(സമ്പൂര്‍ണകൃതി)
വൈക്കം മുഹമ്മദ് ബഷീര്‍
ഡി.സി.ബുക്‌സ് കോട്ടയം 1992

വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളും കഥകളുമെല്ലാം സമാഹരിച്ച സമ്പൂര്‍ണ കൃതിയുടെ ഒന്നാം വാല്യമാണിത്. പ്രേമലേഖനം, ബാല്യകാല സഖി, കഥാബീജം, ജന്മദിനം, ഓര്‍മ്മക്കുറിപ്പ്, അനര്‍ഘനിമിഷം, ശബ്ദങ്ങള്‍, വിഡ്ഢികളുടെ സ്വര്‍ഗം, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, മരണത്തിന്റെ നിഴലില്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, ആനവാരിയും പൊന്‍കുരിശും, ജീവിതനിഴല്‍പ്പാടുകള്‍, വിശ്വവിഖ്യാതമായ മൂക്ക്, വിശപ്പ്, പാത്തുമ്മയുടെ ആട്, മതിലുകള്‍, ഒരു ഭഗവദ്ഗീതയും കുറെ മുലകളും, താരാ സ്‌പെഷ്യല്‍സ്, മാന്ത്രികപ്പൂച്ച, ചിരിക്കുന്ന മരപ്പാവ തുടങ്ങിയ കൃതികള്‍ ഈ സമാഹാരത്തിലുണ്ട്. എം.എന്‍.വിജയന്റെ അവതാരികയും ടി.പത്മനാഭന്റെ പഠനവും എം.ടി.വാസുദേവന്‍ നായരുടെ ആമുഖവും ഇതിനെ സമ്പന്നമാക്കുന്നു.
ഈ കൃതിക്ക് എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ എന്റെ പ്രിയപ്പെട്ട കാഥികന്‍ എന്ന ആമുഖം ചുവടെ ചേര്‍ക്കുന്നു:
” വളരെ നാളുകള്‍ക്കുശേഷം ബഷീര്‍ എന്നെ കണ്ടപ്പോള്‍ ചോദിച്ചു: ” നീ എവിടെയാണ്? എതു നാട്ടിലാണ്? കാണുന്നില്ലല്ലോ?
ബേപ്പൂര്‍ വരാന്‍ മടിയാണ് എന്ന സത്യം പറഞ്ഞു. അഭിമുഖ സംഭാഷണക്കാര്‍ എപ്പോഴും ഉണ്ടാവുമെന്നാണ് കേള്‍വി. അവര്‍ ബേപ്പൂര്‍ക്ക് പുറപ്പെടാന്‍ ബസ് സ്റ്റാന്‍ഡിലേക്കോ തീവണ്ടിയാപ്പീസിലേക്കോ പുറപ്പെടുന്നതു മുതല്‍ക്കാരംഭിക്കുന്ന തുടരന്‍ യാത്രാവിവരണങ്ങള്‍ നിരവധി കണ്ടു. എല്ലാറ്റിലും ഗുരുവന്ദനം, ഗുരുപത്‌നീവര്‍ണനം, കരിംചായസ്തവം, ഹിതോപദേശം എന്നിവ ചടങ്ങനുസരിച്ചുണ്ടാവും. അവരുമായി കൂട്ടുമുട്ടാതിരിക്കാന്‍ ഒഴിഞ്ഞുനില്‍ക്കുകയാണ്. പറയാന്‍ കുറെനാളായി ഓങ്ങിവച്ച ഒരുകാര്യം കൂടി അപ്പോള്‍ പറഞ്ഞുതീര്‍ക്കാതെ എന്നു തോന്നി. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന ടൈറ്റില്‍. ബേപ്പൂരില്‍ രണ്ടേക്കര്‍ സ്ഥലത്ത് താനൊരു ചെറിയ സുല്‍ത്താനായി കഴിയുന്നു എന്ന് ആദ്യം ബഷീര്‍ എഴുതിയതാണ് തുടക്കം. പിന്നെ ആളുകള്‍ എപ്പോഴെങ്കിലും അതു പറയുമ്പോള്‍ ഒരു രസം തോന്നിയിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും പത്രക്കാര്‍ ഉപയോഗിച്ച് ആ വാക്കിന് അറപ്പു തോന്നിത്തുടങ്ങി എന്നു ഞാന്‍ പറഞ്ഞു. ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നീ മൂന്നു നോവലുകളുടെ വിവര്‍ത്തനങ്ങള്‍ ചേര്‍ത്തുള്ള യുനെസ്‌കോ പുസ്തകത്തിന് പാകിസ്ഥാനിലെ ഒരു പത്രം നിരൂപണം കൊടുത്തപ്പോള്‍ ശരിക്കും ബേപ്പൂരിലെ സുല്‍ത്താനാണ് ഗ്രന്ഥകാരന്‍ എന്ന മട്ടില്‍ത്തന്നെ എഴുതിയ ഒരു വാചകമുണ്ടായിരുന്ന കാര്യം ബഷീര്‍ പറഞ്ഞു ചിരിച്ചു.
