കേരളത്തിലെ ആദ്യകാല സാഹിത്യം

മലയാളം ഒരു സ്വതന്ത്രഭാഷയായി ഉരുത്തിരിഞ്ഞുവരുന്നതിനും അതില്‍ സാഹിത്യനിര്‍മാണം ആരംഭിക്കുന്നതിനും മുമ്പ് ഇവിടത്തെ കവികള്‍ക്ക് സംസ്‌കൃതത്തോടും ചെന്തമിഴിനോടുമായിരുന്നു ആഭിമുഖ്യം. ചെന്തമിഴില്‍ രചിച്ച സംഘകാലകൃതികളില്‍ പ്രധാനപ്പെട്ട പങ്ക് കേരള കവികളുടേതായിരുന്നു എന്നാണ് കണക്കാക്കുന്നത്. കപിലര്‍, പരണര്‍, ഇളങ്കോവടികള്‍, കുലശേഖര ആള്‍വാര്‍, ഔവ്വയാര്‍ തുടങ്ങിയ കവികളും കുലശേഖര വര്‍മ, ശ്രീശങ്കരാചാര്യര്‍, വാസുദേവഭട്ടതിരി പോലുള്ള സംസ്‌കൃത കവികളും പണ്ഡിതരും മലയാളികളാണല്ലോ.
പന്ത്രണ്ടാം ശതകത്തിനുമുമ്പ് മലയാളത്തില്‍ എഴുതപ്പെട്ടതെന്നു കരുതുന്ന ഒരു കൃതിയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ആ നിലയ്ക്ക് മലയാള ഭാഷയുടെ പിറവിമുതല്‍ പന്ത്രണ്ടാം ശതകം വരെ സാഹിത്യരചന ഉണ്ടായിരുന്നു എന്നു പറയാന്‍ തെളിവ് ലഭിച്ചിട്ടില്ല. എന്നാല്‍, ഒന്നുമുണ്ടായിട്ടില്ല എന്നു കരുതുന്നതും ശരിയല്ല. കണ്ടുകിട്ടാത്തതാകാം.
കേരളഭാഷയ്ക്ക് ഒരു ലിഖിതരൂപം അഥവാ വരമൊഴി പന്ത്രണ്ടാം നൂറ്റാണ്ടിനുമുമ്പുതന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതിന് ഒമ്പതാം നൂറ്റാണ്ടുമുതല്‍ അതുവരെയുള്ള 300 വര്‍ഷത്തിനിടെ കിട്ടിയ ശാസനങ്ങള്‍ തെളിവാണ്. പില്‍ക്കാല ഭാഷയിലും സാഹിത്യത്തിലും കാണപ്പെട്ട തമിഴ്, സംസ്‌കൃത പ്രാഭവങ്ങളുടെ പൂര്‍വകാല മാതൃകകള്‍ ശാസനഭാഷകളില്‍ കണ്ടെത്താനാകും എന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
സംസ്‌കൃത സാഹിത്യത്തിന്റെയും ചെന്തമിഴ് സാഹിത്യത്തിന്റെയും ചൈതന്യം ഉള്‍ക്കൊണ്ടാണ് മലയാള സാഹിത്യം പിറവികൊണ്ടത്. മലയാളത്തിലെ പാട്ട് പ്രസ്ഥാനം ചെന്തമിഴ് സാഹിത്യത്തിന്റെയും മണിപ്രവാളം സംസ്‌കൃത സാഹിത്യത്തിന്റെയും പാരമ്പര്യം ഉള്‍ക്കൊള്ളുന്നു.

ശുദ്ധമലയാളം എന്നു വിളിക്കാവുന്ന മറ്റൊരു കാവ്യമാര്‍ഗം കൂടി ഇവിടെ പ്രചരിച്ചിരുന്നു. ഓണപ്പാട്ട്, കൃഷിപ്പാട്ട്, തെക്കന്‍പാട്ട്, വടക്കന്‍പാട്ട് എന്നിങ്ങനെ മനുഷ്യജീവിതവുമായി ആഴത്തില്‍ ബന്ധമുള്ളതും ആചാരം, അനുഷ്ഠാനം, ഉത്സവം, തൊഴിലുകള്‍ എന്നിവയുമായി ബന്ധമുള്ളതുമായ പാട്ടുകളെല്ലാം ശുദ്ധമലയാളത്തിലാണ് കിട്ടിയിട്ടുള്ളത്. ഇതിന്റെ കാലം സംബന്ധിച്ച തര്‍ക്കങ്ങളുണ്ടാകാം.

