗീസ് മാപ്പിള, പതിനൊന്നാം പീയുസ് മാര്‍പ്പാപ്പാ, ഭാഷാകവികള്‍ (വള്ളത്തോള്‍ ആശാന്, കെ.സി. നാരായണന് നമ്പ്യാര്‍, കൂട്ടമത്ത്, കറുപ്പന് മാസ്റ്റര്‍ എന്നിവരുടെ ലഘു ജീവചരിത്രങ്ങള്‍), ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, പന്തളം കേരളവര്‍മ്മ (ജീവചരിത്രങ്ങള്‍.) മിശ്രകാന്തി, സുവര്ണ്ണരശ്മി, സാഹിത്യസമീക്ഷ, പണ്ഡിതസദസ്സ് (ഉപന്യാസ സമാഹാരങ്ങള്‍), രസികന്കഥകള് (ചെറുകഥാ സമാഹാരം)
Leave a Reply Cancel reply