ബേപ്പൂരില്‍ വന്നില്ലെങ്കിലും വിവരങ്ങളൊക്കെ ഞാന്‍ അന്വേഷിച്ചറിയുന്നു. ആരോഗ്യകാര്യങ്ങള്‍, പിന്നെ ബിരിയാണിസ്സദ്യകള്‍ ഇപ്പോള്‍ സുലഭമാണെന്ന് കേള്‍വി.
പഴയ ഗുസ്തിക്കാരന്റെ ശരീരഘടനയില്‍ വാര്‍ധക്യം മാറ്റം വരുത്തിയിട്ടുണ്ട്. എഴുന്നുനിന്നിരുന്ന പേശികള്‍ ഉലഞ്ഞിരിക്കുന്നു. മുഖത്ത് വളരെയധികം ചുളിവുകള്‍, കണ്ണുകളില്‍ ഉറക്കച്ചടവിന്റെതെന്ന് തോന്നുന്ന ക്ഷീണം, സംസാരിച്ചു തുടങ്ങിയപ്പോള്‍ വാര്‍ധക്യം ശരീരത്തിനുമാത്രമേയുള്ളൂ. ഞാന്‍ ആശ്വസിച്ചു. പിന്നെ എന്നും പതിവുള്ളപോലെ പലതും പറഞ്ഞു തര്‍ക്കിച്ചു. എന്നെ പരിഹസിക്കാനും തുടങ്ങി.

ഞങ്ങള്‍, മറ്റുള്ളവര്‍ ഉള്ളപ്പോഴൊക്കെ കൊച്ചുകാര്യങ്ങള്‍ പറഞ്ഞ് കലഹിച്ചിട്ടേയുള്ളൂ. വഴക്കിടുന്നതും ആക്രമിക്കുന്നതും ഞാനാണ്. പകരം എന്നെ ക്രൂരമായി പരിഹസിക്കും. ഇതു മുമ്പുമുതല്‍ക്കേയുള്ള പതിവാണ്.
” എന്തിനു തെങ്ങിന്മേല്‍ കയറി ഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തു/? എന്താ സര്‍ക്കസുകാരനാണോ?”
” അവന്മാര്‍ പറഞ്ഞു. എടേന്നു ഞാനൊന്നു കയറിയിരുന്നുകൊടുത്തു. അതിനു നീയെന്നെ കൊല്ലാന്‍ വരുന്നോ, നൂലാ?”
ആവശ്യമില്ലെന്നു തോന്നിയ ചില കത്തുകള്‍ അച്ചടിച്ചുവന്നത് വായിച്ചിട്ട്:
എന്തിന് അതൊക്കെ എഴുതിവിട്ടു?