പാട്ട് പ്രസ്ഥാനം

പാട്ട് എന്ന പദം സാമാന്യാര്‍ഥത്തില്‍ വ്യവഹരിക്കുമ്പോള്‍ ഞാറ്റുപാട്ട്, കൃഷിപ്പാട്ട്, പാണപ്പാട്ട്, പുള്ളുവന്‍ പാട്ട്, തെക്കന്‍പാട്ട്, വടക്കന്‍ പാട്ട് എന്നിങ്ങനെ ഉണ്ടായിരുന്ന നാടോടി പാരമ്പര്യത്തിലുളള പാട്ടുകളും നാടന്‍ കഥാഗാനങ്ങളുമെല്ലാം പെടുമെങ്കിലും, പാട്ട് പ്രസ്ഥാനം എന്നു പറയുമ്പോള്‍ ലീലാതിലകത്തില്‍ പാട്ടിന് നല്‍കിയിട്ടുള്ള നിര്‍വചനവും അതുമായി ബന്ധപ്പെട്ട സവിശേഷതകളുമാണ് വിഷയീഭവിക്കുക. പാട്ടിനെ മണിപ്രവാളത്തില്‍ നിന്ന് വ്യാവര്‍ത്തിപ്പിക്കാനാണ് പാട്ടനെ ലീലാതിലകകാരന്‍ നിര്‍വചിക്കുന്നത്.
    'ദ്രമിഡസംഘാതാക്ഷരനിബന്ധ-

മെതുകമോനവൃത്തവിശേഷയുക്തം പാട്ട്] എന്നാണ് ആ നിര്‍വചനം.
ദ്രമിഡസംഘാതാക്ഷരങ്ങള്‍ മാത്രമുപയോഗിച്ച്, എതുകയും മോനയും ദീക്ഷിച്ച്, വൃത്തവിശേഷയുക്തമായിട്ടുള്ള നിബന്ധമാണ് പാട്ട്. ദ്രമിഡ സംഘാതാക്ഷരം എന്നാല്‍ തമിഴക്ഷരമാലയാണ്. അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ എന്നീ പന്ത്രണ്ട് സ്വരങ്ങളും ക,ങ,ച,ഞ,ട,ണ, ത, ന, പ,മ, യ,ര,ല,വ, ഴ,റ, എന്നീ വ്യഞ്ജനാക്ഷരങ്ങളും ആണ് തമിഴക്ഷരമാലയിലുള്ളത്.
പദത്തിലെ രണ്ടാമത്തെ അക്ഷരവും ഒന്നാമത്തെ അക്ഷരത്തിന്റെ മാത്രയും എല്ലാ പാദങ്ങളിലും യോജിച്ചുവരുന്നതാണ് എതുക. ‘സര്‍വേഷ്വപിപാദേഷു ദ്വിതീയാക്ഷരസാമ്യം എതുക’ എന്ന് ലീലാതിലകകാരന്‍ നിര്‍ദേശിക്കുന്നു. സംസ്‌കൃതത്തിലും മലയാളത്തിലും കാണുന്ന ദീതീയാക്ഷരപ്രാസത്തിനു തുല്യമാണ് പാട്ടിലെ എതുക എന്നു തോന്നും. ശരിയല്ല. വെറും ദ്വിതീയാക്ഷര പ്രാസമല്ല എതുക. ഉദാ: കട്ടു എന്നതിന് പട്ടു എതുകയാകും, പാട്ട് എതുകയാവില്ല. ഒരോ അടിയുടെയും രണ്ടാമത്തെ അക്ഷരം ആവര്‍ത്തിച്ചാല്‍ മാത്രം പോരാ, ആദ്യക്ഷരത്തിന്റെ മാത്രയും കൂടി ഒത്തുവരണം.
പാദാര്‍ധങ്ങളുടെ ആദ്യക്ഷരങ്ങള്‍ക്കുള്ള സാമ്യമാണ് മോന. സംസ്‌കൃതത്തില്‍ നിന്ന് ഭിന്നമായ വൃത്തമാണ് വൃത്തവിശേഷം. വസന്തതിലകം, ശാര്‍ദ്ദൂലവിക്രീഡിതം, മാലിനി തുടങ്ങിയ സംസ്‌കൃതവൃത്തങ്ങളാണ് സാധാരണയായി മണിപ്രവാളത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍, പാട്ടില്‍ ദ്രാവിഡ വൃത്തങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.
പാട്ട് സാഹിത്യത്തിലെ പ്രമുഖ കൃതികളെല്ലാം ആധ്യാത്മികോന്നതി ലക്ഷ്യമാക്കി രചിക്കപ്പെട്ടവയാണ്. മണിപ്രവാളത്തില്‍ ജ്യോതിഷഗ്രന്ഥങ്ങളും തച്ചുശാസ്ത്ര ഗ്രന്ഥങ്ങളും എഴുതിയിരുന്നപോലെ പാട്ടിലും ശാസ്ത്രഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരുന്നു. ‘കണക്കതികാരം’ എന്ന പാട്ട് ഒരു ഗണിതശാസ്ത്രകൃതിയാണ്.

പത്താം ശതകംവരെയും ചില നാടന്‍പാട്ടുകളല്ലാതെ പ്രൗഢസാഹിത്യകൃതികളൊന്നും കേരളഭാഷയില്‍ ഉണ്ടായിരുന്നു എന്നു തോന്നുന്നില്ലെന്ന് സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന കൃതിയില്‍ ഡോ.കെ.എം.ജോര്‍ജ് അഭിപ്രായപ്പെടുന്നു. മലയാളത്തിലെ സാഹിത്യകൃതികള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ പതിനാറാംശതകം വരെയും തമിഴിന്റെ സ്വാധീനശക്തി നീണ്ടുനിന്നതായി കാണാം എന്നും അദ്ദേഹം പറഞ്ഞു.
ഇതിനെ ഭാഷാ ചരിത്രകാരനായ ആര്‍.നാരായണപ്പണിക്കര്‍ 'ദ്രാവിഡ പ്രഭാവകാലം'  എന്ന് വിളിച്ചു.

