ന്യൂഡല്‍ഹി: സാഹിത്യനിരൂപകയും പണ്ഡിതയും അധ്യാപികയുമായ ഡോ.എം.ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.
സാഹിത്യനിരൂപക, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ്. 1927 സെപ്തംബര്‍ 16ന് തൃശൂര്‍ ജില്ലയില്‍ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്‌ക്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1949 മുതല്‍ സേന്റ് മേരീസ് കോളേജ് തൃശൂര്‍, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണന്‍കോളേജ് മുതലായ വിവിധ കലാലയങ്ങളില്‍ അദ്ധ്യാപികയായി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് 1983ല്‍ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു.
കവിതയില്‍ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് കടന്നുവന്നത്. കാള്‍ യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങള്‍ക്ക് അടിസ്ഥാനം. വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നില്‍ക്കുന്ന കഥകളാണ് മിത്ത് എന്നുമായിരുന്നു അവരുടെ പഠനത്തിന്റെ കണ്ടെത്തല്‍.

നിരവധി കൃതികളും പുരസ്‌കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്.

പ്രധാന കൃതികള്‍:

കേരള കവിതാസാഹിത്യ ചരിത്രം
അമൃതമശ്‌നുതേ
വിശ്വോത്തരമായ വിപ്ലവേതിഹാസം
വര്‍ണ്ണരാജി
കവിതാധ്വനി
അപ്പുവിന്റെ അന്വേഷണം
സത്യം ശിവം സുന്ദരം
ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ ഒരു പഠനം

പുരസ്‌കാരങ്ങള്‍:

സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ് (1976) വിശ്വോത്തരമായ വിപ്ലവേതിഹാസം
ഓടക്കുഴല്‍ അവാര്‍ഡ് (1978) വര്‍ണ്ണരാജി
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1980) വര്‍ണ്ണരാജി.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1987) കവിതാധ്വനി
വിലാസിനി അവാര്‍ഡ്(2002) അപ്പുവിന്റെ അന്വേഷണം
ബഷീര്‍ പുരസ്‌കാരം (2005)
വയലാര്‍ രാമവര്‍മ അവാര്‍ഡ്(2007) അപ്പുവിന്റെ അന്വേഷണം
സി.ജെ.തോമസ് സ്മാരക അവാര്‍ഡ്(1989) സത്യം ശിവം സുന്ദരം
നാലപ്പാടന്‍ അവാര്‍ഡ് (1994) ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ ഒരു പഠനം
എന്‍.വി.കൃഷ്ണവാര്യര്‍ അവാര്‍ഡ്(1994) ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ ഒരു പഠനം.