”ഛെടാ, ഞാനൊരു കത്തെഴുതിയതല്ലേ? അവരതു കയറി അച്ചടിക്കുമെന്ന് ഞാനറിഞ്ഞോ?
ഞാന്‍ രോഷംകൊള്ളുന്നു:
ശുദ്ധ കള്ളം. അവരത് വള്ളിപുള്ളി വിടാതെ പ്രസിദ്ധീകരിക്കുമെന്ന് അറിഞ്ഞിട്ടല്ലേ നീട്ടിവലിച്ച് കത്തെഴുതുന്നത്? വേഷം കള”.
സ്‌നേഹം പൂഴ്ത്തിവച്ച് രോഷം മാത്രം എടുത്തുകാട്ടി കലഹിക്കുന്നതായിരുന്നു എന്നും ഞങ്ങളുടെ കൂടിക്കാഴ്ചകള്‍.
വായിലൂറുന്ന കൊഴുത്ത ദ്രാവകം (ഇതു വയറുവേദന മാറാന്‍ ഒരു അലോപ്പതി ഗുളിക കഴിച്ചതിന്റെ ഒരു ആഫ്റ്റര്‍ ഇഫക്ടാണ്.വയറുവേദന മാറിയില്ല; ഉമിനീര് കയ്പുള്ളത് പ്രവഹിക്കാന്‍ തുടങ്ങി.) ഇടയ്ക്കിടെ തുപ്പി, അല്പം ശ്വാസംമുട്ടലോടെ ക്ഷീണിതനായി എന്റെ മുമ്പിലിരിക്കുന്ന ഗുരുവിനെ നോക്കുമ്പോള്‍ മനസ്സില്‍ വേദന ഉറഞ്ഞു. കലഹിക്കാന്‍ വയ്യ.്
എന്നെപ്പറ്റി അതിശയോക്തി കലര്‍ന്ന കഥകളുണ്ടാക്കുന്നത് എന്നും ബഷീറിന് ഒരു വിനോദമായിരുന്നു. സൗകര്യത്തില്‍ വീണുകിട്ടുന്ന കഥകളിലെല്ലാം നായകനോ പ്രതിനായകനോ ആക്കി എന്നെ കയറ്റും. ഇടയ്ക്കിടയ്ക്ക് തമാശപ്പേരുകളിട്ട് അതിനു പ്രചാരം കൊടുക്കും. അതില്‍പ്പെട്ടതാണ് നൂലന്‍ വാസു, കഠാരി വാസു തുടങ്ങിയവ. ഈ ശകാരങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയ്ക്ക് വല്ലപ്പോഴും പറയുന്ന നല്ല വാക്കുകള്‍ പൊന്‍നാണയങ്ങള്‍ പോലെ ഞാന്‍ ഉള്ളില്‍ ഒളിപ്പിച്ചുവച്ചു. എകാന്തത്തില്‍ അതു പുറത്തെടുത്ത് അഭിമാനിച്ചു.
ഈ മനുഷ്യന്‍ എനിക്കാരാണ്? എന്റെ സാഹിത്യജീവിതത്തില്‍ എനിക്കദ്ദേഹം ഒരു താങ്ങോ തണലോ ആയിട്ടില്ല. ബഷീറിയന്‍ സാഹിത്യത്തിന്റെ ചുവടുപിടിച്ച് ഒന്നും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ഈ മനുഷ്യന്‍ എന്റെ ഹൃദയത്തില്‍ കാലപുരുഷനെപ്പോലെ വളര്‍ന്ന് നിറഞ്ഞുനില്‍ക്കുന്നു. എന്തുകൊണ്ട്?
അതിനുത്തരം കാണാതെ വിഷമിക്കുമ്പോഴൊക്കെ ‘മനുഷ്യ’നെപ്പറ്റിയുള്ള ഒരു ബഷീറിയന്‍ സങ്കല്പം എന്റെ മനസ്സിലേക്കു കടന്നുവരും. ഇത്തിരി പേജുകളില്‍ പറഞ്ഞ ഒരു ചെറിയ വലിയ കഥ.