ചെന്തമിഴിന്റെ അതിപ്രസരം വ്യക്തമായി പ്രദര്‍ശിപ്പിക്കുന്ന പല കൃതികളും കേരളത്തില്‍ ലഭിക്കുന്നു. അവയെ മൊത്തത്തില്‍ രണ്ടായി തിരിക്കാമെന്ന് കെ.എം.ജോര്‍ജ്.
  1. പാട്ടുഭാഷാ സാഹിത്യം
  2. നിയമങ്ങളില്‍ അയവുവരുത്തിയതും സ്വാതന്ത്ര്യം വളരെയേറെ എടുത്തതുമായ കൃതികള്‍. ഇതില്‍ നിരണംകൃതികള്‍, ഭാഷാകൗടലീയം, ആട്ടപ്രകാരം എന്നിവ ഉള്‍പ്പെടുന്നു.

പാട്ട് സാഹിത്യം

മണിപ്രവാള ലക്ഷണഗ്രന്ഥമായ ‘ലീലാതിലകത്തിലാണ് പാട്ടിന് നിര്‍വചനം നല്‍കിയിട്ടുള്ളത്. അതില്‍ ആനുഷംഗികമായി മാത്രമാണ് പാട്ടിനെപ്പറ്റി പറയുന്നത്. ഒന്നാം ശില്പം പതിനൊന്നാം സൂത്രത്തില്‍ ഇങ്ങനെ പറയുന്നു:
‘ ദ്രമിഡസംഘാതാക്ഷരനിബദ്ധം
എതുകമോനവൃത്തവിശേഷയുക്തം പാട്ട്”
ഈ സൂത്രം വിശദീകരിക്കാനായി ലീലാതിലകത്തില്‍ നല്‍കിയിട്ടുള്ള ഉദാഹരണപദ്യം ഇതാണ്:
‘ തരതലന്താനളന്താ, പിളന്താ പൊന്നന്‍
തനകചെന്താര്‍, വരുന്താമല്‍വാണന്‍തന്നെ
കരമരിന്താ, പൊരുന്താനവന്മാരുടെ
കരളെരിന്താ, പുരാനേ, മുരാരി കിണാ
ഒരു വരന്താ പരന്താമമേ, നീ കനി-
ന്തുരകചായീ പിണിപ്പവ്വം നീന്താവണ്ണം;
ചിരതരംതാള്‍ പണിന്തേനയ്യോ താങ്കെന്നെ-
ത്തിരുവനന്താരപുരം തങ്കുമാനന്തനേ”

പാട്ടിലെ ഭാഷയെക്കുറിച്ച് ലീലാതിലകകാരന്‍ പറയുന്നത് ഇങ്ങനെയാണ്:
” പാണ്ഡ്യഭാഷാ സാരൂപ്യം ബാഹുല്യേന പാട്ടില്‍ കേരളഭാഷായാം ഭവതി”

ലീലാതിലകകാരന്റെ ലക്ഷണത്തിലെ വസ്തുതകള്‍ പരിശോധിക്കാം.

എതുക എന്നാല്‍
തമിഴ് വാക്കാണിത്. സംസ്‌കൃതത്തിലെയും മലയാളത്തിലെയും ദ്വിതീയാക്ഷര പ്രാസമാണിത്. മാത്രമല്ല, ആദ്യാക്ഷരത്തിന്റെ മാത്രയും ഒത്തുവരണം.

മോന എന്നാല്‍
പാദര്‍ദ്ധ പ്രാസം ആണിത്. ഓരോ പാദവും രണ്ടുഭാഗങ്ങളായി തിരിക്കുമ്പോള്‍ രണ്ടുഭാഗങ്ങളിലെയും ആദ്യക്ഷരം യോജിച്ചുവന്നാല്‍ ആ പ്രാസത്തിനാണ് മോന എന്നു പറയുന്നത്.

വൃത്തവിശേഷം എന്നാല്‍
സംസ്‌കൃത വൃത്തങ്ങളില്‍ നിന്നും സാധാരണ മണിപ്രവാളങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു വൃത്തം, അതായത് ദ്രാവിഡവൃത്തം. വസന്തതിലകം, ശാര്‍ദ്ദൂലവിക്രീഡിതം, മാലിനി തുടങ്ങിയ സംസ്‌കൃതവൃത്തങ്ങളാണ് മണിപ്രവാളത്തില്‍ ഉപയോഗിക്കുന്നത്. ഇതു പാട്ടിന് പാടില്ല എന്ന വിലക്കാണ്. ദ്രാവിഡവൃത്തങ്ങള്‍ മാത്രമേ പാട്ടിന് ഉപയോഗിക്കാവൂ എന്നര്‍ഥം.

