പല നാടന്‍കലകള്‍ക്കും. മാന്ത്രികാനുഷ്ഠാനകര്‍മങ്ങള്‍ക്കും മെയ്യെഴുത്തു പതിവുണ്ട്. മഞ്ഞള്‍, അരിചാന്ത്, കടുംചുകപ്പ്, മഷി, കരി, ചെങ്കല്ല്, മനയോല, ചായില്യം, ചന്ദനം മുതലായവയാണ് ഇതിന് ഉപയോഗിക്കുന്നത്. കലാപ്രകടനങ്ങള്‍ മിക്കതിനും ശരീരത്തില്‍ തേപ്പു മാത്രമെയുള്ളു. തെയ്യം, തിറ എന്നിവയ്ക്ക് ശരീരത്തില്‍ പ്രത്യേകരീതിയില്‍ എഴുതുന്ന സന്ദര്‍ഭങ്ങളുണ്ട്. കടുവാകളിക്ക് ശരീരത്തില്‍ വരകളും പുള്ളികളും കുറിക്കുന്നു. പണിയരും മറ്റും പേനയൊഴിക്കുക തുടങ്ങിയ മന്ത്രവാദകര്‍മങ്ങള്‍ക്ക് മെയ്യെഴുത്ത് നടത്തുന്നു. മുഖത്തെഴുത്തുപോലെ തന്നെ കലാബോധത്തോടെ ചെയ്യുന്നതാണ് മെയ്യെഴുത്തും. തെയ്യം തിറകളുടെ മേലെഴുത്തിന് വൈവിധ്യമുണ്ട്. തെക്കന്‍ കരിയാത്തന്‍ തെയ്യത്തിന് ‘പരുന്തുവാലിട്ടെഴുത്ത്’എന്ന പേരിലുള്ള മെയ്യെഴുത്താണ്. വേട്ടയ്‌ക്കൊരു മകന്‍, ഊപ്പഴച്ചി എന്നിവയ്ക്ക് ചുവപ്പ്, പച്ച, മഞ്ഞ, കറുപ്പ് എന്നിവകൊണ്ട് മേലെഴുത്ത് നടത്തും. അരിച്ചാന്തും മഞ്ഞളും ചേര്‍ത്താണ് മുത്തപ്പന്‍, തിരുവപ്പന്‍ എന്നിവര്‍ക്ക് തേക്കുന്നത്. വയനാട്ടുകുലവന്‍, കണ്ടനാര്‍കേളന്‍, ബാലി എന്നീ തെയ്യങ്ങള്‍ക്കും മേലെഴുത്തുണ്ട്.