(ജീവചരിത്ര സമാഹാരം)
ജോര്‍ജ് തഴക്കര
ഗുരു നിത്യചൈതന്യയതി ലൈബ്രറി, മാവേലിക്കര- 2012
ജോര്‍ജ് തഴക്കര എഴുതിയ
ആമുഖം
‘മാവേലിക്കര’ എന്ന പേര് ആദ്യമായി പരാമര്‍ശിച്ചുകാണുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ചെപ്പുകാട് നീലകണ്ഠന്റെ ‘ഹരിക്ഷ്യമാസ സമരോത്സവം’ (കണ്ടിയൂര്‍മറ്റം പടപ്പാട്ട്) എന്ന കാവ്യത്തിലാണ്. സ്ഥലനാമവുമായി ബന്ധപ്പെട്ട പല വാദങ്ങളും നിലനില്‍ക്കുന്നു. മാവേലിപ്പുഴയുടെ (അച്ചന്‍കോവിലാര്‍) കരപ്രദേശം എന്ന അര്‍ത്ഥത്തിലും, കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ ഊരാണ്മക്കാരില്‍പ്പെട്ട ‘മാവേലി’ ഇല്ലത്തിന്റെ സ്ഥലമെന്ന അര്‍ത്ഥത്തിലുമാണ് സ്ഥലനാമം വന്നു എന്നതാണ് ഏറെ യുക്തിസഹം.
രണ്ടാം ചേരസാമ്രാജ്യത്തിന്റെ പതനത്തോടെ ദേശവാഴികള്‍ നാട്ടുരാജാക്കന്മാരായി. ഓണാട്ടുകരയുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ കായംകുളം, മാടത്തിന്‍കൂര്‍ (മാവേലിക്കര), പന്തളം എന്നിങ്ങനെയുള്ള നാട്ടുരാജ്യങ്ങളായി.
ചിറവായ് സ്വരൂപം തിരുവിതാംകോട്ടു ശാഖയിലെ 23-ാമത്തെ ഭരണാധികാരിയായി അനിഴം തിരുനാള്‍ വീരബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖരപ്പെരുമാള്‍ 1729ല്‍ ഭരണാധികാരിയായതോടെ മാവേലിക്കര അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രമായി. പോര്‍ട്ടുഗീസുകാര്‍ കൊല്ലം വ്യാപാരകേന്ദ്രമാക്കി കച്ചവടത്തില്‍ ആധിപത്യം ഉറപ്പിച്ചതോടെ ഡച്ചുകാര്‍ കായംകുളം കേന്ദ്രമാക്കി പുതിയ വിപണനവഴി തുറന്നു. കായംകുളത്തിന്റെ മേല്‍ക്കോയ്മ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് മാര്‍ത്താണ്ഡവര്‍മ്മ മാവേലിക്കരയെ മറ്റൊരു സൈനിക താവളമാക്കിയത്. രാമയ്യന്‍ ദളവ മാവേലിക്കരയില്‍ കോട്ട കെട്ടി സേനയെ വിപുലീകരിച്ച് സമീപരാജ്യങ്ങള്‍ പിടിച്ചെടുത്തു. പതിനാറുവര്‍ഷം രാമയ്യന്‍ ദളവ മാവേലിക്കര ആസ്ഥാനമാക്കി തിരുവിതാംകൂറിനെ സമ്പന്നമാക്കി. ”കൊച്ചി കൂടി മഹാരാജാവിനു നല്‍കാന്‍ കഴിഞ്ഞില്ലല്ലോ’ എന്നതുമാത്രമായിരുന്നു രാമയ്യന്‍ ദളവയുടെ അന്ത്യകാലത്തെ ദുഃഖം. ദളവ സംബന്ധം ചെയ്തിരുന്ന ഇടശ്ശേരി കുടുംബവളപ്പിലാണ് രാമയ്യന്‍ ദളവ അന്ത്യവിശ്രമം കൊള്ളുന്നത്.