ആരിയച്ചിതൈവ് പദങ്ങള്‍ എന്താണ്?
സംസ്‌കൃത പദം ദ്രമിഡ സംഘാതാക്ഷരമാക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളെയാണ് ഇങ്ങനെ പറയുന്നത്. ആരിയച്ചതവ് എന്നാണ് അര്‍ഥം.
ഉദാ: ശ്രീരാമന്‍-ചീരാമന്‍
ലക്ഷ്മണന്‍- ഇലക്കണന്‍,
അജന്‍-അയന്‍
ചെയ്യുള്‍ വികാരങ്ങള്‍ എന്നാലെന്ത്?

വലിത്തല്‍, നീട്ടല്‍, കുറുക്കല്‍, വിരിത്തല്‍, മുതല്‍ക്കുറൈ, ഇടൈക്കുറൈ, കടക്കുറൈ എന്നിങ്ങനെ വരുത്തുന്ന മാറ്റങ്ങളാണ് ചെയ്യുള്‍ വികാരങ്ങള്‍.

കെ.എം.ജോര്‍ജ് പാട്ട് സാഹിത്യത്തെ തമിഴ് മിശ്ര സാഹിത്യത്തില്‍ ഉള്‍പ്പെടുത്തുന്നു.

തിരുനിഴല്‍ മാല

മലയാള സാഹിത്യത്തിലെ പ്രാചീന പ്രസ്ഥാനമാണ് പാട്ട്. തിരുനിഴല്‍ മാലയാണ് കണ്ടെടുത്തതില്‍ വച്ചേറ്റവും പ്രാചീനമെന്നാണ് കരുതുന്നത്. പാട്ട് പ്രസ്ഥാനത്തിന്റേതായി കിട്ടിയിട്ടുള്ള പ്രഥമ ഗ്രന്ഥമായി കണക്കാക്കുന്നത് രാമചരിതമാണ്. എന്നാല്‍, അതിനേക്കാള്‍ പഴക്കമുള്ളതാണ് തിരുനിഴല്‍മാല എന്നാണ് ചില പണ്ഡിതന്മാര്‍ അവകാശപ്പെടുന്നത്.

കാസര്‍കോട് ജില്ലയിലെ വെള്ളുരയിലുള്ള ചാമക്കാവ് ദേവസ്വത്തില്‍ നിന്നാണ് തിരുനിഴല്‍മാല കണ്ടെത്തിയത്. ലീലാതിലകം എന്ന മലയാളത്തിലെ ആദ്യത്തെ വ്യാകരണ-ലാക്ഷണിക ഗ്രന്ഥത്തില്‍ പാട്ടിന് പറയുന്ന നിര്‍വചനത്തിനൊക്കുന്നതാണ് അത്. മലനാട്ടില്‍ ഭാഷാ കവിത ആരംഭിക്കുന്നതിനെപ്പറ്റി ആദ്യമായി പരാമര്‍ശമുള്ള കൃതിയാണിത്. മലനാട്ടിലെ ആദ്യകവി കുറുമര്‍പിള്ളയാണെന്നും ഈ കൃതി സൂചിപ്പിക്കുന്നു.

ആറന്മുള ക്ഷേത്രത്തില്‍ ശ്രീകൃഷ്ണന് ബലി നല്‍കുന്നത് മലയരയരാണ് എന്ന് ഈ കൃതി പറയുന്നു. 539 ഈരടികളുള്ള തിരുനിഴല്‍മാലയില്‍ എണ്‍സാമന്തരെക്കുറിച്ച് പരാമര്‍ശമുണ്ട്. വേണാട്, ഓടനാട്, വെണ്‍പലനാട്, വള്ളുവനാട്, എറനാട് എന്നീ നാടുകള്‍ ഭരിച്ചവരാണ് എണ്‍സാമന്തന്മാര്‍.

പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്ന ഐതിഹ്യത്തിന്റെ സൂചന ആദ്യം നല്‍കുന്ന കൃതിയാണ് തിരുനിഴല്‍മാല. കേരളത്തില്‍ നാലുതളികളുണ്ടെന്ന് പറയുന്ന കൃതിയില്‍ തിരുവഞ്ചിക്കുളത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.

തിരുനിഴല്‍മാല ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ഡോ.എം.എം.പുരുഷോത്തമന്‍ നായരാണ്. പാട്ടിന്റെ ബാഹ്യരൂപവും മണിപ്രവാളത്തിന്റെ അന്തര്‍ഭാവവും ചേര്‍ന്ന തിരുനിഴല്‍മാല രണ്ടിന്റെയും സമന്വയമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 
ഈ കൃതിയെക്കുറിച്ച് പഠിച്ചിട്ടുള്ള മറ്റൊരു പണ്ഡിതന്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണനാണ്. തിരുനിഴല്‍മാല ഒരു തെക്കന്‍ കൃതിയാണെന്നും കോകസന്ദേശത്തിനുമുമ്പ് പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുണ്ടായ കൃതിയാണെന്നും അദ്ദേഹം പറഞ്ഞു.
ശാസനങ്ങളില്‍ തുടങ്ങി ഭാഷാകൗടലീയത്തിലൂടെയും അനന്തപുരവര്‍ണനത്തിലൂടെയും  ലീലാതിലകത്തില്‍ വന്നെത്തുന്ന കേരളഭാഷയുടെ മുഖ്യസ്വഭാവഭേദങ്ങള്‍ തിരുനിഴല്‍മാലയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാമചരിതം

