(നോവല്‍)
ജയറാണി. റ്റി
കോര്‍പ്പസ്
എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ജയറാണി റ്റി എഴുതിയ നോവലാണ് ജ്വാല.ജയറാണിയുടെ മൂന്നാമത്തെ നോവലാണ് ജ്വാല. ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരു ജീവനക്കാരിക്ക് അനുഭവിക്കേണ്ടിവരുന്ന നൊമ്പരങ്ങളുടെയും ത്യാഗങ്ങളുടെയും നേര്‍കുറിപ്പുകള്‍ ആണ് ഇതില്‍.
ആമുഖത്തില്‍ നിന്ന്
ചെറിയ ക്ലാസുകള്‍ മുതല്‍ സ്‌കൂള്‍-കോളേജ് യുവജനോത്സവങ്ങളില്‍ ചെറുകഥകളും കവിതകളും എഴുതുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്യാറുണ്ടായിരുന്നെങ്കിലും ആരോടും കൂടുതലായി കൂട്ടുകൂടാത്ത സ്വഭാവക്കാരിയായതിനാല്‍ ഞാന്‍ എന്റെ ഒഴിവുസമയങ്ങള്‍ ഏറെക്കുറെയും എഴുതിയായിരുന്നു ചെലവഴിച്ചിരുന്നത്. എഴുതുമായിരുന്നെങ്കിലും പ്രസിദ്ധീകരിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നില്ല. 1993 പ്രൈവറ്റ് ഓവര്‍ ഏജ്ഡ് കാന്‍ഡിഡേറ്റ് കേരള ബാച്ച് ആയി എസ്.എസ്.എല്‍.സിക്കുശേഷം ബാലരാമപുരത്ത് തന്നെയുള്ള പാരലല്‍ കോളേജായ യൂണിയനില്‍ ഗ്രൂപ്പായിചേര്‍ന്നു. അവിടെ എന്നെ സംബന്ധിച്ചിടത്തോളം ഭാഷ മനസ്സിലാക്കി എടുക്കുക എന്നത് വല്ലാത്ത വിഷമം ആയതിനാല്‍ പഠനം നിര്‍ത്തുകയും തിരികെ നാട്ടിലേക്ക് പോവുകയും ചെയ്തു. ഇതൊക്കെ എന്റെ എഴുത്തുകളുടെ വിഷയമായി വന്നിരുന്നു. അങ്ങനെ ഏതു വിഷയം കണ്ടാലും ഉടനുടന്‍ എഴുതുന്ന ശീലം എന്നിലുണ്ടായി. അതൊരു ഭാഗ്യമായി ഇപ്പോള്‍ കരുതുന്നു.
എന്നാല്‍ അവിടെയും ശ്രദ്ധ നില്‍ക്കാതെ തിരികെ ബാലരാമപുരത്തേക്ക് വരികയും, എന്തും വരട്ടെ എന്നു കരുതി കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജില്‍ തേര്‍ഡ് ഗ്രൂപ്പായി പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ആ ക്യാമ്പസില്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്ന ഒരു പെണ്‍കുട്ടിക്ക് ഒരു ആണ്‍ സുഹൃത്തിനോട് ഉണ്ടായിരുന്ന പ്രണയം, ആ പ്രണയത്തിന് ഒടുവില്‍ അവള്‍ക്ക് മാനസികനില തന്നെ തകരാറിലായേക്കാവുന്ന അവസ്ഥ സംജാതമാകുന്ന ഘട്ടം. അത് എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. അവിടെ നിന്നായിരുന്നു എന്റെ ചെറുകഥകള്‍ക്ക് നീളംവച്ചു തുടങ്ങിയത്. അതുവരെയും എന്റെ കഥകളും കവിതകളും ഒരു പേജിനപ്പുറം പോയിരുന്നില്ല. പിന്നീടാണ് എനിക്ക് മനസ്സിലായത് ഇവിടെ ആര്‍ക്കും ആരെയും കുറ്റം പറയാന്‍ കഴിയില്ല. കാരണം, പതിനാറിനും പതിനെട്ടിനും ഇടയിലുള്ള പ്രായങ്ങള്‍, ജീവിതത്തെക്കുറിച്ച് ഒന്നും അറിയില്ല. വെറും സ്വപ്നങ്ങള്‍ മാത്രം ഉള്ളില്‍ കൊണ്ടുനടക്കുന്ന സമയം. എന്താണ് ജീവിതം എന്നുപോലും ചിന്തിക്കാന്‍ അറിയാത്ത സമയം. അതിലുപരി, ഒരു നേരംപോക്കായി മാത്രം പ്രണയത്തെ കാണുന്ന കൗമാരകാലം. അവന്റെയുള്ളില്‍ ഒരു നേരമ്പോക്കും അവളുടെ ഉള്ളില്‍ ആത്മാര്‍ത്ഥ സ്‌നേഹവും ആയി മാറിയ പ്രണയം. ആ ക്യാമ്പസ് വിടുന്നതിനു മുന്നേ അവന്‍ അവളില്‍നിന്നും അകലുകയായിരുന്നു.
