മാറ്
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

‘ഹോയി ഹോയ് ഹോയ്’ എന്നൊരാളാട്ടുന്നു വഴിക്കുനി;
ന്നായതു ചെവിക്കൊള്‍വീലാഗമിപ്പവനന്യന്‍.
‘മാറെടാ തീണ്ടാപ്പാടിനപ്പുറം; ചണ്ഡാലന്‍ നീ;
യാരണന്‍ ഞാന്‍’ എന്നവര്‍ പിന്നെയും തകര്‍ക്കുന്നു.
ശ്രീകാശീയാണസ്ഥലം! ഭിക്ഷുവാണതോതുന്നോന്‍!
പോകയാണുഷസ്സിന്കല്‍ ഗംഗയില്‍ സ്‌നാനത്തിനായ് !!
സാമാന്യനല്ലപ്പുമാന്‍, സര്‍വ്വജ്ഞന്‍, ജിതേന്ദ്രിയന്‍,
ശ്രീമച്ഛ്‌ന്കരാചാര്യരദ്വൈതവിദ്യാഗുരു.
ആയവന്‍ തര്‍ജ്ജിപ്പതോ ലോകബാഹ്യനാമൊരു
നായാടി  ധര്‍മ്മാഭാസം നായാടും വനമൃഗം.
ദുസ്ത്യജം കൂടപ്പിറപ്പായിടും ജാതിദ്ദുര്‍ബ്ഭ
ള്ളത്രമേല്‍ തനിക്കുതാന്‍ പോന്നോരാം മഹാന്മാര്‍ക്കും.