ലീലാതിലകകാരന്‍ പറയുന്ന പാട്ടിന്റെ ലക്ഷണങ്ങള്‍ പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്ന കൃതിയാണ് രാമചരിതം എന്ന് ഡോ.കെ.എം.ജോര്‍ജ് പറയുന്നു. പ്രഥമ പാട്ടുകൃതിയായി മിക്ക പണ്ഡിതന്മാരും കണക്കാക്കുന്നത് രാമചരിതമാണ്. രാമചരിതത്തിന്റെ നിസ്തുല പ്രാധാന്യത്തെ ആദ്യം പണ്ഡിതശ്രദ്ധയില്‍ക്കൊണ്ടുവന്നത് ജര്‍മന്‍ പണ്ഡിതനായ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആണ്. അദ്ദേഹം അതിനെ വിളിച്ചത് ഇരാമചരിതം എന്നാണ്. പാട്ടിലെ ഭാഷയുടെ ലക്ഷണം  വച്ച് രാമന്‍ എന്നു പറയാനാകില്ല, ഇരാമന്‍ എന്നേ പറയാനാകൂ.
രാമചരിതത്തിലെ അധ്യായത്തിന് പറഞ്ഞിരുന്നത് പടലം എന്നായിരുന്നു. ആകെ 164 പടലങ്ങളുണ്ട്. ഓരോ പടലത്തിലും പത്തില്‍ കുറയാതെ പാട്ടുകളുണ്ട്. മൊത്തം പാട്ടുകളുടെ എണ്ണം 1814 ആണ്.

1917ല്‍ 'പ്രാചീന മലയാള മാതൃകകള്‍' എന്ന പേരില്‍ രാമചരിതത്തിലെ ആദ്യത്തെ മുപ്പതു പടലങ്ങള്‍ മഹാകവി ഉള്ളൂരാണ് പ്രസാധനം ചെയ്തത്. മലയാളത്തിന്റെ ഹോമര്‍ എന്ന് രാമചരിതകാരനെ ഉള്ളൂര്‍ വിശേഷിപ്പിക്കുകയും ചെയ്തു.

രാമചരിതം പൂര്‍ണമായി മുദ്രണം ചെയ്തത് 1932ല്‍ മാത്രമാണ്. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ശ്രീചിത്രോദയ മഞ്ജരീ ഭാഷാഗ്രന്ഥാവലിയുടെ ഭാഗമായിട്ടായിരുന്നു അത്.
കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ പലയിടത്തുനിന്നായി രാമചരിതത്തിന്റെ പല കൈയെഴുത്തു പ്രതികളും കണ്ടെടുത്തിട്ടുള്ളതിനാല്‍ അക്കാലത്ത് അതിന് നല്ല പ്രചാരം കിട്ടിയിരുന്നു എന്നുവേണം കരുതാന്‍.
രാമചരിതത്തില്‍ ഉപയോഗിച്ചിരിക്കുന്ന പ്രാസം സ്വാഭാവികാമയി ദ്വിതീയാക്ഷരപ്രാസമാണ്.
ഭക്തി വളര്‍ത്തുക എന്ന ലക്ഷ്യമാണ് ചീരാമകവിക്ക് ഉണ്ടായിരുന്നതെങ്കിലും പ്രധാനമായി വാല്മീകീ രാമായണത്തിലെ യുദ്ധകാണ്ഡമാണ് ആശ്രയിച്ചിരിക്കുന്നത്. രചനാലക്ഷ്യം കൃതിയില്‍ ഇങ്ങനെ വിവരിക്കുന്നു:
” ഊനമറ്റെഴുമീരാമചരിതത്തിലൊരു
തെല്ലൂഴിയില്‍ ചെറിയവര്‍ക്കറിയുമാറുര ചെയ്‌വേന്‍..”

ശിവരാമന്‍ എന്നാണ് കവിയുടെ പേരെന്നും അതാണ് ചീരാമന്‍ എന്നായതെന്നും കോവുണ്ണിനെടുങ്ങാടി അഭിപ്രായപ്പെടുന്നു. അദ്ദേഹം തിരുവിതാംകൂറിലെ ഒരു ഭരണാധികാരി ആയിരുന്നു എന്നും കോവുണ്ണി ഊഹിച്ചു. മഹാകവി ഉള്ളൂര്‍ പറയുന്നത്, കൊല്ലവര്‍ഷം 371ല്‍ വേണാട് ഭരിച്ചിരുന്ന ശ്രീവീരരാമവര്‍മയാണ് കവി എന്നാണ്. വേറെയും പണ്ഡിതന്മാര്‍ പല വാദഗതികളും പറഞ്ഞിട്ടുണ്ടെങ്കിലും കാവ്യപരാമര്‍ശത്തിലെ തെളിവുവച്ച് ചീരാമന്‍ എന്ന് ഉറപ്പിക്കാം. അദ്ദേഹം രാജാവായിരുന്നു എന്നതിന് ഉറച്ച തെളിവൊന്നുമില്ല.

