മലയാളത്തിന്റെ പ്രിയ കവയിത്രി പറയുന്നത് മലയാളികള്‍ക്ക് ബുദ്ധിയും കഴിവുമൊക്കെയുണ്ടെങ്കിലും ഒരുപാട് അഹങ്കാരമുണ്ട്. ഒന്നിനെയും വകവെക്കില്ല. ഒന്നിനോടും ബഹുമാനവുമില്ല. നിയമം പാലിക്കുന്നത് മോശമാണെന്ന ധാരണയുണ്ട്. പിന്നെ, മദ്യത്തിനോടുള്ള ആസക്തി. സ്വര്‍ണത്തോടുള്ള ആര്‍ത്തി. ഇതൊന്നും നല്ല ലക്ഷണങ്ങളല്ല. ഇത്രയും വിദ്യാഭ്യാസമുള്ള ഒരു വര്‍ഗം ഇങ്ങനെയല്ല ആവേണ്ടത്. കുടിവെള്ളത്തില്‍പ്പോലും മാലിന്യം തള്ളാന്‍ മലയാളി തയ്യാറാവുന്നതോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. തിരുനാവായയില്‍ ബലിയിടാന്‍ പോയപ്പോഴുണ്ടായ അനുഭവം ഒരാള്‍ പറഞ്ഞു. വെള്ളത്തിലൂടെ കുറെ ചെമ്പരത്തിപ്പൂക്കള്‍ ഒഴുകിവരുന്നതുകണ്ടു. എന്തായിത്രയും ചെമ്പരത്തിപ്പൂക്കള്‍ എന്ന് വിസ്മയിച്ച് അടുത്തുചെന്ന് നോക്കിയപ്പോള്‍ കോഴിത്തലകളായിരുന്നു അവ. അത്രയ്ക്ക് സുഖത്തിന്റെയും ധൂര്‍ത്തിന്റെയും പിറകേ പോയിക്കഴിഞ്ഞിരിക്കുന്നു മലയാളി. അന്തരീക്ഷവായു മലിനമായിക്കൊണ്ടിരിക്കുന്നു. മഹാരോഗങ്ങള്‍ പടരുന്നു. എന്നിട്ടും ഒരു കൂസലുമില്ല മനുഷ്യന്. എനിക്ക് ഭയമാണ്. ഭാവിയിലെ കുട്ടികളെപ്പറ്റി എനിക്കൊരുപാട് ആശങ്കയുണ്ട്.1961 ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറക്കി. 67 ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്‌കാരം. 68ല്‍ പാവം മാനവഹൃദയവും തൊട്ടടുത്തവര്‍ഷം ഇരുള്‍ ചിറകുകളും ആസ്വാദകര്‍ക്ക് മുന്നില്‍. രാത്രിമഴയ്ക്ക് 77 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. 81 ല്‍ പുറത്തിറങ്ങിയ അന്പലമണികള്‍ക്ക് വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്‌കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു.കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍ മലമുകളിലിരിക്കെ തുടങ്ങിയവ പ്രധാന രചനകള്‍. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, 2009 ല്‍ മലയാളത്തിന്റെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തഛന്‍ പുരസ്‌കാരം എന്നിവ സുഗതകുമാരിയെ തേടിയെത്തി. 2006 ല്‍ പത്മശ്രീ നല്‍കി ആദരിച്ചു