അതിര്‍ത്തിപ്രദേശത്തെവിടെയോ അലഞ്ഞുതിരിയുന്നതിനിടയില്‍ ഒരു കടയില്‍ ആഹാരം കഴിക്കാന്‍ കയറി. പോരുമ്പോള്‍ കൗണ്ടറിനടുത്തുനിന്ന് ബില്ലുകൊടുക്കാന്‍ പേഴ്‌സിനുവേണ്ടി കീശയില്‍ കൈയിട്ടപ്പോള്‍ പേഴ്‌സില്ല. ആരോ പോക്കറ്റടിച്ചിരിക്കുന്നു. ക്രൂരതയ്ക്ക് പേരുകേട്ട പത്താന്‍കാരുടെ പ്രദേശം. പീടിക ഉടമ കോട്ടൂരാന്‍ പറഞ്ഞു. ഊരി. ഷര്‍ട്ടൂരാന്‍ പറഞ്ഞു. ഊരി. ട്രൗസറഴിക്കാന്‍ പറഞ്ഞു. പൂര്‍ണനഗ്നനാക്കി കണ്ണുംതുരന്ന് വിടാനാവും ഭാവമെന്നു കരുതി നടുങ്ങി നില്‍ക്കുമ്പോള്‍ ഒരു പരുക്കന്‍ മനുഷ്യന്‍ വന്ന് ചോദിക്കുന്നു. ഇയാളുടെ ബില്ലെത്ര? പീടികക്കാരന്റെ കാശുകൊടുത്ത് അയാള്‍ ബഷീറിനോട് വസ്ത്രം ധരിക്കാന്‍ പറഞ്ഞു. പുറത്തേക്കു വിളിച്ചു. ആരുമില്ലാത്ത ഒരിടത്തെത്തിയപ്പോള്‍ മടിയില്‍നിന്ന് പല പേഴ്‌സുകള്‍ എടുത്തുകാട്ടി ‘ഇതിലേതാണ് നിങ്ങളുടെ പേഴ്‌സ്? എടുത്തോളൂ’ എന്നു കല്പിച്ചു. പേഴ്‌സ് കിട്ടി. അയാളെ തൊഴുതുനിന്നപ്പോള്‍ അതു ശ്രദ്ധിക്കാതെ നടന്നകലുന്ന അപരിചിരതനോട് ബഷീര്‍ പേരു ചോദിക്കുന്നു. പേരില്ലെന്ന് മറുപടി. ‘ഒരുപക്ഷേ, ദയ എന്നായിരിക്കാം’ -ബഷീര്‍ മനസ്സില്‍ പറയുന്നു.
ഈ നടന്ന കഥയില്‍ വിധിവൈപരീത്യംകൊണ്ട് ബഷീറായിരുന്നു പോക്കറ്റടിക്കാരന്‍ എങ്കിലും ഞാന്‍ അത്ഭുതപ്പെടില്ല. കാരണം, ബഷീര്‍ പുതിയ പരിവേഷങ്ങളും പഴയ ഇതിഹാസങ്ങളും ലെജന്‍ഡ് എന്നു പറഞ്ഞാലും ശരി, വെറും വെറും മനുഷ്യനാണ്. ബഷീര്‍ സാഹിത്യം പോലെ ആ മനുഷ്യനും എനിക്കും പ്രിയപ്പെട്ടതാണ്.
ജീവിതത്തിന്റെ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീര്‍ എന്നും വെറും മനുഷ്യനായിട്ടേ നിന്നിട്ടുള്ളൂ; തന്നെത്തന്നെ തിരിച്ചറിഞ്ഞിട്ടുള്ളൂ. അധികൃതമായും അനധികൃതമായും ആരൊക്കെയോ വച്ചുകെട്ടിയ അലങ്കരണങ്ങളും അണിയിച്ച മേലങ്കികളും അദ്ദേഹത്തിന്റെ തനിമയെ ബാധിച്ചിട്ടില്ല.
