ഭക്തിസംവര്‍ധകങ്ങളായ ഗാനകൃതികള്‍. സാധാരണക്കാരെ ഭക്തിയുടെ മാര്‍ഗത്തിലേക്കു നയിക്കുവാന്‍ മറ്റു കൃതികളെക്കാള്‍ സ്‌തോത്രങ്ങള്‍ക്കാണ് കഴിയുക. ശ്രീശങ്കരാചാര്യരുടെ കാലംതൊട്ട് സംസ്‌കൃതത്തില്‍ നിരവധി സ്‌തോത്രകൃതികള്‍ ഉണ്ടായിട്ടുണ്ട്. ഭാഷയില്‍ത്തന്നെ എഴുത്തച്ഛനും പൂന്താനവും മറ്റും രചിച്ച കൃതികള്‍ പ്രശസ്തങ്ങളാണ്. കൂടാതെ, അജ്ഞാതകര്‍ത്തൃകളായ നിരവധി സ്‌തോത്രകൃതികള്‍ പ്രചാരത്തിലുണ്ട്. ഗണപതിസ്‌തോത്രം, സരസ്വതിസ്‌തോത്രം, സുബ്രഹ്മണ്യസ്‌തോത്രം, ശിവസ്‌തോത്രം, വിഷ്ണുസ്‌തോത്രം, ദേവീസ്‌തോത്രം, മൂകാംബികാസ്‌തോത്രം, ലക്ഷ്മീസ്‌തോത്രം തുടങ്ങിയവ പ്രശസ്തങ്ങളാണ്. പല ക്ഷേത്രങ്ങളിലെയും കാവുകളിലെയും ദേവീദേവന്‍മാരെ സ്തുതിച്ചുകൊണ്ടുള്ള സ്‌തോത്രകൃതികള്‍ ഉണ്ടായിട്ടുണ്ട്. വേട്ടക്കൊരുമകന്‍സ്‌തോത്രം, പൂമാലസ്‌തോത്രം, അന്നപൂര്‍ണേശ്വരിസ്‌തോത്രം, തൃച്ചംബരസ്‌തോത്രം, ചെല്ലൂര്‌സ്‌തോത്രം എന്നിവ അതിന് ഉദാഹരണങ്ങളാണ്. അനുഷ്ഠാനകലകള്‍ക്കും മാന്ത്രിക കര്‍മങ്ങള്‍ക്കും പാടാറുള്ള സ്‌തോത്രങ്ങളുമുണ്ട്. ഗുളികസ്‌തോത്രം, പൂമാരുതസ്‌തോത്രം, അകനാള്‍സ്‌തോത്രം, കണ്ഠാകര്‍ണസ്‌തോത്രം തുടങ്ങിയവ അത്തരത്തിലുള്ളതാണ്.