കോട്ടയത്തു തമ്പുരാന്‍

രചനാസൗഭഗവും രംഗസൗഭാഗ്യവും ഒത്തിണങ്ങിയ ആട്ടക്കഥകളിലൊന്ന് കാലകേയവധം. കഥകളിയുടെ തൗര്യത്രികഭംഗി തികഞ്ഞ ആട്ടക്കഥ. പഴയ തെക്കന്‍ കളരിയിലും കല്ലുവഴിക്കളരിയിലും കാലകേയവധം അവതരിപ്പിക്കുന്നു. കണക്കൊത്ത പദങ്ങള്‍, പ്രൗഢവും ഗഹനഭാവമാര്‍ന്നതുമായ കാവ്യബിംബങ്ങള്‍ എന്നിവ യഥേഷ്ടം ഉപയോഗിച്ചിരിക്കുന്നു. ആദ്യവസാന പുരുഷവേഷക്കാര്‍ക്കു മുന്നില്‍ കാലകേയവധത്തിലെ ഒന്നാം അര്‍ജുനനും, സ്ത്രീവേഷക്കാര്‍ക്കു മുന്നില്‍ ഉര്‍വ്വശിയും എന്നും വെല്ലുവിളിയാണ്.

മഹാഭാരതം ആരണ്യപര്‍വത്തിലെ ‘ഇന്ദ്രലോകാഭിഗമനപര്‍വ്വം’ എന്ന അദ്ധ്യായമാണ് കാലകേയവധം ആട്ടക്കഥയുടെ ആധാരം. പാശുപതാസ്ത്രവരം കിട്ടിയശേഷം അര്‍ജുനന്‍ ഹിമവല്‍പാര്‍ശ്വത്തിലിരിക്കുമ്പോള്‍ പുത്രനെ കൂട്ടിക്കൊണ്ടുവരാനായി ദേവേന്ദ്രന്‍ ദിവ്യരഥവുമായി സാരഥിയായ മാതലിയെ അയക്കുന്നു. അര്‍ജുനന്‍ ദേവലോകത്തെത്തി മാതാപിതാക്കളെ വന്ദിക്കുന്നു. ദേവലോകം ചുറ്റിക്കാണുന്നു. ഈ മഹാഭാരതകഥാഭാഗമാണ് ഇന്ദ്രലോകാഭിഗമനപര്‍വ്വം.

കഥാസാരം
ഇന്ദ്രകല്‍പ്പനപ്രകാരം മാതലി അര്‍ജുനന്റെ സമീപം എത്തുന്നു. മാതലി പ്രശംസാവര്‍ഷം ചൊരിയുന്നു. പാശുപതാസ്ത്ര വരലബ്ധി, ദ്രുപദരാജാവിനെ ബന്ധിച്ച് ദ്രോണര്‍ക്ക് നല്‍കിയ ഗുരുദക്ഷിണ, പാഞ്ചാലീപരിണയം എന്നീ അര്‍ജുനവീരകഥകള്‍ എടുത്തുപറഞ്ഞുകൊണ്ടുള്ള മാതലിയുടെ പ്രശംസാവചനങ്ങള്‍ കേട്ട് താന്‍ ലജ്ജിക്കുന്നു എന്ന് അര്‍ജുനന് പറയേണ്ടിവന്നു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഇന്ദ്രരഥമേറി അര്‍ജുനനും മാതലിയും ദേവലോകത്തേയ്ക്കു യാത്രയാവുന്നു.
