മാരിയമ്മന്‍ കോവിലുകളിലെ ഒരു ഉര്‍വരതാനുഷ്ഠാനം. പാലക്കാടുജില്ലയിലാണ് കൂടുതല്‍ നടപ്പുള്ളത്. ധാന്യങ്ങളും പലതരം വിത്തുകളും മണ്‍പാത്രങ്ങളില്‍ മുളപ്പിക്കുന്ന ചടങ്ങാണ് മുളക്കൊട്ട്. ഇതിന് പാട്ടുപാടിക്കൊണ്ടുള്ള ചില നര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ചെണ്ടയും ഉടുക്കുമാണ് പിന്നണിവാദ്യം. പാട്ടുപാടി മുളവരുത്തുകയെന്നാണ് സങ്കല്‍പം. അതിനാല്‍, പാട്ടും കൊട്ടും കളിയും ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കും. ഒടുവില്‍ ആ മുളപ്പിച്ച വിത്തുകള്‍ വെള്ളത്തില്‍ ഒഴുക്കുകയാണ് ചെയ്യുന്നത്. തമിഴ് കലര്‍ന്നവയാണ് മുളക്കൊട്ട്പാട്ടുകള്‍. തമിഴ്‌നാട്ടില്‍ ഈ അനുഷ്ഠാനം സര്‍വസാധാരണമാണ്. പാലക്കാടുജില്ലയില്‍ മുളക്കൊട്ട് ഉല്‍സവത്തിന് സ്ത്രീ പുരുഷന്‍മാരുടെ വട്ടക്കളി ഉണ്ടാകും.