സാഹിത്യംകൊണ്ടും ജീവിതംകൊണ്ടും എനിക്കാരാധന തോന്നിയ അപൂര്‍വം എഴുത്തുകാരുടെ ഒരു പട്ടിക മനസ്സിലുണ്ടാക്കാന്‍ ശ്രമിച്ചു; മുമ്പ്. അതില്‍ ബഷീറുണ്ടായിരുന്നു- ഒന്നാം പന്തിയില്‍ത്തന്നെ. ആരാധനയോടെ, അടുത്ത് സൂക്ഷ്മതയോടെ സമീപവീക്ഷണം നടത്തുമ്പോള്‍ വിഗ്രഹങ്ങള്‍ കളിമണ്‍ കോലങ്ങളായിരുന്നു എന്നു കണ്ട് പിന്‍വലിയേണ്ടിവരുന്നത് ജീവിതത്തിലെ മഹാ ദുരന്തങ്ങളിലൊന്നാണ്. ബഷീര്‍ ഇക്കാര്യത്തില്‍ എന്നെ ദു:ഖിപ്പിച്ചിട്ടില്ല. കാലുകള്‍ ശാപകഥകളിലെ രാജകുമാരന്മാര്‍ക്ക് സംഭവിച്ചപോലെ കളിമണ്ണായി മാറിത്തുടങ്ങുന്നുവോ എന്ന് ഞാന്‍ വൃഥാ സംശയിച്ച നിമിഷങ്ങളിലൊക്കെയായിരിക്കണം ഞാന്‍ ബഷീറുമായി വഴക്കിട്ടത്.
ഒരു സ്‌നേഹബന്ധത്തിന്റെ കഥയാണ് ബഷീറിന്റെ ഈ അനുരാഗ കഥയുടെ പൂമുഖവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പറയാനുള്ളത്. ഒരുപക്ഷേ, എനിക്കുമാത്രം പ്രിയപ്പെട്ട കഥ. തികച്ചും വ്യക്തിപരം. ബഷീര്‍ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത് ഒരനര്‍ഘനിമിഷത്തിലാണ്. ‘അനര്‍ഘനിമിഷം’ മുമ്പിലെത്തിയ നിമിഷത്തിലും. അതിനൊരു പശ്ചാത്തലമുണ്ട്. വായനയാണ് ആവേശം. പുസ്തകങ്ങളാണ് നിധിപേടകങ്ങള്‍. സാഹിത്യമാണ് സര്‍വശ്രേഷ്ഠമായ പൂജാമന്ദിരം. അങ്ങനത്തെ കാലത്ത് ഒരു പതിമൂന്നുകാരന്‍ കുട്ടിക്ക് ഒരു ഭാഗ്യം വരുന്നു. ഹെഡ്മാസ്റ്ററുടെ മുറിയിലേക്കു വിളിച്ചപ്പോള്‍ ഭയന്നുകൊണ്ടാണ് ഞാന്‍ ചെന്നത്. നോക്കുമ്പോള്‍, എനിക്ക് ഒരു സ്‌കോളര്‍ഷിപ് കിട്ടിയിരിക്കുന്നു. കഴിഞ്ഞകൊല്ലത്തെ വകയായി എണ്‍പത് റുപ്പിക. റവന്യു സ്റ്റാംപില്‍ ഒപ്പുവയ്്ക്കുമ്പോള്‍ കൈ വിറച്ചു. എഴുപത്തൊമ്പതു റുപ്പിക പതിനഞ്ചണയും കൊണ്ട് ഞാന്‍ ഓഫീസ് റൂമില്‍നിന്ന് പുറത്തുകടന്നു. ഇതാ, കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ ഒരു പുതിയ രാജകുമാരന്‍!
