സന്തുഷ്ടപദ്ധതി

തനിക്കുള്ളതുകൊണ്ടുള്ളിൽ -സന്തോഷമിയലുന്നവൻ സുരർക്കും ലഭ്യമല്ലാത്ത -സുധ നിത്യമശിക്കുവോൻ

വരാൻ വിളിച്ചിട്ടല്ലല്ലോ -വരുന്നതഴൽ ;ആവിധം വരും വരുമ്പോൾ സുഖവും ;മദ്ധ്യത്തിൽ ദൈന്യമെന്തിനോ?

സാധിക്കുന്നതു സാധിക്കും -സമ്യക്കാമുദ്യമത്തിനാൽ; പ്രാണൻ കളവതെന്തിന്നായ് -പ്രാപ്യമല്ലാത്തതിന്നു നാം ?

സന്തുഷ്ടഹൃദയന്മാർക്കു -സമ്പത്തുണ്ടെവിടത്തിലും ; ചെരിപ്പിട്ടു നടപ്പോർക്കു -ദിക്കെല്ലാം തോൽവിരിച്ചതാം.

ദു:ഖമാർക്കും കൊടാതേയും -ദുഷ്ടനെക്കുമ്പിടാതെയും ; സന്മാര്ഗ്ഗം വെടിയാതേയും; -സാധിക്കും തിരിയും ഗിരി.

കാറ്റിനാൽപ്പാമ്പു ജീവിപ്പൂ;- കാട്ടാന ചെറുപുല്ലിനാൽ ; തപോധനൻ കിഴങ്ങാലും ,-സന്തുഷ്ടിക്കാർക്കുതാൻ പണി ?

ആറുലോകങ്ങൾ മീതേയു- മാറിനോടൊന്നു താഴെയും ചമച്ചു ഭൂമിയോടോതി -സന്തോഷിച്ചീടുവാൻ വിധി.

അല്പ്പായുസ്സിൽ മരിക്കുന്നോ,- രങ്`ഗഹീനത വായ്‌‌ക്കുവോർ; പിണിതൻ വായിൽ വീഴുന്നോർ;-പിച്ചച്ചട്ടിയെടുക്കുവോർ;

സാധുക്കളെത്രെയില്ലേവം -സാമാന്യർക്കും ദയാർഹരായ്? അവരെക്കാൺകിലും നമ്മ- ളാശ്വസിക്കാത്തതത്ഭുതം.        (യുഗ്മകം )

 

കടുക്ക ദൈവം നൽകട്ടേ; -കല്ക്കണ്ടെന്നു നിനച്ചു നാം
കുടിച്ചിറക്കിയാൽത്തീർന്നു -കാര്യം; തോറ്റോടി തന്നവൻ.

ആശ്ചര്യമാം വിലങ്ങൊന്നു -ണ്ടാശയാം പേരിലൂഴിയിൽ;
തൽബദ്ധൻ ധാവനം ചെയ്‌വൂ; -തന്മുക്തൻ നില്‌പൂനിശ്ചലം.

ചൂളുക്കു വീണൂ വക്ത്രത്തിൽ; -ത്തൂവെള്ളിവടിവായ് മൂടി;
എല്ലെടുത്തു വപു,സ്സാശ -യ്‌ക്കെന്നിട്ടും നവയൗവനം!

പാശം യമൻ ഗളത്തിങ്കൽ -പ്പതിപ്പിക്കും ക്ഷണത്തിലും
പാരെല്ലാം സ്വന്തമാക്കീടാൻ -പരക്കം പാഞ്ഞീടുന്നു നാം.

എങ്ങും, വിഭവമാമാജ്യ -മെത്രയ്‌ക്കെത്രയ്‌ക്കു വീണിടും
ആശയാമഗ്നിതജ്വാല -യത്രയ്‌ക്കത്രയ്‌ക്കുയർന്നിടും.

കുഴിച്ചുമൂടും നാണത്തെ, -ക്കുരങ്ങാടിച്ചു നിർത്തിടും
കാനൽവെള്ളം കുടിപ്പിക്കും; -കടുപ്പം തൃഷ്‌ണതൻ ചതി.

ശൂന്യമാം മനമെന്നുള്ള -ചുടലക്കാട്ടിലെന്നിയേ
തൃഷ്‌ണാപിശാചിക്കാടീടാൻ -തീർത്തിട്ടില്ല കളം വിധി.

സന്തുഷ്‌ടിയെന്ന്യേ മറ്റില്ല -ശാശ്വതം ധനസഞ്ചയം;
ദുരയല്ലാതെ ലോകത്തിൽ -സ്ഥൂലമാമൃണഭാരവും.

ലഭിക്കുവോളമായാസം, ലഭിച്ചാലപ്പുറം മദം,
ദുഃഖം പൊയ്‌പോകിൽ;മറ്റെന്തും; -സുഖം സന്തോഷമൊന്നുതാൻ;

സ്വർഗ്ഗം മന്നോടടുപ്പിക്കും -ദൂരദർശിനിപോലവേ;
സ്വല്‌പത്തെ വലുതായ്‌ക്കാട്ടും -സൂക്ഷ്‌മദർശിനിപോലെയും.
(യുഗ്മകം)

ആരോഗ്യമേകുമാഹാര -മാധിതീർക്കുന്ന ഭേഷജം;
അന്തസ്സന്തോഷ,മതുവി -ട്ടാശയ്‌ക്കെന്തർഹമൂഴിയിൽ?