വിശാഖം തിരുനാള്‍ മഹാരാജാവ്

ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ മാതുലനായിരുന്നു അദ്ദേഹത്തിനുമുമ്പ് തിരുവിതാംകൂര്‍ വാണിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവ്. ജനിച്ച് രണ്ടുമാസത്തിനകം അമ്മ രുഗ്മിണിഭായിത്തമ്പുരാട്ടി നാടുനീങ്ങി. ജനിച്ചപ്പോള്‍ത്തന്നെ അശക്തനായിരുന്നു. മാതാവിന്റെ അകാലമരണത്തോടെ അതുകൂടിദ. എന്നാല്‍, ശരീരശക്തിയില്ലാത്തതിന്റെ വാട്ടം മുഴുവനും ബുദ്ധിശക്തിയില്‍ തീര്‍ന്നു. മഹാബുദ്ധിമാനായിരുന്നു.
ഒന്‍പതു വയസ്സാകുന്നതിനു മുമ്പുതന്നെ മലയാളത്തിലും സംസ്‌കൃതത്തിലും പ്രായത്തില്‍ക്കവിഞ്ഞ അറിവു സമ്പാദിച്ചു. ഒന്‍പതാംവയസ്സില്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങി. വിദ്യാഭ്യാസത്തിനായി അക്കാലത്തു മദ്രാസിലുള്ള രാജാ സര്‍ ടി. മാധവരായരെ വരുത്തി. നാലഞ്ചു വര്‍ഷംകൊണ്ട് അക്കാലത്ത് ഉപരിവിദ്യാഭ്യാസം എന്ന് വച്ചിരുന്നതു മുക്കാലും വിശാഖം തിരുനാള്‍ നേടി.
ഗുരുമുഖാഭ്യാസം കഴിഞ്ഞ് തമ്പുരാന്‍ തന്നത്താനേ പഠിച്ചുതുടങ്ങി. സംഗീതസാഹിത്യങ്ങളില്‍ ഖ്യാതി സമ്പാദിച്ചു. സംസ്‌കൃതപണ്ഡിതന്മാരുടെ സദസ്സില്‍ മധ്യസ്ഥനായിരുന്ന് അവരുടെ ബഹുമാനം നേടി. ഇംഗ്ലീഷ് ഗദ്യരചനയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പാടവം പല ഇംഗ്ലീഷുകാരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കല്‍ അദ്ദേഹം മദ്രാസില്‍ ഒരു പത്രത്തിലേയ്ക്ക് ലേഖനം അയച്ചു. ‘ജ്ഞാനസമ്പാദനത്തിനു രാജപാതയില്ല’ എന്ന ആക്ഷേപസൂചകമായ ഒരു കുറിപ്പോടുകൂടി പത്രാധിപര്‍ ലേഖനം ഉപേക്ഷിച്ചു. ഈ വാക്ക് വിശാഖംതിരുനാളിനെ ഒന്ന് ചൊടിപ്പിച്ചു. അധികം താമസിയാതെ ആ പത്രത്തിലേയ്ക്കു തന്നെ അദ്ദേഹം വേറെ ഒരു ലേഖനം അയച്ചു. ‘ഇത്ര സ്തുത്യര്‍ഹമായ ഒരു ലേഖനം എഴുതാന്‍ അവിടുത്തേ ചൊടിപ്പിച്ചതു ഞാനാണെന്നുള്ളത് എനിക്ക് അഹങ്കാരഹേതുവായിരിക്കുന്നു’ അന്ന് ആ പത്രാധിപര്‍തന്നെ പറഞ്ഞു ലേഖനം പ്രസിദ്ധപ്പെടുത്തി.

തിരുവിതാംകൂറിലെ ജനങ്ങളുടെ ദാരിദ്ര്യം മാറ്റാനായി മരച്ചീനികൃഷി നാട്ടില്‍ നടപ്പാക്കിയത് വിശാഖം തിരുനാളാണ്.തിരുവിതാംകൂറില്‍ അദ്ദേഹം സന്ദര്‍ശിക്കാത്ത മലയോ കാടോ ഉണ്ടെന്നു തോന്നുന്നില്ല. പ്രകൃതിശാസ്ത്രം പഠിക്കുന്നതിലെ മോഹംനിമിത്തം ദേശസഞ്ചാരങ്ങളില്‍ പല മാതിരി പാറകളും മറ്റും ശേഖരിച്ചു സമ്പാദിച്ചിരുന്നു.
വിശാഖം തിരുനാളിന്റെ ലൈബ്രറി സാമാന്യം വലുതായിരുന്നു. അതിലുള്ള ഒരു പുസ്തകവും അദ്ദേഹത്തിന്റെ പെന്‍സില്‍ അടയാളവും അഭിപ്രായസൂചനകളും ഇല്ലാതെ ഇല്ല. പതിനേഴ് വര്‍ഷം ഇളയരാജാവായിരുന്നു. അഞ്ചു വര്‍ഷം മാത്രമേ രാജ്യഭാരം ചെയ്തുള്ളൂ. എങ്കിലും ഈ സ്വല്പകാലത്തിനിടയ്ക്കു രാജ്യഭരണരീതിയില്‍ വേണ്ട പരിഷ്‌കാരങ്ങള്‍ പലതും വരുത്തി.