വൈകുന്നേരം, പുസ്തകങ്ങളിലും സാഹിത്യത്തിലും സജീവ താല്പര്യമുള്ള ജ്യേഷ്ഠനും ഞാനുംകൂടി ഗൂഢാലോചന നടത്തി. ഇതു വീട്ടുകാരനറിയാന്‍ പോകുന്നില്ല. പുസ്തകങ്ങള്‍ വാങ്ങാം! പിന്നീടറിഞ്ഞാലോ? അമ്പതു രൂപ കിട്ടിയെന്നു പറയാം. ബാക്കി മുപ്പതു രൂപയ്ക്ക് പുസ്തകം. പില്‍ക്കാല പ്രാബല്യത്തിന്റെ കണക്കൊന്നും അമ്മയറിയാന്‍ പോകുന്നില്ല. കൂടുതല്‍ എണ്ണം പുസ്തകങ്ങള്‍ വേണം. അതുകൊണ്ട് കാറ്റലോഗുകള്‍ വച്ച് ലിസ്റ്റുണ്ടാക്കി. ഒരു രൂപയും ഒന്നേകാല്‍ രൂപയും വരുന്ന പുസ്തകങ്ങള്‍. രണ്ടുരൂപാ വരുന്ന പുസ്തകങ്ങള്‍ ചിലത് തകഴിക്കും ദേവിനുമാണ്. ബഡ്ജറ്റില്‍പ്പെടുത്താവുന്നവ അവരുടെ വേറെയുമുണ്ട്. എഴുതി വരുത്തിയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ ബഷീറിന്റെ ജന്മദിനവും അനര്‍ഘനിമിഷവുമാണുള്ളത്. തകഴി, പൊറ്റെക്കാട്ട്, കാരൂര്‍, വര്‍ക്കി, നാഗവള്ളി, റാഫി, സരസ്വതിയമ്മ-അങ്ങനെ സംഖ്യ വീതിക്കപ്പെട്ടു. പുസ്തകക്കെട്ട് വന്നപ്പോള്‍ ആവശ്യക്കാര്‍ നിരവധി. എനിക്കു കിട്ടിയത് അനര്‍ഘനിമിഷമാണ്.
വായിച്ചു, വീണ്ടും വായിച്ചു. മറ്റു പുസ്തകങ്ങള്‍ എല്ലാം വായിച്ചുതീര്‍ത്ത് ദിവസങ്ങള്‍ക്കുശേഷം വീണ്ടും അനര്‍ഘനിമിഷത്തിലേക്ക് തിരിച്ചുവരുന്നു. അപ്പോള്‍ തോന്നി, ചില വാചകങ്ങള്‍ മന:പാഠം പഠിക്കണം. ആരും കേള്‍ക്കില്ല എന്നുറപ്പുള്ളപ്പോള്‍ കുന്നിന്‍ചെരുവിലെ എകാന്തതയില്‍നിന്ന് ആ വരികള്‍ ഉച്ചത്തില്‍ പറയുന്നത് ഒരു വിനോദമായി. ഓര്‍മ്മയില്‍നിന്ന് ഞാനുദ്ധരിക്കട്ടെ:
”നീയും ഞാനും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന് നീ മാത്രമായി അവശേഷിക്കാന്‍ പോവുകയാണ്. യാത്രയ്ക്കുള്ള സമയം അടുത്തുകഴിഞ്ഞു.”
”അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം”.
”യുവാക്കളേ, യുവതികളേ, ധീരമോഹനമായ ഒരു നവ്യ പ്രപഞ്ചത്തിലേക്കുള്ള അരുണോദയത്തിലൂടെയാവട്ടെ നിങ്ങളുടെ ജൈത്രയാത്ര.”
അങ്ങനെ എത്ര വരികള്‍!
മുതിര്‍ന്നവര്‍ പറഞ്ഞുതന്നു. ഇതു കഥകളല്ല, ബഷീര്‍ എഴുതിയ ഗദ്യകവിതകളാണ്. ഗദ്യകവിത എന്നത് സാഹിത്യത്തിലെ ഒരു പുതിയ പ്രസ്ഥാനമാണ്.