ഒരു കാര്യം വ്യക്തമാണ്. കവി മലയാളം, തമിഴ്,സംസ്‌കൃതം എന്നിവയില്‍ നിപുണനായിരുന്നു.

രാമചരിതത്തിന്റെ അംഗിയായ രസം വീരം ആണ്. ഭടജനങ്ങള്‍ക്ക് ഉത്തേജനം നല്‍കാനാണ് രചന.
പന്ത്രണ്ടാം ശതകത്തിന്റെ അവസാനമോ പതിമൂന്നാം ശതകത്തിന്റെ ആരംഭമോ ആകാം രാമചരിതകാലം എന്ന് കരുതുന്നു. എന്നാല്‍ ആര്‍.നാരായണപ്പണിക്കര്‍ അതു പതിനഞ്ചാം ശതകം വരെ നീട്ടിക്കൊണ്ടുപോകുന്നു. നിരണം കവികളുടെ പല കൃതികളും പതിനാലാം ശതകത്തിലേതാണ്. അതിനാല്‍, അതിനേക്കാള്‍ പ്രാചീനമാണ് രാമചരിതം എന്ന് മിക്ക പണ്ഡിതന്മാരും കരുതുന്നു.
മലയാള ഭാഷയിലെ എറ്റവും പ്രാചീനമായ കൃതിയാണ് രാമചരിതം എന്ന് അഭിപ്രായപ്പെട്ടത് ഗുണ്ടര്‍ട്ടാണ്. സംസ്‌കൃതാക്ഷരമാല മലയാളത്തില്‍ സ്വീകരിക്കുന്നതിനു മുമ്പുള്ളതും, ഭാഷയുടെ ആദ്യരൂപത്തെ പ്രതിഫലിപ്പിക്കുന്നതുമായ കൃതിയാണ് രാമചരിതം എന്ന് ഗുണ്ടര്‍ട്ട്. ഗുണ്ടര്‍ട്ടിന്റെ അഭിപ്രായത്തോട് ഡോ. കാള്‍ഡ്വെല്ലും പി.ഗോവിന്ദപ്പിള്ളയും യോജിക്കുന്നു. മലയാളം തമിഴില്‍ നിന്ന് ഒരു പ്രത്യേക ഭാഷയായി പിരിഞ്ഞുപോന്ന ഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന കൃതിയാണ് രാമചരിതം എന്ന് ഉള്ളൂര്‍ പറയുന്നു.

രാമചരിതം ഒരു മലയാള കൃതിയല്ല, തമിഴ് കൃതിയാണ് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ടി.എ.ഗോപിനാഥ റാവുവും കെ.ജി.ശേഷയ്യരും അക്കൂട്ടത്തില്‍പ്പെടുന്നു.
രാമചരിതം മലയാളത്തിന്റെ പൂര്‍വരൂപത്തെ പ്രകാശിപ്പിക്കുന്നു എന്നും ഭാഷാസാഹിത്യത്തിലെ എറ്റവും പഴയകൃതിയാണെന്നുമുള്ള വാദത്തെ എതിര്‍ക്കുവന്നരുമുണ്ട്. ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയാണ് അതില്‍ മുമ്പന്‍. അദ്ദേഹത്തോട് യോജിക്കുന്നവര്‍ ഡോ.ചേലനാട്ട് അച്യുതമേനോനും ഡോ.ഗോദവര്‍മയുമാണ്.

സ്വരാദി നിയമം എന്നാല്‍
തമിഴില്‍ ര,ല എന്നീ അക്ഷരങ്ങളില്‍ ഒരു പദവും ആര്‍ംഭിക്കുകയില്ല. അങ്ങനെ വരുന്ന വാക്കുകളുടെ മുന്നില്‍ സ്വരം ചേര്‍ക്കും. ഉദാ: ഇരാമന്‍, ഇരണ്ട്. ഇലക്കണന്‍ (ലക്ഷ്മണന്‍)

പാട്ടിന്റെ ലക്ഷണം നിര്‍വചിച്ചശേഷം ലീലാതിലകകാരന്‍ നല്‍കിയ ഉദാഹരണപദ്യങ്ങളില്‍ ഒന്ന് നല്‍കിയിട്ടുണ്ട്.
അതിതാണ്:
‘ തരതലന്താനളന്താ, പിളന്താ പൊന്നന്‍
തനകച്ചെന്താര്‍, വരുന്താമല്‍ വാണന്‍തന്നെ
കരമരിന്താ, പൊരുന്താനവന്മാരുടെ
കരളെരിന്താ, പുരാനേ, മുരാരി കിണാ
ഒരു വരന്താ പരന്താമമേ, നീ കനി-
ന്തുരകചായീ പിണിപ്പൗവ്വം നീന്താവണ്ണം’
ചിരതരംതാള്‍ പണിന്തേനയ്യോ താങ്കെന്നെ-
ത്തിരുവനന്താപുരം തങ്കുമനന്തനേ.”

