ഒരു സമരനൂറ്റാണ്ട് (ജീവചരിത്രം)
അന്തരിച്ച സി പി എം സമുന്നത നേതാവ് വി എസ് അച്യുതാനന്ദനെക്കുറിച്ച് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കെ വി സുധാകരന്‍ എഴുതിയ ഗ്രന്ഥമാണിത്. ചിന്ത പ്രസിദ്ധീകരിച്ച്, നിരവധി പതിപ്പുകള്‍ ഇറങ്ങിയ കൃതിയാണിത്. അതിന്റെ ആമുഖമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ആമുഖം
കെ വി സുധാകരന്‍
ചെറുപ്പത്തില്‍ വി എസിനെ അകലെനിന്നു മാത്രമേ കണ്ടിട്ടുള്ളൂ. പിന്നീട് ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ കുറേക്കൂടി അടുത്തു കാണാനും സംസാരിക്കാനും അവസരമുണ്ടായി. കര്‍ക്കശക്കാരനായ കമ്യൂണിസ്റ്റുകാരന്റെ ഭാവഹാവാദികളാണ് അന്നൊക്കെ മനസ്സില്‍ കയറിക്കൂടിയത്.
പിന്നീടൊരു ഘട്ടത്തില്‍, അദ്ദേഹം പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. അഞ്ചുവര്‍ഷത്തെ ആ പ്രവര്‍ത്തനത്തിനിടയില്‍ ദൈനംദിനമെന്നോണം ധാരാളമായി സംസാരിച്ചു. പ്രസ്താവനകളും പ്രഭാഷണങ്ങളും നിയമസഭാ പ്രസംഗങ്ങളും തയ്യാറാക്കുന്നതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞു. പരിസ്ഥിതി വിഷയങ്ങളിലെ ഇടപെടലുകളുടെ ഭാഗമായി കാടും മലയും കായലും കടലോരങ്ങളും താണ്ടിയപ്പോള്‍ കൂടെ നടന്നു. തെരഞ്ഞെടുപ്പു പര്യടനവേളകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വി എസിനോടൊപ്പം സഞ്ചരിച്ചു. ഇതിനിടയില്‍ പല വിഷയങ്ങളും സംസാരിക്കാന്‍ സാധിച്ചു. ആ സംസാരങ്ങളിലെ നര്‍മ്മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും മുനയും മൂര്‍ച്ചയും അനുഭവിച്ചറിഞ്ഞു. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ചിട്ടവട്ടങ്ങളെയും സംഘാടന പ്രവര്‍ത്തനങ്ങളെയും എങ്ങനെ പരുവപ്പെടുത്തിക്കൊണ്ടിരുന്നു എന്ന് അടുത്തുനിന്നു നോക്കിക്കണ്ടു. ദുരിതബാല്യത്തിന്റെ സങ്കടവഴികളില്‍നിന്ന് പടവെട്ടി മുന്നേറിയ ജീവിതത്തിന്റെ പല അടരുകളും ദിവസങ്ങള്‍ നീണ്ട സംഭാഷണങ്ങളില്‍നിന്ന് അനുഭവിച്ചറിഞ്ഞു. ജീവിതത്തിന് അര്‍ത്ഥവത്തായ ലിഖിതഭാഷ്യം ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ധാരാളം കുറിപ്പുകളും ഇതിനായി തയ്യാറാക്കി.
വി എസിന്റെ ജീവിതം പലരും എഴുതിയിട്ടുണ്ട്. അവയൊക്കെ വായിക്കാനും ഞാന്‍ ശ്രമിച്ചു. എന്നാല്‍, അവയെല്ലാം തന്നെ വി എസിനെ ചില പ്രത്യേക തലത്തില്‍ പ്രതിഷ്ഠിച്ചു നോക്കിക്കാണാനാണ് ശ്രമിച്ചിട്ടുള്ളതെന്നു തോന്നി. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി വി എസിന്റെ ജീവിതം അടയാളപ്പെടുത്തണമെന്ന് ആഗ്രഹിച്ചു. കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന്റെ വ്യത്യസ്ത പടവുകളില്‍, അവക്കെല്ലാം സാക്ഷിയും സഹായിയുമായി നിന്ന ഒരാളുടെ ജീവിതം, അതും കമ്യൂണിസ്റ്റ് ആശയാവലികളുടെ ഈടുവയ്പില്‍ മുന്നേറിയ ജീവിതം, വരുംതലമുറയ്ക്ക് പാഠമാകേണ്ടതുണ്ടെന്ന് തോന്നി. അതിന്റെ ബലതന്ത്രം രൂപപ്പെടുത്തുന്നതില്‍ ചരിത്രബന്ധങ്ങളും വ്യക്തിസമീക്ഷകളും എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് അടയാളപ്പെടുത്തേണ്ടതുണ്ട് എന്നും കരുതി. ഇത്തരമൊരു കാഴ്ചപ്പാടിലൂടെ വി എസിന്റെ ജീവിതം പറയണമെന്ന് നേതാക്കളും സുഹൃത്തുക്കളുമൊക്കെ നിര്‍ബന്ധിക്കുകയും ചെയ്തു.