ആ പ്രണയപരാജയം അവളില്‍ ഉണ്ടാക്കിയ മാനസിക ആഘാതം എന്നെയും വല്ലാതെ വേദനിപ്പിച്ചു. കാരണം അവള്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു. എന്റെ സംഘടനാ ജീവിതത്തില്‍ എനിക്ക് കൂട്ടായിരുന്നവള്‍, എനിക്ക് മലയാളം ഭംഗിയായി പറയാന്‍ ട്രെയിനിങ് തന്നുകൊണ്ടിരുന്ന സുഹൃത്ത്. മത്സ്യമാംസാദികള്‍ വര്‍ജ്ജിതമാണെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന കുടുംബത്തില്‍ നിന്നുംവന്ന എനിക്ക് ആദ്യമായി എന്റെ നാവിന്‍ തുമ്പില്‍ മത്സ്യത്തിന്റെയും മാംസത്തിന്റെയും രുചി പകര്‍ന്നുതന്നവള്‍. പ്രണയം അനാവശ്യഘടകം ആണെന്ന് വിശ്വസിച്ചിരുന്ന എന്നില്‍ പ്രണയത്തിന്റെ പാഠഭാഗങ്ങള്‍ പകര്‍ന്നുതരാന്‍ ശ്രമിച്ചവള്‍. അവളുടെ ആ പ്രണയ കഥയില്‍ നിന്നായിരുന്നു എന്റെ വിരല്‍ത്തുമ്പിലൂടെ പ്രണയകഥകള്‍ എഴുതിത്തുടങ്ങിയത്. അതുകൊണ്ടാകാം എന്റെ കഥയിലെ പ്രണയകഥകളില്‍ എപ്പോഴും വിരഹങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നത്.
യൂണിവേഴ്സിറ്റി കോളേജിലേക്കുള്ള എന്റെ ഡിഗ്രി, പിജി പഠനകാലം. ആ കാലഘട്ടങ്ങളില്‍ എന്റെ ബസിനുള്ളില്‍, ഞാന്‍ പഠിക്കുന്ന ക്യാമ്പസിനുള്ളില്‍, ക്ലാസ്മുറികള്‍ക്കുളളില്‍, ഞാന്‍ കണ്ട വ്യത്യസ്തതയാര്‍ന്ന പ്രണയങ്ങള്‍. പ്രണയങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രീഡിഗ്രി കാലത്തില്‍ നിന്നും കുറച്ചുകൂടി പക്വത വന്നത് കൊണ്ടാകാം പ്രീഡിഗ്രി കാലത്തേക്കാള്‍ ഡിഗ്രി കാലത്തിലെ പ്രണയത്തിന് ഭാവ വ്യത്യാസങ്ങള്‍ മാറിമാറി വന്നുകൊണ്ടിരുന്നത്. അവിടെ എവിടെയോ ഞാന്‍കണ്ട, വീട്ടുകാര്‍ അറിയാത്ത രജിസ്റ്റര്‍ മാര്യേജുകള്‍. അതിന്റെ ആവിഷ്‌കാരമെന്നോണം എന്റെ ‘ജ്വാല’യില്‍ സീമ എന്ന വക്കീലിലൂടെ ഇത്തിരി തുറന്നിട്ടു. വെറുതെ സമയംപോകാനായി മാത്രം പ്രണയിച്ചവരും അതിനിടയില്‍ ഉണ്ടായിരുന്നു. മുത്തശ്ശിമാവിന്റെ ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന് അതൊക്കെ ഞാന്‍ സശ്രദ്ധമായി വീക്ഷിച്ചിരുന്നു. ഒറ്റയ്ക്കുളള ഇരിപ്പുകളില്‍ എപ്പോഴോ ആണ് മൂന്ന് സുഹൃത്തുക്കള്‍ എനിക്കുണ്ടായത്-ഫ്‌ളോറന്‍സ് സരോജ, ശ്രീജ, സുമ. എന്റെതന്നെ ക്ലാസ് മുറിയില്‍ എനിക്ക് ഒപ്പം പഠിക്കുന്നവര്‍ ആയിരുന്നെങ്കിലും