ഡച്ചുകാരുമായി 1743ല്‍ ഉണ്ടാക്കിയ ഉടമ്പടിയോടെ മാവേലിക്കര ശ്രദ്ധിക്കപ്പെട്ടു. ഹൈദര്‍ അലിയുടെയും (1766) ടിപ്പുവിന്റെയും (1782) പടയോട്ടക്കാലത്ത് പരപ്പനാട്ട് ശാഖയില്‍പ്പെട്ട ക്ഷത്രിയകുടുംബത്തിന് അഭയസങ്കേതമായതോടെ മാവേലിക്കര അംഗീകരിക്കപ്പെട്ടു. ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മീബായിയേയും ഉത്തൃട്ടാതിതിരുനാള്‍ ഗൗരി പാര്‍വതീബായിയേയും 1788ല്‍ ദത്തെടുത്തതോടെ മാവേലിക്കര തിരു വിതാംകൂര്‍ രാജകുടുംബത്തിന്റെ മാതൃസ്ഥാനമായി.
റവ.ജോസഫ് പീറ്റ് മാവേലിക്കര ആസ്ഥാനമാക്കി 1838ല്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ക്രൈസ്തവരില്‍ വിഭാഗീയതയും നവീകരണവും ഉണ്ടായി. 1836ലെ ‘മാവേലിക്കര പടിയോല’യാണ് ഇതിനു നിദാനമായത്. പൊതുവിദ്യാഭ്യാസം ഇവിടെ ഉണ്ടാകുന്നത് റവ.ജോസഫ് പീറ്റിലൂടെയാണ്. പതിനെട്ടാം വയസ്സില്‍ കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ 1866ല്‍ പൂരുരുട്ടാതി തിരുനാള്‍ ഭാഗീരഥി തമ്പുരാട്ടിയെ വിവാഹം ചെയ്തതോടെ ചിത്രകലാപാരമ്പര്യത്തിന് ഇവിടെ തുടക്കമായി. എ.ആര്‍. രാജരാജവര്‍മ്മ 1889ല്‍ സ്വാതിതിരുനാള്‍ മഹാപ്രഭ തമ്പുരാട്ടിയെ വിവാഹം ചെയ്തതോടെ സാഹിത്യസാംസ്‌കാരിക മേഖല സജീവമായി.
ശ്രീനാരായണഗുരു, ശ്രീചട്ടമ്പിസ്വാമികള്‍, ശ്രീശുഭാനന്ദഗുരു, പരുമല മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ പാദസ്പര്‍ശത്താല്‍ ആദ്ധ്യാത്മിക നവോന്മേഷം കൈവന്നു. മതപ്രസ്ഥാനങ്ങള്‍ സജീവമായി. ശ്രീ അയ്യന്‍കാളിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട വിശാഖം തേവന്‍, ചീനിവിള ചാത്തന്‍ തുടങ്ങിയവര്‍ പിന്നാക്കവിഭാഗത്തിന്റെ മുന്നേറ്റത്തിനു കാരണമായി.
കേരളത്തിലെ ആദ്യകാല ബുദ്ധമതകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു മാവേലിക്കര. ബുദ്ധവിഹാരങ്ങളുടെ ആസ്ഥാനമായിരുന്നു കണ്ടിയൂര്‍. ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനതയില്‍ കണ്ടിയൂര്‍ ശ്രീമഹാദേവ ക്ഷേത്രം പുനരുദ്ധരിക്കപ്പെട്ടതോടെ ബുദ്ധമതവിശ്വാസികള്‍ക്ക് പിടി ച്ചുനില്‍ക്കാന്‍ കഴിയാതെയായി. ഏറെപ്പേരും ശൈവവിശ്വാസവും വൈഷ്ണവ വിശ്വാസവും സ്വീകരിച്ചു. ശേഷിച്ചവര്‍ ക്രിസ്തുമാര്‍ഗ്ഗം അംഗീകരിച്ചു. വിദേശാധിപത്യം പ്രത്യക്ഷത്തില്‍ ഇവിടെ പ്രകടമായി ല്ലെങ്കിലും തിരുവിതാംകൂറിലുണ്ടായ എല്ലാ പ്രവണതകളും സ്വതന്ത്ര ചിന്തയോടെ മാവേലിക്കരയിലും പ്രകടമായി. തിരുവിതാംകൂര്‍ കോണ്‍ ഗ്രസ്സിന്റെ പ്രവര്‍ത്തകരില്‍ നിന്നുതന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ഈ മണ്ണില്‍ വേരിറങ്ങി.
