വടക്കേ മലബാറില്‍ കെട്ടിയാടുന്ന ഒരു തെയ്യം. നരായുധമ്മാല, തിരുവാര്‍മൊഴി, മരക്കലത്തമ്മ എന്നീ പേരുകളുമുള്ള ഭഗവതിയുടെ തെയ്യമാണ്. പാലപ്പുറത്ത്, കപ്പോത്ത്, എടമന, മുട്ടില്, ചീര്‍ങ്ങോട്ട്, വെളുത്തൂല്, എന്നീ ഏഴു സ്ഥാനങ്ങളില്‍ ശൂലകുഠാരിയമ്മ എന്നറിയപ്പെടുന്നു.
കഥ ഇതാണ്: ശ്രീശൂലയില്ലത്തെ തിരുവടി കനകമലയിലെ കനകക്കന്നിയെ വിവാഹം ചെയ്തു. പണമുണ്ടാക്കാനായി കടല്‍ വാണിഭം നടത്താന്‍ അയാള്‍ തീരുമാനിച്ചു. പട്ടത്തിയായ കനകക്കന്നി ഭര്‍ത്താവിനെ വിട്ടുപിരിയാന്‍ വിസമ്മതിച്ചിട്ടും അയാള്‍ മരക്കലമേറി യാത്ര തുടര്‍ന്നു. യാത്ര പലനാള്‍ നീണ്ടു. തിരുവാലത്തൂര് മരക്കലം അടുത്തു. അവിടെ കച്ചവടം തുടങ്ങി. പീടികയുടെ സമീപത്ത് താമസിക്കുന്ന വിധവയായ മറ്റൊരു പട്ടത്തിയെ അയാള്‍ വിവാഹം ചെയ്തു. 
അയാള്‍ കപ്പല്‍ യാത്ര ആരംഭിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്ന കനകക്കന്നി പിന്നീട് ഒരു ആണ്‍കുഞ്ഞിനേയും, പുതിയ ഭാര്യ ഗര്‍ഭിണിയായി ഒരു പെണ്‍കുഞ്ഞിനേയും പ്രസവിച്ചു. തിരുവടി തന്റെ പുതിയ ഭാര്യയും മകളും അറിയാതെ ഒരുനാള്‍ മരക്കലമേറി നാട്ടിലേക്ക് പുറപ്പെട്ടു. കാര്യം മനസ്സിലാക്കിയ പൊന്മകള്‍ മരക്കലത്തില്‍ കയറിക്കൂടി. അവര്‍ മരക്കലമേറി ശ്രീശൂലയില്ലത്തെത്തി. അവിടെ പൊന്മകന്‍ അച്ഛനേയും അനുജത്തിയേയും വിളക്കും തളികയും ആയി എതിരേറ്റു. പിതാവിനോടൊപ്പം മരക്കല യാത്രചെയ്ത ആ 'ദൈവകന്യയാണ് ശ്രീശൂലകുഠാരിയമ്മ എന്നാണ് വിശ്വാസം.