മധ്യകേരളത്തിലെ ദേവിക്ഷേത്രങ്ങളില്‍ നടത്താറുള്ള ഒരു അനുഷ്ഠാനകല. പാലക്കാട്. പൊന്നാനി, ചിറ്റൂര്‍ എന്നീ പ്രദേശങ്ങളില്‍ പാവക്കൂത്തിന് ഇന്നും പ്രചാരമുണ്ട്. ധനുമാസം മുതലാണ് കൂത്ത് കഴിപ്പിക്കുന്നത്. രോഗനിവാരണം, ആപല്‍ഹരിഹാരം എന്നിവയ്ക്കുവേണ്ടി ഭഗവതിക്കാവുകളില്‍ വഴിപാടായി ഇതു നടത്താം. ചില ക്ഷേത്രങ്ങളില്‍ രണ്ടും മൂന്നും ആഴ്ചക്കാലം പാവക്കൂത്ത് പതിവുണ്ട്. രാത്രിയിലാണ് പാവക്കൂത്ത് പതിവ്.

ക്ഷേത്ര പരിസരങ്ങളില്‍ പാവക്കൂത്തു നടത്തുവാന്‍ പ്രത്യേകം കൂത്തുമാടം ഉണ്ടായിരിക്കും. മൂന്നു ഭാഗങ്ങലും ചുമരുള്ളതും ദീര്‍ഘചതുരാകൃതിയിലുള്ളതുമായ മണ്ഡപമാണത്. കൂത്തിന് കൂറയിടുക എന്നൊരു ചടങ്ങുണ്ട്. ആ ദിവസം രാത്രി കൂത്തുമാടത്തില്‍ മരത്തണ്ട് പിടിപ്പിക്കും. അതിന്മേല്‍ കുറച്ചിട വിട്ട് എണ്ണ നിറച്ച തേങ്ങാമുറിയില്‍ തിരികള്‍ കത്തിച്ചുവെയ്ക്കും. ഈ ദീപങ്ങളുടെ മുമ്പിലാണ് പാവകളെ നിരത്തിവയ്ക്കുന്നത്. വലതുവശത്ത് ശ്രീരാമപക്ഷത്തുള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന പാവകളെയും ഇടതുവശത്ത് രാവണപക്ഷത്തുള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന പാവകളെയുമാണു നിരത്തുക. പാവകളുടെ അടിയില്‍ അവയെ നിയന്ത്രിക്കാന്‍ മുളവടി ഘടിപ്പിക്കാറുണ്ട്. കക്കു അനുഗുണമായി പാവകളെ ചലിപ്പിക്കും പാവകളുടെ നിഴല്‍ വെളുത്തു തുണിയില്‍ പ്രതിഫലിച്ചുകാണും. പാവക്കൂത്തിന് നിഴല്‍കൂത്ത് എന്നു പേരുണ്ടായത് അപ്രകാരമാണ്.

പാവകളെ ആദ്യകാലങ്ങളില്‍ പനയോല കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. പില്‍ക്കാലത്താണ് തോലുകൊണ്ട് ഉണ്ടാക്കുവാന്‍ തുടങ്ങിയത്. പാവക്കൂത്തിന് ഓലപ്പാവക്കൂത്ത് എന്നും പ്രത്യേക പേരുകളുണ്ടായത് അതുകൊണ്ടാണ്. ശ്രീരാമാദികളുടെ പാവകള്‍ മാന്‍തോലുകൊണ്ടും രാവണാദികളുടെ പാവകള്‍ മൂരിത്തോലുകൊണ്ടുമാണ് ഉണ്ടാക്കുന്നത്.

പാവക്കൂത്തിന്റെ ഇതിവൃത്തം തമിഴ്കവിയായ തമ്പരുടെ രാമായണമാണ്. രാമായണത്തില്‍നിന്നു സന്ദര്‍ഭത്തിനുയോജിച്ച വിരുത്തങ്ങള്‍ പാടുകയും അതിന്റെ ആശയത്തെപ്പറ്റി പ്രഭാഷണം നടത്തുകയും അതോടൊപ്പം പാവകളെ ചലിപ്പിക്കുകയും ചെയ്യുന്നു.