മാതലിയോടൊപ്പം അര്‍ജുനന്‍ അമരാവതിപുരിയില്‍ ഇന്ദ്രസന്നിധിയില്‍ എത്തുന്നു. തന്റെ പിതാവായ ഇന്ദ്രനെ കാണാനായതില്‍ സന്തോഷമുണ്ടെന്നും ശത്രുനിഗ്രഹത്തിനായി തന്നെ ഒന്ന് അനുഗ്രഹിക്കണമെന്നും അര്‍ജുനന്‍ ഇന്ദ്രനോട് പറയുന്നു. മറ്റൊരു ഇന്ദ്രപുത്രനായ ജയന്തന് ഈര്‍ഷ്യയുളവാക്കുമാറ് ദേവേന്ദ്രന്‍ തന്റെ അര്‍ദ്ധാസനം അര്‍ജുനനു നല്‍കുന്നു. ചിരകാലം സസുഖം വാഴുവാന്‍ ഇന്ദ്രന്‍ പുത്രനെ അനുഗ്രഹിക്കുന്നു.
ഇന്ദ്രസമ്മതപ്രകാരം മാതൃസ്ഥാനീയ ഇന്ദ്രാണിയെച്ചെന്നു കണ്ട് അര്‍ജുനന്‍ അനുഗ്രഹം വാങ്ങുന്നു. വിജയം വരിക്കാനുള്ള ആശിസ്സ് ഇന്ദ്രാണി അര്‍ജുനനില്‍ ചൊരിയുകയും സുഖവിവരങ്ങളന്വേഷിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണന്റെ കാരുണ്യത്താല്‍ ഇനി നിങ്ങള്‍ക്ക് നല്ലതു ഭവിക്കും എന്ന് ഇന്ദ്രാണി അനുഗ്രഹിക്കുന്നു. സ്വര്‍ഗസ്ത്രീകളെ അപഹരിക്കാന്‍ വന്ന വജ്രകേതു- വജ്രബാഹുക്കളുണ്ടാക്കുന്ന കോലാഹലം ദര്‍ശിച്ച് അത് അന്വേഷിക്കാന്‍ അര്‍ജുനന്‍ തീരുമാനിക്കുന്നു.
വജ്രകേതു, വജ്രബാഹു എന്നിങ്ങനെ രണ്ട് അസുരന്മാര്‍ ദേവലോകത്തെ ആക്രമിച്ച് ദേവസുന്ദരികളെ പിടിച്ച് കൊണ്ടുപോകാന്‍ തുടങ്ങുന്നു. അര്‍ജുനന്‍ ഇവരെ നേരിട്ട് തോല്‍പ്പിക്കുന്നു. ദേവസ്ത്രീകളെ മോചിപ്പിക്കുന്നു. സ്വര്‍ഗസുന്ദരിമാരില്‍ പ്രധാനിയായ ഉര്‍വ്വശി, അര്‍ജുനനെക്കണ്ട് കാമാര്‍ത്തയായി തന്റെ പാരവശ്യം സഖിയോട് പറയുന്നു. കാമദഹനത്തിനു ശേഷം കാമദേവതുല്യനായി ബ്രഹ്മാവ് നിര്‍മ്മിച്ച അര്‍ജുനനില്‍ താന്‍ അനുരക്തയാണ് എന്ന് ഉര്‍വശി സഖിയോടു പറയുന്നു. പണ്ടു തപസ്സിളക്കാന്‍ ചെന്നു പരാജയപ്പെട്ടുപോരേണ്ടി വന്നത് ഓര്‍മ്മിപ്പിച്ച് മനസ്സറിയാതെ കാമാധീനയാവരുത് എന്നു സഖി ഓര്‍മ്മപ്പെടുത്തുന്നു. ഉര്‍വ്വശി സഖിയോട് തന്റെ അനുരാഗം സഫലമാക്കുവാനുള്ള ഉപായം തേടുന്നു. ഏകാന്തത്തില്‍ അര്‍ജുനന്റെ അടുത്തുചെന്ന് ഇംഗിതം അറിയിക്കാന്‍ സഖി ഉര്‍വ്വശിയെ ഉപദേശിക്കുന്നു.