പരിചയപ്പെടുന്നതുവരെ എന്റെ ക്ലാസ് മുറിയിലെ കുട്ടികളായിരുന്നു അവര്‍ എന്ന് എനിക്കറിയില്ല. കാരണം, ടീച്ചര്‍ വരുമ്പോള്‍ ക്ലാസിലേക്ക് കയറുകയും ടീച്ചര്‍ പോയി കഴിയുമ്പോള്‍ മുത്തശ്ശിമാവിന്‍ ചുവട്ടിലേക്ക് പോയിരുന്നു രാജവീഥിയിലൂടെ പോകുന്ന വാഹനങ്ങളെയും, ക്യാമ്പസിനുള്ളിലെ ഗ്രൗണ്ടിലും ചുറ്റുവട്ടത്തും നടക്കുന്ന പ്രണയങ്ങള്‍, സമരപ്രക്ഷോഭ ജാഥകള്‍ തുടങ്ങിയ വിഷയങ്ങളേയും കാണാന്‍ ശ്രമിക്കുന്ന ഒരാളായിരുന്നു ഞാന്‍.
പ്രണയങ്ങള്‍ മൊട്ടിടുന്ന ക്ലാസ് മുറികളെ ഞാന്‍ ഭയന്നിരുന്നു എന്നതാണ് സത്യം. മുത്തശ്ശിമാവിന്‍ ചുവട്ടില്‍ പോയിരുന്നു ഏകാന്തതകളെ അകറ്റാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയായിരുന്നു ഞാന്‍. എന്തൊക്കെയായാലും
അവിടെ നടക്കുന്ന സംഭവങ്ങള്‍, അധ്യാപനരീതി ഒക്കെത്തന്നെയും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതൊക്കെ കഥകളായും കവിതകളായും എന്റെ മേശപ്പുറത്ത്’ നിറഞ്ഞുനിന്നിരുന്നു. എങ്കിലും അതൊക്കെ എന്റെ ഏകാന്തതയെ തരണം ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം മാത്രമായിരുന്നു അന്നൊക്കെ. പിന്നെ പുസ്തകരൂപത്തില്‍ അവയെ ഒക്കെയും ആക്കണം എന്ന് തോന്നാനും വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നു അവയില്‍ ചിലതൊക്കെ ‘ഓര്‍മ്മപക്ഷിയുടെ സഞ്ചാരപഥങ്ങള്‍’ എന്ന എന്റെ ചെറുകഥാ സമാഹാരത്തില്‍ ഉണ്ട്. കവിതാ സമാഹാരത്തിനും ചെറുകഥാ സമാഹാരത്തിനും ശേഷം എനിക്ക് തോന്നി നോവലുകളിലേക്ക് തിരിയണം എന്ന്. അങ്ങനെ ‘അവള്‍’, ‘പവിത്രമായ പ്രണയം’, ‘എന്റെ സംഘടനാ ജീവിതം ഒന്നാം ഭാഗം’, ‘എന്റെ സംഘടനാ ജീവിതം രണ്ടാം ഭാഗം’ തുടങ്ങിയ പുസ്തകങ്ങള്‍ക്കുശേഷമാണ്, ‘ജ്വാല’ എന്ന ഈ നോവലിലേക്ക് ഞാന്‍ തിരിഞ്ഞത്. മൂന്നാമത്തെ നോവലാണ് ജ്വാല. ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരു ജീവനക്കാരിക്ക് അനുഭവിക്കേണ്ടിവരുന്ന നൊമ്പരങ്ങളുടെയും ത്യാഗങ്ങളുടെയും നേര്‍കുറിപ്പുകള്‍ ആണ് ഈ പുസ്തകത്തിലൂടെ ഞാന്‍ സമൂഹത്തിനു മുന്നിലേക്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്നത്. സ്വീകരിക്കുക, വായിക്കുക, വിമര്‍ശിക്കുക, അംഗീകരിക്കുക.
ജയറാണി. റ്റി