തിരുവനന്തപുരം: വാക്കുകളില്‍ അഗ്നി നിറച്ച് പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഥയില്‍ ആവിഷ്‌കരിച്ച പ്രമുഖ സാഹിത്യകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. മരണസമയം ഭാര്യയും കഥാകാരി കൂടിയായ മകള്‍ രജനി മന്നാടിയാരും സമീപത്തുണ്ടായിരുന്നു. പിതൃതര്‍പ്പണം, ശേഷക്രിയ, കഴകം, ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, എം സുകുമാരന്റെ കഥകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

2006ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ‘ചുവന്ന ചിഹ്നങ്ങള്‍’ എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു. ശേഷക്രിയ (1981), കഴകം (1995) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരിച്ചിട്ടില്ലാത്ത സ്മാരകങ്ങള്‍ (1976), ജനിതകം (1997) എന്നീ കൃതികള്‍ക്കും 2004ല്‍ സമഗ്ര സംഭാവനയ്ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

പാലക്കാട് ചിറ്റൂരില്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1943ലാണ് സുകുമാരന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയില്‍ ജോലി നോക്കി. തുടര്‍ന്ന് ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായി. 1963 മുതല്‍ തിരുവനന്തപുരത്ത് ഏജി ഓഫീസില്‍ ക്ലര്‍ക്കായിരുന്നു. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി.

മുഖ്യമന്ത്രി അനുശോചിച്ചു
എം സുകുമാരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അനുശോചനം. കേരളത്തിന്റെ സാഹിത്യസാംസ്‌കാരിക രംഗങ്ങള്‍ക്ക് കനത്ത നഷ്ടമാണ് സുകുമാരന്റെ വിയോഗം. സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്തമായ ഇതിവൃത്ത സ്വീകരണം കൊണ്ടും ആഖ്യാനരീതികൊണ്ടും പുതിയ ഭാവുകത്വം ആധുനികതയുടെ കാലത്തുതന്നെ സൃഷ്ടിക്കാന്‍ എം. സുകുമാരന് സാധിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.