ഉര്‍വ്വശി വിജയന്റെ സമീപം ചെല്ലുന്നു. വിവശയായ ഉര്‍വ്വശി, അര്‍ജുനനോട് തന്റെ ഇംഗിതം അറിയിക്കുന്നു. ഉര്‍വ്വശിയോട് എന്നാല്‍ അര്‍ജുനന് വെറുപ്പാണുണ്ടായത്. അര്‍ജുനന്‍ ഉര്‍വ്വശിയില്‍ വിരക്തനായിത്തീര്‍ന്നു. മനുഷ്യരിലുള്ള ഭവതിയുടെ ആഗ്രഹം പരിഹാസ്യമാണെന്നും ഈ ബുദ്ധിഭ്രമം നല്ലതിനല്ലെന്നും അര്‍ജുനന്‍ മറുപടിനല്‍കുന്നു. തന്റെ ആഗ്രഹത്തെ നിരസിച്ച അര്‍ജുനന്റെ വാക്കുകള്‍ കേട്ട് നിരാശയോടെ ഉര്‍വ്വശി അര്‍ജുനനെ നപുംസകമായിത്തീരട്ടെ എന്നു ശപിക്കുന്നു. ധീരനായ അര്‍ജുനന്‍ ഉര്‍വ്വശീശാപത്താല്‍ ചിന്താപരവശനായിത്തീര്‍ന്നു. പുത്രദുഃഖമറിഞ്ഞ ഇന്ദ്രന്‍ അര്‍ജുനനെ സമാശ്വസിപ്പിച്ചു. ഉര്‍വ്വശീശാപം നിനക്ക് ഉപകാരമായി വരും എന്ന് ഇന്ദ്രന്‍ അനുഗ്രഹിച്ചു.
ഇന്ദ്രന്‍ രോമശമഹര്‍ഷിയെ വിളിച്ചുവരുത്തി ധര്‍മ്മപുത്രസമീപം, അര്‍ജുനവൃത്താന്തം അറിയിക്കാനായി പറഞ്ഞയക്കുന്നു. ശേഷം ഇന്ദ്രന്‍ അര്‍ജുനനെ മന്ത്രസഹിതം ദിവ്യാസ്ത്രങ്ങള്‍ പഠിപ്പിച്ചു. അര്‍ജുനന്‍ ചിത്രസേനനില്‍ നിന്നും സംഗീതവും അഭ്യസിച്ച് സ്വര്‍ഗ്ഗത്തില്‍ സസുഖം നിവസിച്ചു. ശസ്ത്രവിദ്യകളും മറ്റും പഠിച്ച അര്‍ജുനനോട് ഗുരുദക്ഷിണയായി ദേവശത്രുക്കളായ നിവാതകവചകാലകേയനെ നിഗ്രഹിക്കാന്‍ ഇന്ദ്രന്‍ ആവശ്യപ്പെടുന്നു. അര്‍ജുനന്‍ ദേവേന്ദ്രകല്‍പ്പന അനുസരിച്ച് യുദ്ധത്തിനായി പോകുന്നു. സമുദ്രതീരത്തുചെന്ന് കിരീടി ശത്രുവിന്റെ നേരെ ശംഖനാദം മുഴക്കി. തിരമാലകള്‍ക്കുള്ളിലാണ് ഇവര്‍ വസിക്കുന്നത് എന്ന് സങ്കല്‍പ്പം. അര്‍ജുനന്‍ അവരെ പോരിനു വിളിക്കുന്നു. നിവാതകവചന്‍ അര്‍ജുനനുമായി യുദ്ധത്തിനു വരുന്നു. അര്‍ജുനന്‍ പാശുപതാസ്ത്രം കൊണ്ട് നിവാതകവചനെ വധിക്കുന്നു.

നിവാതകവചനെ കൊന്ന കാര്യം കാലകേയനോട് അസുരന്മാര്‍ (ഭീരു) പറയുന്നു. മായാബലം കൊണ്ട് അര്‍ജുനനെ വധിക്കാമെന്ന് തീരുമാനിച്ച് സൈന്യസമേതം കാലകേയന്‍ പുറപ്പെടുന്നു.