പക്ഷേ, ഇതിനിടയില്‍ എനിക്ക് മറ്റൊരു ഔദ്യോഗിക സ്ഥാനത്തേക്കു പോകേണ്ടിവന്നു. അവിടെ അഞ്ചുവര്‍ഷക്കാലത്തെ പ്രവര്‍ത്തനവും ജീവിതവും പൂര്‍ണമായും രാഷ്ട്രീയമുക്തമായിരുന്നു, നിയമനിബന്ധനകളാല്‍ത്തന്നെ. അതുകൊണ്ട്, വി എസിന്റെ ജീവിതം ചരിത്രവല്‍ക്കരിക്കുക എന്ന അഭിലാഷം നീണ്ടുപോയി.
ഒടുവില്‍ 2023 ഒക്ടോബര്‍ 20 ന് വി എസിന് 100 വയസ്സ് തികഞ്ഞ സന്ദര്‍ഭത്തിലാണ്’ഒരു സമരനൂറ്റാണ്ട്’ പ്രസിദ്ധീകരിച്ചത്. മലയാളി വായനക്കാര്‍ ഏറെ ആവേശപൂര്‍വം പുസ്തകം ഏറ്റുവാങ്ങുന്നതായിരുന്നു അനുഭവം. അതുകൊണ്ട് ഒന്നാം പതിപ്പ് പ്രകാശനം ചെയ്ത് രണ്ടുമാസത്തിനകംതന്നെ രണ്ടാം പതിപ്പ് പ്രകാശിപ്പിക്കാന്‍ കഴിഞ്ഞു. രണ്ടാം പതിപ്പും വായനക്കാര്‍ ഹൃദയപൂര്‍വം ഏറ്റുവാങ്ങി. വി എസിന്റെ പോരാട്ട ജീവിതത്തിലെ ചില നിര്‍ണായക സന്ദര്‍ഭങ്ങള്‍ കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്ന നിര്‍ദേശം പല കോണുകളില്‍നിന്നും ഉയരുകയുണ്ടായി. ഇതുമാനിച്ച്, പുതുതായി ചില അദ്ധ്യായങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ ഈ പതിപ്പ് ഇറക്കുന്നത്. വി എസിന്‍് സമരജീവിതത്തിലെ വിട്ടുപോയ ചില കണ്ണികള്‍ കൂടി വിളക്കിച്ചേര്‍ക്കുകയാണ് അധികമായി ചേര്‍ത്ത അദ്ധ്യായങ്ങള്‍കൊണ്ടു നിര്‍വഹിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഒന്നാം പതിപ്പിന്റെ പ്രകാശനവേളയില്‍ പുസ്തകപ്രകാശനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗവും ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി എസിന്റെ സമരധന്യതയ്ക്ക് കൂടുതല്‍ മിഴിവു പകരുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, പുസ്തകത്തെ സമഗ്രമായി വിലയിരുത്തി എഴുതിയിട്ടുള്ള അവതാരികയും ഒരു സമര നൂറ്റാണ്ടിനെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നുണ്ട്. പരിഷ്‌കരിച്ച ഈ പതിപ്പും കുറ്റമറ്റ രീതിയില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ചിന്ത പബ്ലി ഷേഴ്‌സിനും മനസ്സു നിറയെ നന്ദി.
സങ്കടവഴികളിലൂടെ സഞ്ചരിക്കുമ്പോഴും കമ്യൂണിസ്റ്റ് മാനവികത ഹൃദയത്തോടു ചേര്‍ത്തുപിടിച്ച അച്ഛന് ഈ പുസ്തകം സമര്‍പ്പിക്കുന്നു.

Leave a Reply