എന്തിനേയും സര്‍വ്വാത്മനാ ഇണക്കിച്ചേര്‍ക്കാനുള്ള ദേശവാസി കളുടെ ഹൃദയവിശാലതയിലൂടെ ക്രിസ്തുമതം ഇവിടെ പ്രബലമായി. മറവപ്പടയുടെയും കച്ചവടക്കാരുടെയും വരവോടെ ആദിക്കാട്ടുകുളങ്ങരയിലും മറ്റും ഇസ്ലാംമതം കൂടുതലായി പ്രചരിച്ചു; പ്രത്യേകിച്ചും റാവു ത്തര്‍മാരുടെ വിഭാഗം.
ക്ഷത്രിയകുടുംബങ്ങളും ബ്രാഹ്‌മണസമൂഹങ്ങളും ആദരിക്കപ്പെട്ടു. നായര്‍ സമുദായവും ഈഴവ സമുദായവും അവരവരുടെ പ്രസ്ഥാനങ്ങളുടെ സംഘബലത്തില്‍ ശക്തിപ്പെട്ടു. കൃഷിയിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ട ‘ഒരു നിശ്ശബ്ദ സമൂഹം’ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തി. ഈ സാംസ്‌കാരിക സമന്വയത്തിന്റെ സജീവതയാണ് ഈ ഗ്രന്ഥരചനയുടെ ഊര്‍ജം.
അനവധി സര്‍ഗപ്രതിഭകള്‍ മാവേലിക്കരയുടെ അന്തസ്സുറ്റ പ്രതീക ങ്ങളായിട്ടുണ്ട്. ആദ്ധ്യാത്മിക-ബൗദ്ധിക, സംഗീത-സാഹിത്യ, സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികള്‍ ഈ നാടിന്റേതായിട്ടുണ്ട്. മാതൃകയും വഴികാട്ടിയുമായ ഇവരില്‍ പലരും കാലവിസ്മൃതിയിലായി. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ഈ നാടിന്റെ യശസ്സിനു വഴിയൊരുക്കിയ പ്രതിഭാശാലികളേയും പ്രയത്‌നശാലികളേയും സ്മരണാമണ്ഡലത്തില്‍ പുനഃപ്രതിഷ്ഠിക്കുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം.
മൂന്നു ഭാഗങ്ങളായിട്ടാണ് ഈ കൃതി ക്രമപ്പെടുത്തിയിരിക്കുന്നത്. രാമയ്യന്‍ ദളവയില്‍ തുടങ്ങി വി.പി.ശിവകുമാര്‍ വരെയുള്ള 46 പേരുടെ വിവരണാത്മക ജീവചരിത്രമാണ് ആദ്യഭാഗം. 14-ാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന കാവ്യാലങ്കാരകന്‍ ദാമോദര ചാക്യാരില്‍ തുടങ്ങി രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സാം ഏബ്രഹാം വരെയുള്ളവരുടെ സമഗ്ര ജീവചരിത്രമാണ് രണ്ടാം ഭാഗത്തിലുള്ളത്. ഇവരില്‍ ചിലരുടെ ജനന-മരണ വര്‍ഷങ്ങളില്‍ വ്യത്യാസം ഉണ്ടെന്നുള്ളതും ശ്രദ്ധയില്‍പ്പെട്ടു.
സി.കേശവന്‍, വി.ആണ്ടിപ്പിള്ള, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, ചീനിവിള ചാത്തന്‍, എന്‍.എസ്.കുറുപ്പ്, എ.പി. ഉദയഭാനു, പുതുപ്പള്ളി രാഘവന്‍, ആര്‍. ശങ്കരനാരായണന്‍ തമ്പി, ഡോ.ഇ.കെ. രാമന്‍പിള്ള, റവ.പ്രൊഫ.കെ.സി.മാത്യു എന്നിവരുടെ മാവേലിക്കരയുമായുള്ള ബന്ധം പ്രത്യേകമായി പരാമര്‍ശിച്ചിരിക്കുന്നു. അപൂര്‍ണവിവരങ്ങള്‍ മാത്രമുള്ളവരുടെ പേരും പ്രവര്‍ത്തനമേഖലയും പരിസമാപ്തിയില്‍ നല്‍കിയിട്ടുണ്ട്. അവരുടെ എണ്ണം തന്നെ എണ്‍പതിലധികമാണ്. അതുംകൂടി പരാമര്‍ശിക്കപ്പെടുമ്പോഴേ ഈ ദേശത്തിന്റെ അടയാളപ്പെടുത്തല്‍ പൂര്‍ണ്ണമാകൂ. മൂന്നാംഭാഗമായ ‘ചരിത്രവഴികളിലൂടെ’ ഗവേഷകര്‍ക്ക് ഏറെ പ്രയോജനപ്പെടും.