അര്‍ജുനന്‍ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ച് പോകുമ്പോള്‍ കാലകേയന്‍ വന്ന് അര്‍ജുനനുമായി ഏറ്റുമുട്ടുന്നു. യുദ്ധാവസാനം കാലകേയന്‍ മായാവിദ്യയാല്‍ മറയുന്നു. വില്ലില്‍ ശരംതൊടുത്ത് അര്‍ജുനന്‍ കാലകേയനെ തിരയുന്നു. കാലകേയന്‍ പെട്ടന്ന് ഒളിഞ്ഞുനിന്ന് അര്‍ജുനനുനേരേ മോഹനാസ്ത്രമയക്കുന്നു. അര്‍ജുനന്‍ അസ്ത്രമേറ്റ് മോഹാലസ്യപെട്ട് വീഴുന്നു. കാലകേയന്‍ അര്‍ജുനന്റെ സമീപത്തുവന്ന് നോക്കി ചിരിക്കുന്നു. വീണ്ടും വില്ലുകൊണ്ട് അര്‍ജുനനെ പ്രഹരിച്ചിട്ട് കാലകേയന്‍, നിന്ദാമുദ്രയോടെ പോകുന്നു.
പാര്‍ത്ഥന്റെ ഈ അവസ്ഥയറിഞ്ഞ ശ്രീപരമേശ്വരന്‍ നന്ദികേശ്വരനോട് നിര്‍ദ്ദേശിച്ചു:’നീ പോയി അര്‍ജുനനെ സഹായിക്കുക.’ അതനുസരിച്ച് നന്ദികേശ്വരന്‍ അര്‍ജുനനെ മോഹനാസ്ത്രത്തില്‍ നിന്നും മോചിപ്പിക്കുന്നു. ഹിരണ്യപുരത്തില്‍ എത്തി നന്ദികേശ്വരന്‍ പോരിനു വിളിക്കുന്നു. പോരിനു വിളിക്കുന്ന നന്ദികേശ്വരനുമായി ആശുതമന്‍ ഏറ്റുമുട്ടുന്നു. നന്ദികേശ്വരന്‍ ആശുതമനെ യുദ്ധത്തില്‍ വധിക്കുന്നു.
കിങ്കരനായ ആശുതമനെ വധിച്ചതറിഞ്ഞ് കാലകേയന്‍ അര്‍ജുനനോട് വീണ്ടും യുദ്ധത്തിനു പുറപ്പെടുന്നു. കാലകേയന്‍ വധിക്കപ്പെടുന്നു. വിജയശ്രീലാളിതനായ അര്‍ജുനന്‍ അച്ഛനായ ഇന്ദ്രനോട് ചെന്ന് വാര്‍ത്തകള്‍ അറിയിക്കുന്നു. ഇന്ദ്രന്‍ അര്‍ജുനനെ അനുഗ്രഹിക്കുന്നതോടെ നിവാതകവചകാലകേയവധം ആട്ടക്കഥ സമാപിക്കുന്നു.

വേഷങ്ങൾ

ഇന്ദ്രൻ പച്ച
മാതലി മിനുക്ക് (ദൂതൻ പോലെ)
അർജ്ജുനൻ (1) പച്ച
ഇന്ദ്രാണി സ്ത്രീ
വജ്രകേതു നെടുംകത്തി (തെക്ക് ചുവന്ന താടി)
വജ്രബാഹു നെടുംകത്തി (തെക്ക് കത്തി കരി)
ഉർവ്വശി സ്ത്രീ
സഖി സ്ത്രീ
അർജ്ജുനൻ (2) പച്ച
നിവാതകവചൻ കത്തി (തെക്ക് ചുവന്നതാടി)
രാക്ഷസൻ ഭീരു
കാലകേയൻ ചുവന്ന താടി (തെക്ക് നെടുംകത്തി)
നന്ദികേശ്വരൻ വെള്ളത്താടി