മലയാള മാധ്യമങ്ങളും കാര്‍ട്ടൂണുകളും
(മാധ്യമം)
സുധീര്‍നാഥ്
കേരള മീഡിയ അക്കാദമി 2022
കേരളം കടന്നുവന്ന സാമൂഹികവും രാഷ്ട്രീയവുമായ വഴിത്താരകളുടെ ഒരു ബദല്‍ ചരിത്രനിര്‍മിതി കാര്‍ട്ടൂണുകളിലൂടെ സാധ്യമായിട്ടുണ്ട്. മലയാള മാധ്യമങ്ങളുടെ തുടക്കകാലം മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ടുവന്ന കാര്‍ട്ടൂണുകളെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ പഠനമാണ് കാര്‍ട്ടൂണിസ്റ്റ് കൂടിയായ സുധീര്‍നാഥിന്റെ കൃതി. വിദൂഷകന് മാസികയില്‍ തുടങ്ങുന്ന ഈ യാത്ര, കാര്‍ട്ടൂണ്‍ കടന്നുവന്ന എല്ലാ പ്രധാനപ്പെട്ട നാഴികക്കല്ലുകളും പിന്തുടരുന്നു.
പുസ്തകത്തിന്റെ അവതാരികയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ.പി.ഉണ്ണി ഇങ്ങനെ എഴുതുന്നു: ‘ ജന്മനാല് മലയാളിയായ സര്‍വ കാര്‍ട്ടൂണിസ്റ്റുകളും ഒറ്റക്കുടക്കീഴില്‍ ഈ ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇതൊരു പഴയ അന്ധവിശ്വാസത്തെ ഊട്ടിയുറപ്പിക്കാതെ നോക്കണം. കാര്‍ട്ടൂണ്‍ മലയാളിയുടെ ജന്മവാസനയുടെ ഭാഗമല്ലേ എന്നു സ്ഥിരം അത്ഭുതംകൂറുന്ന അഭിമുഖക്കാരാണ് ഈ അലസധാരണയുടെ വക്താക്കള്‍. സംഗതി പറഞ്ഞുകേള്‍ക്കാന്‍ രസമാണെങ്കിലും വാസ്തവമല്ല. അങ്ങനെ ഒരു ജനിതക കോയ്മയൊന്നും ഒരു ജനവിഭാഗത്തിനും ഉണ്ടാവില്ല. അത്തരം ഒരു അവകാശവാദവും ഈ പേജുകളില്‍ ഇല്ലതാനും. നാളെ ഒരു അതിഥിത്തൊഴിലാളി പഠിച്ചെടുത്ത മലയാളത്തിലോ സ്വന്തം ഭാഷയില്ത്തന്നെയോ കാര്‍ട്ടൂണ്‍ വരച്ചാല്‍ ആ രചന കൂട്ടത്തില്‍ കൂട്ടാന്‍ സുധീര്‍ മടിക്കില്ല.”
Leave a Reply