നൂറ്റിയെഴുപതോളം ഗ്രാമങ്ങളുളള, 15 വില്ലേജുകള്‍ ഉള്‍പ്പെടുന്ന മാവേലിക്കര താലൂക്കിന്റെ സാംസ്‌കാരിക ചരിത്രം ആമുഖമായി എഴുതുവാന്‍ തുടങ്ങിയെങ്കിലും വിഷയങ്ങളുടെ വൈവിധ്യം കാരണം മറ്റൊരു പുസ്തകമായി അത് പ്രസിദ്ധീകരിക്കുന്നതായിരിക്കും ഉചിതം എന്നു കരുതി ഇതില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ‘മാവേലിക്കര- ദേശം സമൂഹം സംസ്‌കാരം’ എന്ന പേരില്‍ അതു വൈകാതെ പ്രദ്ധീകരിക്കാന്‍ കഴിയും.
വര്‍ത്തമാനകാലപ്പെരുമ ഉള്‍പ്പെടുന്ന രണ്ടാം വോള്യവും തയ്യാറാക്കിവരുന്നു. അതും കൂടിയാകുമ്പോഴേ ഈ പ്രയത്‌നം ഒരു പദ്ധതി എന്ന നിലയില്‍ പൂര്‍ണമാകൂ.
മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍ (റിട്ട.ഐ.എ.എസ്), നാഷണല്‍ റിസേര്‍ച്ച് സ്‌കോളര്‍ പ്രൊഫ.ഡോ.എം.എസ്.വല്യത്താന്‍, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി തമ്പുരാട്ടി എന്നിവരാണ് ഈ കൃതിയെ ആമുഖമായി അലങ്കരിച്ചിരിക്കുന്നത്.
ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചുകാണുവാന്‍ ആഗ്രഹിച്ച പല വ്യക്തികളും ഇക്കാലയളവില്‍ കടന്നുപോയി. അനുജനെപ്പോലെ സ്‌നേഹിച്ച സി.പി.നായര്‍ സാറും സ്‌നേഹനിധിയായ കാര്‍ട്ടൂണിസ്റ്റ് യേശുദാസനും തൊട്ടുമുമ്പുള്ള മാസമാണ് കടന്നുപോയത്. അവതാരിക എഴുതിയ ആളിനെ വിസ്മൃതരായവരോടൊപ്പം ഉള്‍പ്പെടുത്താനുള്ള നിയോഗവും ഉണ്ടായി.
രചനാഘട്ടത്തില്‍ ഔദ്യോഗികമായും അല്ലാതെയും പല വ്യക്തികളുടെയും സഹകരണം ലഭിച്ചിട്ടുണ്ട്. ആമുഖം ദീര്‍ഘമാകാതിരിക്കാന്‍ ആ പേരുകള്‍ പ്രത്യേകം, അനുബന്ധമായി നല്‍കിയിട്ടുണ്ട്. ഈ പ്രയത്‌നത്തില്‍ സഹനത്തോടെ സഹകരിച്ച സഹധര്‍മ്മിണി മിനിയോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു.
നാടിനെ സ്‌നേഹിക്കുന്ന ഓരോരുത്തരും ഈ ഗ്രന്ഥം സ്വീകരി ക്കുമെന്നും പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതെഴുതുവാന്‍ പ്രചോദനം നല്‍കിയ ദേശത്തിനും, അതിനനുവദിച്ച കാലത്തിനും നന്ദി.
……………………
മാവേലിക്കരപ്പെരുമ 
സി.പി.നായര്‍
മുന്‍ ചീഫ് സെക്രട്ടറി
കേരളചരിത്രത്തില്‍ അസൂയാവഹവും അന്യാദ്യശവുമായ സാംസ്‌കാരിക പാരമ്പര്യം പുലര്‍ത്തുന്ന ഒരു ദേശമാണ് മാവേലിക്കര. ആയിരം വര്‍ഷത്തില്‍ കുറയാത്ത ചരിത്രപാരമ്പര്യം മാവേലിക്കരയ്ക്കുണ്ടെന്നു ഓണാട്ടുകരക്കാരനായ ചരിത്രഗവേഷകന്‍ ഡോ.എം.ജി. ശശിഭൂഷണ്‍ അഭിപ്രായപ്പെടുന്നു. നമ്മുടെ കണ്ടിയൂര്‍ ശിവക്ഷേത്രം ഏ.ഡി.823ല്‍ രൂപം കൊണ്ടതാണത്രെ. ഏ.ഡി.1218ല്‍ വേണാട്ടു രാജാവ് ഇരവികേരളന്‍ അതിന്റെ ജീര്‍ണോദ്ധാരണം നടത്തി. ഏ.ഡി 14-ാം നൂറ്റാണ്ടായപ്പോഴേക്കും മാവേലിക്കര മധ്യതിരുവിതാംകൂറിലെ പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക കേന്ദ്രമായിത്തീര്‍ന്നു.