പാട്ടിന്റെ ലക്ഷണങ്ങള്‍ മുഴുവന്‍ പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്ന ഒരു മഹാഗ്രന്ഥമാണ് രാമചരിതം. ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് പില്‍ക്കാലത്ത് രാമചരിതത്തെ പണ്ഡിതശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതിന്റെ ഒരു കൈയെഴുത്ത് പ്രതി അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. 1917ല്‍ ‘ പ്രാചീന മലയാള മാതൃകകള്‍’ എന്ന പേരില്‍ രാമചരിതത്തിന്റെ മുപ്പതു പടലങ്ങള്‍ മഹാകവി ഉള്ളൂര്‍ പ്രകാശനം ചെയ്തു. രാമചരിതം പൂര്‍ണമായി മുദ്രണം ചെയ്തത് 1932ല്‍ മാത്രമാണ്. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ‘ശ്രീചിത്രോദയ മഞ്ജരി ഭാഷാ ഗ്രന്ഥാവലി’യിലാണ് ഈ കൃതിയും പ്രസിദ്ധീകരിച്ചത്.
1814 പാട്ടുകള്‍ ഉള്ള ഒരു ബൃഹ്ദ് കൃതിയാണ് രാമചരിതം.
രാമചരിതത്തിലെ ഒന്നാമത്തെ പാട്ട് ഇതാണ്:
‘ കാനനങ്കളിലരന്‍ കളിറുമായ് കരിണിയായ്
കാര്‍നെടുങ്കണ്ണുമതമ്മില്‍ വിളയാടി നടന്ന-
ന്റാനനം വടിവുള്ളാനവടിയാവതരിത്തരി-
ത്താതിയേ! നല്ല വിനായകനെന്മൊരമലനേ!
ഞാനിതൊന്റുതുനിയിന്റതിനെന്‍ മാനതമെന്നും
നാളതാര്‍തന്നില്‍ നിരന്തരമിരുന്തരുള്‍ തെളി-
ന്തൂനമറ്ററിവെനക്കു വന്നുതിക്കുംവണ്ണമേ-
യൂഴിയേഴിലും നിറൈന്ത മറഞാനപൊരുളേ!”

രാമചരിതത്തിന്റെ കര്‍ത്തൃത്വം, കാലം എന്നിവ സംബന്ധിച്ച് ഊഹോപോഹങ്ങളും തര്‍ക്കങ്ങളുമാണുള്ളത്. തിരുവിതാംകൂറിലെ ഒരു ഭരണാധികാരി ആയിരുന്നു എന്ന അഭിപ്രായത്തിന് പ്രചാരം നല്‍കിയത് കോവുണ്ണി നെടുങ്ങാടിയാണ്. രാമായണത്തിലെ യുദ്ധകാണ്ഡം മാത്രം പ്രതിപാദിച്ചിരി’ക്കുന്നത് യോദ്ധാക്കള്‍ക്ക് ഉത്തേജനം നല്‍കുന്നതിനാണ് എന്നും പറയുന്നു.

കവിയും കാലവും

'ചീരാമന്‍'    എന്നു പേരുള്ള ഒരാളാണ് രാമചരിതത്തിന്റെ കര്‍ത്താവ് എന്ന് ആഭ്യന്തര തെളിവുണ്ട്. കൃതിയുടെ അവസാനത്തെ പാട്ടില്‍ അതുണ്ട്. കൊല്ലവര്‍ഷം 371ല്‍ (എ.ഡി 1196) വേണാട് ഭരിച്ചിരുന്ന ശ്രീവീരരാമവര്‍മയാണ് കവി എന്നാണ് മഹാകവി ഉള്ളൂരിന്റെ വാദം. ശ്രീരാമന്‍ എന്ന പേരിന്റെ തത്ഭവമാണ് ചീരാമന്‍.
എന്നാല്‍, കേരളഭാഷാസാഹിത്യ ചരിത്രകാരനായ ആര്‍.നാരായണപ്പണിക്കര്‍ അതിനെ എതിര്‍ക്കുന്നു. ശിവരാമന്‍ എന്നതില്‍നിന്നായിക്കൂടേ ചീരാമന്‍ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ശ്രീപത്മനാഭനെ സ്തുതിച്ചതുകൊണ്ടുമാത്രം തിരുവിതാംകൂര്‍ രാജാവാകണം കവി എന്നില്ല. ചിറവായിലെ രാമവര്‍മ മൂത്തതിരുവടി (പതിനഞ്ചാം ശതകം) ആകണം കവി എന്നാണ് പണിക്കരുടെ പക്ഷം.
എന്തായാലും ഒരു കാര്യം ഉറപ്പ്. കവി മലയാളത്തിലും തമിഴിലും സംസ്‌കൃതത്തിലും ഒരുപോലെ പണ്ഡിതനായിരുന്നു. രാമചരിതത്തിന്റെ അംഗിയായ രസം വീരമാണ്. പന്ത്രണ്ടാം ശതകത്തിന്റെ ഒടുവിലോ പതിമൂന്നാം ശതകത്തിന്റെ ആരംഭത്തിലോ ആകണം കാവ്യം രചിച്ചത്.

