ഭക്തിമാര്‍ഗത്തിലേക്കു നയിക്കുന്ന ഗാനകൃതികള്‍. സ്തവം, സ്‌തോത്രം, കീര്‍ത്തനം എന്നീ പേരുകളിലുള്ള അനേകം കൃതികള്‍ ഭക്തന്മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ഗുരുവായൂരപ്പന്‍ തുടങ്ങിയ ദൈവങ്ങളെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. പുണ്യക്ഷേത്രസന്ദര്‍ശകരായ ഭക്തന്‍മാര്‍ പലപ്പോഴും കീര്‍ത്തനമാലകള്‍ ആലപിച്ചുകൊണ്ടാണ് പോവുക. ഇത്തരം കീര്‍ത്തനങ്ങള്‍ അച്ചടിച്ച പുസ്തകങ്ങള്‍ ഉത്സവസ്ഥലങ്ങളിലും ചന്ത സ്ഥലത്തും വില്‍പനയ്ക്കു വെച്ചുകാണാറുണ്ട്. നാടന്‍പാട്ടുകളില്‍ പഴക്കമേറിയ സങ്കീര്‍ത്തനങ്ങളും സ്തുതികളും കാണാന്‍ കഴിയും. മലയരുടെ മന്ത്രവാദപ്പാട്ടുകളില്‍ അനേകം ദേവതകളെക്കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളുണ്ട്. വണ്ണാന്‍, പാണന്‍, പുള്ളുവന്‍തുടങ്ങിയവരെല്ലാം സങ്കീര്‍ത്തനങ്ങള്‍ ആലപിക്കും. ദേവതകളെക്കുറിച്ചാണ് അവര്‍ മിക്കവാറും സ്തുതിക്കുന്നത്. ഉത്തരകേരളത്തിലെ തോറ്റംപാട്ടികളിലും സങ്കീര്‍ത്തനങ്ങള്‍ കാണാം. ഈ നാടന്‍ സാഹിത്യകൃതികള്‍ക്കു പുറമേ പ്രശസ്തകവികള്‍ രചിച്ച കീര്‍ത്തനങ്ങളും സ്തവങ്ങളുമുണ്ട്.