സര്‍ക്കാരിന്റെ ഹരിത കേരള മിഷന്‍ അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിന്. 3 ലക്ഷം രൂപയാണ് സമ്മാനം. കൃഷി, ജലസംരക്ഷണം, ശുചിത്വം എന്നിവയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് പുരസ്‌കാരം നേടിക്കൊടുത്തത്. തരിശായിക്കിടന്ന 56 ഏക്കര്‍ പാടശേഖരങ്ങളില്‍ നെല്‍ക്കൃഷി ഇറക്കിയിരുന്നു. കര്‍ഷകര്‍ക്ക് ഏക്കറിനു 30,000 രൂപ സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കിയാണ് നെല്‍ക്കൃഷിക്ക് പുനര്‍ജനി നല്‍കിയത്. കടലോര മേഖലയിലെ മണ്ണില്‍ കടലക്കൃഷി നടത്തി വിജയഗാഥ രചിക്കാനും കഴിഞ്ഞു. ജൈവകൃഷിയില്‍ നടത്തിയ പരീക്ഷണങ്ങളും വിജയം കൊയ്തു. പരിസ്ഥിതി സൗഹൃദ കൃഷിയായിരുന്നു പഞ്ചായത്തിന്റെ മറ്റൊരു ലക്ഷ്യം. വീടുകളില്‍ പച്ചക്കറികൃഷി വ്യാപകമാക്കിയപ്പോള്‍ ഗ്രോബാഗ് ഉപയോഗം പരിസ്ഥിതിക്ക് ദോഷ കരമാണെന്ന് കണ്ടതോടെ പച്ചക്കറി കൃഷി മണ്‍ചട്ടിയിലേക്ക് മാറ്റാന്‍ പഞ്ചായത്ത് മുന്നോട്ട് വന്നു.
23000 മണ്‍ചട്ടികളാണ് വിതരണം ചെയ്തത്. 210 ക്വിന്റല്‍ നെല്ലു വിളയിച്ചെടുത്ത പഞ്ചായത്ത് ചേമ്പ്, ചേന, ഇഞ്ചി, കുറ്റിക്കുരുമുളക്, വാഴ തുടങ്ങിയ കൃഷികളും നടത്താന്‍ കര്‍ഷകര്‍ക്കൊപ്പം നിന്നു. 2500 ക്വിന്റല്‍ വാഴക്കുലയും 8100 കിലോഗ്രാം ഇഞ്ചി, 8613 മഞ്ഞള്‍ എന്നിവ ഉല്‍പാദിപ്പിക്കാനായി. പശു, ആട്, പോത്ത്, കോഴി എന്നിവ വിതരണം ചെയ്തു. ചാണകവും മറ്റു കാഷ്ഠങ്ങളും കൃഷിയിടങ്ങളില്‍ ഒന്നാന്തരം ജൈവവളമാക്കി നൂറുമേനി വിളയിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് നടത്തിയ പ്രവര്‍ത്തനങ്ങളും വന്‍വിജയമായിരുന്നു.
ഉറവിട മാലിന്യങ്ങള്‍ സംസ്‌കരിക്കാനായി വീടുകളില്‍ പൈപ്പ് കംപോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ വ്യാപകമാക്കി. അജൈവ മാലിന്യങ്ങള്‍ വീടുകളില്‍നിന്നു ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രത്തില്‍ എത്തിക്കാനും സംവിധാനം ഒരുക്കി. ജലസംരക്ഷണത്തിനായി 8 കുളങ്ങള്‍ സംരക്ഷിക്കാന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയ പഞ്ചായത്ത് 2 പുതിയ കുളങ്ങളും നിര്‍മിച്ചു.
തോടുകളിലെ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. പായലുകളും മറ്റും മാറ്റി വൃത്തിയാക്കി. അവിടെ മത്സ്യകൃഷി തുടങ്ങിയത് കര്‍ഷകര്‍ക്ക് വരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനമാണ് പുരസ്‌കാരം നേടിത്തന്നതെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. വീട്ടില്‍ സര്‍വ കൃഷിയും നടത്തുന്നയാളാണ് പ്രസിഡന്റ്.