രാമചരിതത്തിലെ ഭാഷയെപ്പറ്റിയുള്ള വാദമുഖങ്ങള്‍

മലയാളഭാഷയിലെ എറ്റവും പ്രാചീനമായ കൃതിയാണ് രാമചരിതം എന്ന ഗുണ്ടര്‍ട്ടിന്റെ അഭിപ്രായം ശരിയാണ്. അതിലെ ഭാഷയെപ്പറ്റി ഗുണ്ടര്‍ട്ട് ഇങ്ങനെ പറയുന്നു: ' സംസ്‌കൃതാക്ഷരമാല മലയാളത്തില്‍ സ്വീകരിക്കുന്നതിനു മുമ്പുള്ളതും, ഭാഷയുടെ ആദ്യരൂപത്തെ പ്രതിഫലിപ്പിക്കുന്നതുമായ കൃതി.
മഹാകവി ഉള്ളൂര്‍: ' മലയാളം തമിഴില്‍ നിന്ന് ഒരു പ്രത്യേകഭാഷയായി പിരിഞ്ഞുപോന്ന ഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കൃതി.'.. രാമചരിതം ഒരു തമിഴ് കൃതിയോ മിശ്രഭാഷാ കൃതിയോ അല്ല; അതുണ്ടായ കാലത്തെ മലയാളം പാട്ടിന് ഉപയോഗിച്ചിരുന്ന സാഹിത്യഭാഷയില്‍ രചിച്ചതാണ്.
രാമചരിതം മലയാളകൃതിയല്ല, ഒരു തമിഴ്കൃതിയാണെന്ന് വാദിച്ചവരുമുണ്ട്. എ.ഗോപിനാഥ റാവു, കെ.ജി.ശേഷയ്യഥര്‍ എന്നീ പണ്ഡിതര്‍ അതില്‍പ്പെടുന്നു.

ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ പക്ഷം ഇതാണ്: ” തിരുവിതാംകൂറിന്റെ തെക്കേ അറ്റം ഇന്നും തമിഴ് സംസാരഭാഷയായിട്ടുള്ള ഒരു പ്രദേശമാണ്. മലയാളപ്രദേശത്തിന്റെയും തമിഴ്പ്രദേശത്തിന്റെയും ഇടയ്ക്ക് ദ്വിഭാഷാ പ്രദേശമെന്ന് ഗണിക്കാവുന്ന ഒരു ഭൂഭാഗമുള്ളത് വടക്കോട്ട് തിരുവനന്തപുരം വരെയും ഉണ്ട്. ഈ ദ്വിഭാഷാ പ്രദേശത്തുനിന്നും ഉത്ഭവിച്ച ഒരു കൃതിയാകയാലാണ് രാമചരിതത്തിലെ ഭാഷ തമിഴ്-മലയാള സമ്മിശ്രമായിരിക്കുന്നത്.”
ആറ്റൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് ആര്‍.നാരായണപ്പണിക്കരും ചേലനാട്ട് അച്യുതമേനോനും ഡോ.ഗോദവര്‍മയും.
ഡോ.കെ.എം.ജോര്‍ജിന്റെ വാദം ഇതാണ്: ”രാമചരിതത്തിലെ ഭാഷ ഒരുതരം മിശ്രഭാഷയാണെന്നത് നിസ്സംശയമായ ഒരു നിഗമനമാണ്. എതുതരത്തിലുള്ള മിശ്രഭാഷയാണെന്നതാണ് അടുത്തചോദ്യം. സ്വാഭാവികമിശ്രവും കൃത്രിമമിശ്രവും ഭാഷയില്‍ ഉണ്ടാകാവുന്നതാണ്….ഒരു വ്യവഹാരഭാഷയില്‍ കലര്‍പ്പുള്ള വ്യാകരണം ഉണ്ടാകുകയില്ല എന്നാണ് ഭാഷാശാസ്ത്രജ്ഞന്മാരുടെ മതം (വളരുന്ന കൈരളി-കെ.എം.ജോര്‍ജ്). രാമചരിതത്തിലെ ഭാഷയില്‍ തമിഴിന്റെയും മലയാളത്തിന്റെയും പദങ്ങള്‍ മാത്രമല്ല, വ്യാകരണവ്യവസ്ഥകളും കലര്‍ത്തിയിരിക്കുന്നു. അതിനാല്‍ അതിനെ കൃത്രിമ മിശ്രഭാഷയായിട്ടാണ് ഗണിക്കേണ്ടത്.”(സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ.)

ചീരാമന്‍ വാല്മീകീരാമായണത്തെയും കമ്പരാമായണത്തെയും ഉപജീവിച്ചാണ് കാവ്യം ചമച്ചതെന്ന് വാദമുണ്ടെങ്കിലും കെ.എം.ജോര്‍ജ് അതു ഖണ്ഡിക്കുന്നു. വാല്മീകീ മഹര്‍ഷിയെ ആദ്യന്തം ഉപജീവിച്ചുതന്നെയാണ് കാവ്യരചന. മനോധര്‍മമനുസരിച്ചുള്ള സ്വാതന്ത്ര്യങ്ങളും കാണാം. നാളീകേരപാകത്തിലാണ് പ്രസ്തുത കൃതിയുടെ കിടപ്പ്. കഠോരമായ പുറന്തൊണ്ട് തകര്‍ത്ത് അകത്തുകടന്നാല്‍ തികച്ചും ആസ്വാദ്യമായ ഒരു കൃതിയാണ് രാമചരിതം.