പെരുമ്പാവൂര്‍: കവി ലൂയിസ് പീറ്റര്‍ (58) നിര്യാതനായി. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ടാണ് മരണം. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയാണ്. ‘ലൂയി പാപ്പാ’ എന്നാണ് അറിയപ്പെട്ടിരുന്നത്. അലഞ്ഞുതിരിഞ്ഞു നടന്ന കവി എല്ലാവര്‍ക്കും പരിചിതനായിരുന്നു. പലേടത്തുനിന്നും ആട്ടിയോടിക്കപ്പെട്ടെങ്കിലും അനുവാചകമനസ്സില്‍ ഇടംകിട്ടി.
1986 ല്‍ ആദ്യ കവിത എഴുതിയ ലൂയിസ് പിന്നീട് ഇരുപത് വര്‍ഷത്തിനുശേഷം 2006 ലാണ് വീണ്ടും രംഗത്തുവരുന്നത്ന്ന ‘നരകം സമ്മാനമായിത്തന്ന നാരായംകൊണ്ടാണ് ഞാനെഴുതാറുള്ളത് / അതിനാലാണ് എന്റെ കവിതകളില്‍ ദൈവത്തിന്റെ കൈയക്ഷരമില്ലാതെപോയത്’എന്ന നാന്ദിവാക്യങ്ങളോടെ ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’പുറത്തിറങ്ങിയത് മൂന്നുവര്‍ഷം മുമ്പാണ്.
ലൂയിസ് പീറ്ററിനെ പിന്തുടര്‍ന്ന് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങള്‍ കവിപോലുമറിയാതെ ഒന്നരവര്‍ഷംകൊണ്ട് അഭ്രപാളികളില്‍ പകര്‍ത്തിയ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. മുത്തു ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ബിബിന്‍ പോലൂക്കര സംവിധാനവും സുഹൃദ്‌സംഘം നിര്‍മാണവും നിര്‍വഹിച്ചതാണ് അത്. റോഡരികില്‍, മദ്യശാലയില്‍, ആശുപത്രിയില്‍, മരത്തണലിലെ കവിതാസായാഹ്നങ്ങളില്‍, എല്ലാം ക്യാമറക്കണ്ണുകള്‍ പിന്തുടര്‍ന്നു. ‘മുറിവേറ്റ നക്ഷത്രം’എന്നായിരുന്നു പേര്.