എന്റെ പ്രിയപ്പെട്ട സഹോദരന്‍ ജോര്‍ജ് തഴക്കരയുടെ ശൈലി കടമെടുത്തു പറഞ്ഞാല്‍, എത്രയെത്ര വിഭിന്നമേഖലകളിലാണ് മാവേലിക്കര ജന്മം നല്‍കിയ മനീഷികള്‍ തങ്ങളുടെ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്! മലയാള ഭാഷയുടെ അസ്തിവാരവും ആരൂഢവും ഉറപ്പിച്ച വ്യാകരണ സാര്‍വഭൗമനായ കേരളപാണിനി എ.ആര്‍.രാജ രാജവര്‍മ്മ, ചിത്രകാരനെന്ന നിലയില്‍ ആഗോള യശസ്സു നേടിയ മഹാപ്രതിഭയായ രാജാ രവിവര്‍മ്മ, ആധ്യാത്മികജ്യോതിസ്സുകളായ ഈവാനിയോസ് തിരുമേനി, ശുഭാനന്ദഗുരുദേവന്‍, ഹാസസാഹിത്യ കുലപതിയായ എന്‍.പി.ചെല്ലപ്പന്‍നായര്‍, മലയാള നാടകവേദിക്ക് മറക്കാനാവാത്ത തോപ്പില്‍ഭാസി, കാമ്പിശ്ശേരി, ഒ.മാധവന്‍, നരേന്ദ്രപ്രസാദ്, കാര്‍ട്ടൂണിസ്റ്റായ അബു ഏബ്രഹാം, പ്രസിദ്ധ സംഗീതജ്ഞരായ രാമനാഥന്‍, പ്രഭാവര്‍മ്മ, മൃദംഗകലയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച കൃഷ്ണന്‍കുട്ടി നായര്‍, വേലുക്കുട്ടിനായര്‍, വരിഷ്ഠ കവി വരിക്കോലില്‍ കേശവനുണ്ണിത്താന്‍, നോവലിസ്റ്റ് പാറപ്പുറത്ത്, ചരിത്രകാരന്‍ പുതുശ്ശേരി രാമചന്ദ്രന്‍-ആഹ്ലാദത്തോടും അഭിമാനത്തോടും കൂടാതെ ഈ നീണ്ടപട്ടിക വായിക്കാന്‍ ഏതു മാവേലിക്കരക്കാരനു കഴിയും?
സിവില്‍ സര്‍വീസിലേക്ക് മാവേലിക്കര നല്‍കിയ സംഭാവന അതുല്യമാണ്. രണ്ടു പ്രധാനമന്ത്രിമാരുടെ ഉപദേഷ്ടാവായിരുന്നു പി.സി. അലക്‌സാണ്ടര്‍, ചീഫ് സെക്രട്ടറിയായിരുന്ന കെ.ബി. രബീന്ദ്രന്‍നായര്‍, ആദ്യ വനിത രാജ്യസഭാംഗമായ ഭാരതി കെ.ഉദയഭാനു ഇവരൊക്കെ മാവേലിക്കരയുടെ അഭിമാനമാണ്. കൂട്ടത്തില്‍ പറയട്ടെ- കേര ളസര്‍ക്കാരിനു നാല് ചീഫ് സെക്രട്ടറിമാരെ സംഭാവന ചെയ്തു എന്നൊരു സവിശേഷമായ ഖ്യാതിയും മാവേലിക്കരയ്ക്കുണ്ട്.
