യഥാതഥ്യപ്രസ്ഥാനം (റിയലിസം)
യഥാതഥ്യം എന്ന പദം സൂചിപ്പിക്കുന്നത് വസ്തുക്കളെ അല്ലെങ്കില്‍ കഥാപാത്രങ്ങളെ അവ ദൈനംദിനജീവിതത്തില്‍ അവതരിക്കുന്നതുപോലെ, നിറപ്പകിട്ടോ വിശകലനമോ ഇല്ലാതെ ചിത്രീകരിക്കുന്നതിനെയാണ്. റിയലിസം എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. സത്യത്തെ അനാവരണം ചെയ്യുമ്പോള്‍ വൈകൃതമോ അറപ്പുളവാക്കുന്നതോ ആയ കാര്യങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളെയും റിയലിസത്തില്‍ പെടുത്താം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഫ്രാന്‍സില്‍ രൂപം കൊണ്ട സാഹിത്യമുന്നേറ്റത്തെയും റിയലിസം എന്ന് വിളിച്ചു. 1800കളുടെ അവസാനത്തില്‍ ഫ്രാന്‍സില്‍ ഇത് വളരെ ജനപ്രിയകലാരൂപമായിരുന്നു. ഛായാഗ്രഹണത്തിന്റെ ആവിര്‍ഭാവത്തോടെയാണ് റിയലിസം നിലവില്‍ വന്നത്. ഈ പുതിയ ദൃശ്യസങ്കേതം ജനങ്ങളില്‍ വസ്തുതാപരമായി യഥാര്‍ത്ഥമായ കല സൃഷ്ടിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഫ്രഞ്ച് സാഹിത്യത്തിലും കലയിലും നിറഞ്ഞുനിന്ന കാല്‍പ്പനികതയ്ക്ക് (റൊമാന്റിസിസം) ശക്തമായ ബദലായിരുന്നു റിയലിസം. വ്യക്തിപരമായ ചായ്വുകള് കൊണ്ട് വളച്ചൊടിക്കപ്പെടാതെ, വസ്തുതാപരമായ യാഥാര്‍ത്ഥ്യം (ഒബ്ജെക്ടീവ് റിയാലിറ്റി) എന്ന തത്ത്വത്തില്‍ വിശ്വസിച്ച റിയലിസം അതിവര്‍ണ്ണനകള്‍ കൊണ്ടുനിറഞ്ഞ വൈകാരികതയ്ക്ക് എതിരായിരുന്നു. സത്യം, കൃത്യത എന്നിവ പല റിയലിസ്റ്റുകളുടെയും ലക്ഷ്യങ്ങളായിത്തീര്‍ന്നു.
സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ ഒട്ടും അതിശയോക്തിയില്ലാതെ ചിത്രീകരിച്ച്, അവരുടെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളില്‍ക്കൂടി ജീവിതദര്‍ശനം അനുവാചകനിലേക്ക് എത്തിച്ച ബാല്സാക്കാണ് സാഹിത്യത്തില്‍ ഈ സങ്കേതത്തിന്റെ പിതാവ്. ഇദ്ദേഹം തുറന്ന വഴികളിലൂടെ സഞ്ചരിച്ച എഴുത്തുകാരാണ് എമിലി സോള, ഫ്ളോബേര്‍ എന്നിവര്‍.
ചിത്രരചനയുടെ കാര്യത്തില്‍ സ്വാഭാവികത എന്ന് പറഞ്ഞാല്‍ വസ്തുക്കളെ കൃത്യതയോടെ വരയ്ക്കുന്ന രീതിയാണ്. ചിത്രകലയില്‍ യഥാതഥ്യ സങ്കേതം പ്രത്യക്ഷപ്പെടുന്നത് ചിത്രകാരന് തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലാണ്. ദൈനംദിന ജീവിതത്തിലെ ദൃശ്യങ്ങളും സംഭവങ്ങളും ഒട്ടും നാടകീയതയോ കൃത്രിമത്വമോ ഇല്ലാതെ അവതരിപ്പിക്കുക എന്നതാണ് ഒരു റിയലിസ്റ്റ് ചിത്രകാരന്റെ ലക്ഷ്യം. കാല്‍പ്പനികതയുടെ കൃത്രിമ നാടകീയതക്കെതിരെ പത്തൊമ്പതാം നൂറ്റാണ്ടിലെ ചില ചിത്രകാരന്മാരുടെ പ്രതികരണമാണ് പില്ക്കാലത്ത് ചിത്രകലയിലെ റിയലിസ്റ്റ് മൂവ്മെന്റ്.
Leave a Reply