പണ്ട് ഭരണനിര്‍വഹണത്തിന്റെ ഒരു ഘടകമായിരുന്നു തറ. നാടുകളില്‍ കരകളും കരകളില്‍ തറകളും ഉണ്ടായിരുന്നു. ദേശം, തറ, കര എന്നിവ പര്യായങ്ങളായിരുന്നു. കന്നുകാലികള്‍ക്കു മേയുവാനും, നായാട്ടു നടത്താനും കളികളിലേര്‍പ്പെടുവാനും പ്രത്യേകം സ്ഥലങ്ങള്‍ നീക്കിവയ്ക്കാറുണ്ടായിരുന്നു. തറക്കൂട്ടങ്ങളാണ് അത്തരം പൊതുസ്ഥലങ്ങളെ രക്ഷിച്ചുപോന്നത്. ആണ്ടുതോറും ഓണത്തല്ല് മുതലായവ സംഘടിപ്പിക്കുന്നതിന് തറക്കൂട്ടത്തിനായിരുന്നു ചുമതല. ഓരോ സമുദായത്തിനും അവരവരുടെ സമുദായകാര്യങ്ങള്‍ കൊണ്ടുനടത്തുവാന്‍ തറക്കൂട്ടങ്ങള്‍ നിലവിലിരുന്നു. നായര്തറ, ആണ്ടിത്തറ, കമ്മമാളത്തര, വേട്ടുവത്തറ എന്നിങ്ങനെ ജാതിഭേദമനുസരിച്ച് തറയ്ക്ക് പല പേരും ലഭിച്ചു. തറക്കൂട്ടര്‍ യോഗം ചേരുന്നത് കാവുകളിലോ ആല്‍ത്തറകളിലോ ആയിരുന്നു. ക്രമേണ കാവുകള്‍ ആരാധനാകേന്ദ്രങ്ങള്‍ കൂടിയായി. കളരികളും തറക്കൂട്ടത്തിന്റെ നിയന്ത്രണത്തിലായിരുന്നു. നായന്മാര്‍ക്കും മറ്റും ഇന്നും തറകളുണ്ട്. അത് അവരുടെ ആരാധനാ സ്ഥാനങ്ങളുമാണ്. തീയസമുദായക്കാര്‍ക്കും തറകളുണ്ട്. ദേശസഭകളാണവ. തറയില്‍ വച്ചാണ് സമുദായികകാര്യങ്ങള്‍ തീരുമാനിക്കുക.