രണ്ടു ഭാഗങ്ങളിലായി ഇരുനൂറ്റിയെണ്‍പതിലധികം വ്യക്തിത്വങ്ങള്‍. നാല്പത്തിനാലുപേരുടെ ജീവചരിത്രം വിവരണാത്മകമാണ്. അറിയേണ്ടതെല്ലാം അതില്‍ അടങ്ങിയിരിക്കുന്നു. രണ്ടാംഭാഗത്തിലുള്ളവരില്‍ ചിലര്‍ ഒന്നാം ഭാഗത്തില്‍ വരേണ്ടതല്ലെയേന്ന് ചോദിച്ചേക്കാം. മാവേലിക്കരയുമായി ബന്ധപ്പെട്ട പത്തൊന്‍പത് അനുബന്ധങ്ങള്‍ പ്രാദേശിക ചരിത്രത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഏറെ ഉപകരിക്കും.
അസാമാന്യമായ ക്ഷമയോടും സൂക്ഷ്മതയോടും സമഗ്രതയോടും കൂടി, മാവേലിക്കരയുടെ ഉജ്വലമായ പാരമ്പര്യം പ്രാതിനിധ്യ രൂപത്തിലെങ്കിലും ഈ ബൃഹദ്ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ച ജോര്‍ജ് തഴക്കരയെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. മാവേലിക്കരയുടെ ഗതകാലഗരിമയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതിനേക്കാള്‍ മികച്ചൊരു റഫറന്‍സ് ഗ്രന്ഥം കണ്ടെത്താനാവില്ല.
2020 ജൂലൈ 20
തിരുവനന്തപുരം
…………….
ശോഭായാത്രയുടെ പ്രതീതി
എം.എസ്.വല്യത്താന്‍
(നാഷണല്‍ റിസര്‍ച്ച് പ്രൊഫസര്‍)
ഞാന്‍ ജനിച്ചതും വളര്‍ന്നതും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും മാവേലിക്കരയിലായിരുന്നു. ഇന്റര്‍മീഡിയറ്റ് ക്ലാസില്‍ ചേരാനായി 1949ല്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയശേഷം ഇടയ്ക്കിടെ സന്ദര്‍ശനങ്ങള്‍ക്കായിട്ടല്ലാതെ ഞാന്‍ മാവേലിക്കരയില്‍ പോയിട്ടില്ല. എങ്കിലും ‘മാവേലിക്കരക്കാരന്‍’ എന്ന അഭിമാനം, ജന്മസ്ഥലത്തോടുള്ള സ്‌നേഹാദരങ്ങള്‍, ഗൃഹാതുരത്വം ഇതിനൊന്നും യാതൊരു കുറവും കാണുന്നില്ല. ഇന്‍ഡ്യയ്ക്കകത്തും പുറത്തും ‘സ്വദേശം എവിടെ?’ എന്ന ചോദ്യത്തിന് ‘മാവേലിക്കര’ എന്ന് മറുപടി പറയുമ്പോള്‍ പഞ്ചാബ് സ്വദേശിയായ ഭാര്യ അത്ഭുതപ്പെടാറുണ്ട്. ”അതെങ്ങനെ? അങ്ങേയ്ക്കവിടെ വീടില്ല, സ്ഥലമില്ല. ഓര്‍മ്മകള്‍ മാത്രം. പിന്നെങ്ങനെ സ്വദേശം?’
മാവേലിക്കരയുടെ മഹത്വം അതിന്റെ സംഭവസമ്പന്നമായി ചരിത്രത്തിലും അതിന്റെ മണ്ണില്‍ വളര്‍ന്ന് വികസിച്ച മനീഷികളിലുമാണ് തിങ്ങിത്തിളങ്ങി കാണുന്നത്. ചരിത്രത്തിന്റെ കാര്യമെടുക്കുക. മണ്‍മറഞ്ഞ എന്റെ വീടിന് തൊട്ടടുത്ത് ഇന്നും ആരാധിക്കപ്പെടുന്ന ‘പുതച്ചന്‍’ എന്ന ശ്രീബുദ്ധ വിഗ്രഹവും ബുദ്ധധര്‍മ്മ പ്രചാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടിയൂരും പരിസരങ്ങളിലും കാണാനാവുന്നതും മാവേലിക്കരയുടെ പുരാതന ചരിത്രത്തിന്റെ മുദ്രകളാണ്. പല നൂറ്റാ ണ്ടുകള്‍ക്കുശേഷം തിരുവിതാംകൂറിന്റെ ജൈത്രയാത്രയില്‍ പ്രധാന പങ്കുവഹിച്ച രാമയ്യന്‍ ദളവ മാവേലിക്കരയെ ഒരു ‘ഉപരാജധാനി’യായി ഭരണം നടത്തിയതും, ടിപ്പു സുല്‍ത്താന്റെ മലബാര്‍ ആക്രമണഘട്ടത്തില്‍ അഭയാര്‍ത്ഥികളായി ക്ഷത്രിയകുടുംബങ്ങള്‍ മാവേലിക്കരയിലും സമീപപ്രദേശങ്ങളിലും കുടിയേറിയതും മാവേലിക്കരയുടെ പില്‍ക്കാല ചരിത്രത്തിലേക്കും വിരല്‍ചൂണ്ടുന്നു. ചരിത്രംവിട്ട്, മനീഷികളുടെ മേഖലയിലേക്ക് നോക്കുമ്പോള്‍ സമുജ്വലമായൊരു മനുഷ്യശൃംഖലയെയാണ് നാം കാണുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിലും പഠിച്ച കലാകാരന്മാര്‍ക്കും പ്രതിഭാശാലികള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. പിന്നെ മാവേലിക്കരയ്ക്ക് എന്താണ് പ്രത്യേകത? ഈ ചോദ്യത്തിനുള്ള ഉത്ത രമാണ് ശ്രീ.ജോര്‍ജ് തഴക്കരയുടെ വസ്തുനിഷ്ഠമായ, ഗവേഷണാധിഷ്ഠിതമായ ഈ പുസ്തകം.
പതിനെട്ടാം നൂറ്റാണ്ടുമുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെ മാവേലിക്കരയില്‍ ജനിച്ചും വളര്‍ന്നും ജീവിതത്തിന്റെ ഉയരങ്ങളില്‍ വിജയക്കൊടി നാട്ടിയും ചരമംപ്രാപിച്ച അതിപ്രശസ്തരായ നാല്പത്തിയാറ് മനീഷികളുടെ ജീവചരിത്രം സമഗ്രമായും അത്രത്തോളം തന്നെ പ്രാധാന്യമുള്ള ഇരുന്നൂറ്റി മുപ്പതിലധികം സ്മരണകളുമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.
ശ്രീ.ജോര്‍ജ് തഴക്കര അവതരിപ്പിക്കുന്ന വിശിഷ്ട വ്യക്തികള്‍ ഒരു ശോഭായാത്രയുടെ പ്രതീതിയാണ് എന്നിലുളവാക്കിയത്. കേരളത്തിന്റെ മാത്രമല്ല, ഇന്‍ഡ്യയുടെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രകാരന്മാര്‍, രാജ്ഞിമാര്‍, സാഹിത്യകാരന്മാര്‍, സിനിമയിലും നാടകത്തിലും തിളങ്ങിയ നടീനടന്മാര്‍, നാടകകൃത്തുക്കള്‍, സമൂഹിക രാഷ്ട്രീയരംഗങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച നേതാക്കള്‍, ഭരണസാരഥികള്‍, ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ എന്നിങ്ങനെ നീളുന്ന ഭാസുരങ്ങളായ ഒരു ഘോഷയാത്രയാണ് ശ്രീ.ജോര്‍ജ് തഴക്കര സരളവും സുന്ദരവുമായ ശൈലിയില്‍ അവതരിപ്പിക്കുന്നത്. മാവേലിക്കരയുമായി അഭേദ്യബന്ധമുള്ളവരാണ് ഈ മഹദ് വ്യക്തികളെങ്കിലും അവരുടെ സംഭാവനകള്‍ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തി എന്നത് സംശയാതീതമാണ്. വായിച്ചു ആസ്വദിച്ചു പല ഭാഗങ്ങള്‍ വീണ്ടും വായിച്ചു. ഇതായിരുന്നു വായനക്കാരനായ എന്റെ അനുഭവം. എ.ആറിന്റെ ‘ക്ഷീണിക്കാത്ത മനീഷ’പോലെ, മാവേലിക്കരയിലെ മനീഷികളുടെ ഉറവിടവും ക്ഷീണിക്കാതെ തുടരുന്നു. ഈ മഹചരിത സംഗ്രഹത്തിന് ധാരാളം പ്രചാരം ഉണ്ടാകട്ടെയെന്നും ശ്രീ. ജോര്‍ജ് തഴക്കരയുടെ സാഹിത്യസപര്യ വിജയിക്കട്ടെ എന്നും ഞാനാശംസിച്ചുകൊള്ളുന്നു.
2020 ഒക്ടോബര്‍ 15 
മണിപ്പാല്‍