(സ്വകാര്യമായി മനസ്സില്‍ പറഞ്ഞുവച്ചു. ഞാനും എഴുതാന്‍ പോകുന്നത് ഗദ്യകവിതകള്‍ തന്നെ. വൃത്തത്തിന്റെ ശല്യവുമില്ല.)
അന്ന്, എല്ലാ കാഥികന്മാരുമായി അപ്പോള്‍ കിട്ടിയ പുസ്തകങ്ങളിലൂടെ ഞാന്‍ അടുക്കാന്‍ ശ്രമിച്ചു. അന്നു തോന്നിയ വികാരങ്ങളെന്തായിരുന്നു? വര്‍ഷങ്ങള്‍ക്കുശേഷം ഞാനതിന്റെ മൂര്‍ത്തരൂപങ്ങള്‍ തേടുകയാണിപ്പോള്‍. മനസ്സിലാവുന്നു, പൊറ്റെക്കാട്ടിനോട് എന്നെക്കാള്‍ നാലുവയസ്സ് മൂത്ത അയല്‍ക്കാരിയോടു തോന്നുന്ന തരത്തില്‍ പ്രേമം. തകഴി? അകന്ന ബന്ധത്തില്‍പ്പെട്ട ഒരു കാരണവര്‍. കുട്ടേട്ടനോട് തോന്നാറുള്ള സ്‌നേഹം. ദേവിനോട് ബഹുമാനം. ബഷീറിനോട്? ബഷീറിനെ… ഒരുമാതിരി ഭയം. കാരണം ‘ബാല്‍ ശരീഫും’ ‘അനല്‍ ഹഖും’ ‘ അഹം ബ്രഹ്മാസ്മിയുമൊക്കെയായിരിക്കണം. എകാന്തതയുടെ മഹാ തീരത്തിലെ സഞ്ചാരി. ഭയമെന്നു പറഞ്ഞാല്‍ സന്യാസിമാരെ കാണുമ്പോള്‍ ഉണ്ടാകുന്ന ബഹുമാനം കലര്‍ന്ന ഭയം!

പിന്നീട് അല്പംകൂടി മുതിര്‍ന്നപ്പോള്‍ ഇവരെപ്പറ്റിയുള്ള കഥകള്‍ കേട്ടു കേള്‍പ്പിച്ച് എന്റെ സമീപത്തിലുമെത്തി. ബഷീര്‍ ഒരു സാഹിത്യ സമ്മേളനത്തിനും പോകില്ല. ഭയങ്കരനാണ്. സദാ മദ്യപാനം. അടുക്കുന്നവരെ തെറിപറഞ്ഞ് ഓടിക്കും. എതു വമ്പനെയും ശകാരിച്ചു പടിയിറക്കും. ഇന്ത്യ മുഴുവനും ചുറ്റി. അതിനുമുമ്പ് ഒരു ചരക്കു കപ്പലില്‍ മധ്യപൂര്‍വ ദേശങ്ങളില്‍ സഞ്ചരിച്ചു. സ്വാതന്ത്ര്യസമരത്തില്‍പ്പെട്ട് ജയിലുകളില്‍ പോയിട്ടുണ്ട്. തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യത്തിലെ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരുടെ ലിസ്റ്റില്‍പ്പെട്ട പുള്ളി. ടി.വി.തോമസിനെ ഗുസ്തി പഠിപ്പിച്ചിട്ടുണ്ട്. എഴുത്തിനു പുറമെ വിദഗ്ദ്ധമായി ചെയ്യാനറിയാവുന്ന വേലകള്‍: പാചകം, കൈനോട്ടം, മാജിക്, മഷിമായ്ക്കല്‍, ഗുസ്തി. ഇപ്പോള്‍ എറണാകുളത്ത് ബുക്സ്റ്റാള്‍ നടത്തുന്നു. ഭയങ്കരന്‍ തന്നെ.
ഹൈസ്‌കൂള്‍ പഠിപ്പു കഴിഞ്ഞ് ഒരു കൊല്ലം വെറുതെയിരുന്നതിനിടയ്ക്ക് എറണാകുളത്തു പോകാന്‍ ഒരവസരം കിട്ടി. എഴുത്തുകാരെ ചിലരെ കാണാന്‍ പറ്റിയാല്‍ പുണ്യം. കത്തുമുഖേന ചെറിയ പരിചയം സ്ഥാപിച്ച ഒരെഴുത്തുകാരനുണ്ട്, ശ്രീ.ടാറ്റാപുരം സുകുമാരന്‍. ടാറ്റാ ഓയില്‍ മില്‍സില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. വൈകുന്നേരവും അദ്ദേഹത്തിന് ഞാന്‍ എന്റെ ‘കമ്പനി’ അടിച്ചേല്‍പ്പിച്ചു. ഒഴിയാബാധയായ എന്നെയുംകൊണ്ട് കുറച്ചുദൂരം അദ്ദേഹം നടന്നു.
”ബഷീറിന്റെ ബുക്സ്റ്റാള്‍ എവിടെയാണ്?”
” കാണിച്ചുതരാം. ആ വഴിക്കാണ് എനിക്കു പോകേണ്ടത്”
റോഡിന്റെ ഇപ്പുറംനിന്ന് കാണിച്ചുതന്നു. ”അതാണ് ബുക്‌സ്റ്റാള്‍”
റോഡ് മുറിച്ചുകടന്നു, കുറച്ചുകൂടി അടുത്തുനിന്ന് കാണാന്‍.
തിരിയുന്ന ഒരു ടേബിള്‍ ഫാനിനു പിന്നിലായി ബഷീര്‍ ഇരിക്കുന്നു. വെളുത്ത ഖദര്‍ ജൂബ്ബ. ടാറ്റാപുരത്തെ കണ്ട് കൈയയുര്‍ത്തി ബഷീര്‍ അഭിവാദ്യം ചെയ്തു.
”കയറാം.പരിചയപ്പെടുത്താം”.
വേണ്ട. ഭയപ്പാടോടെ ഒരു രംഗം പെട്ടെന്ന് മനസ്സില്‍ കണ്ടു. ”ഇത് മലബാറിലെ കൂടല്ലൂരില്‍നിന്നു വരുന്ന ഒരു പയ്യനാണ്. കുറെശ്ശെ എഴുതാന്‍ നോക്കുന്നുണ്ട്.” എന്നോ മറ്റോ ഹൃദയവിശാലത കൊണ്ട് ടാറ്റാപുരം പറയും. അപ്പോള്‍ സിംഹം സടകുടഞ്ഞെണീറ്റ് ”എടാ, നിനക്കൊന്നും വേറെ പണിയില്ലേ? പോയി നാലക്ഷരം പഠിക്കാന്‍ നോക്ക്” എന്നെങ്ങാന്‍ പറഞ്ഞാലോ? അതുകൊണ്ട് ഞാന്‍ വെമ്പലോടെ പറഞ്ഞു: ”വേണ്ട പിന്നെ ഒരിക്കലാവാം.”
ടാറ്റാപുരം സ്റ്റാളില്‍ കയറി രണ്ടുമൂന്നു മിനിറ്റ് കുശലം പറഞ്ഞ് ഇറങ്ങിവന്നു. അതുവരെ തലയുയര്‍ത്തി നോക്കാതെ ഞാന്‍ റോഡരികില്‍ നിന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ തെണ്ടിത്തിരിഞ്ഞ് പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം തുടങ്ങാന്‍ കോഴിക്കോട് ചെന്നുപറ്റിയ കാലത്താണ് ബഷീര്‍ കോഴിക്കോട്ട് വരുന്നു എന്നു കേട്ടത്. ബുക്ക് സ്റ്റാള്‍ നിര്‍ത്തി തലയോലപ്പറമ്പില്‍ വീണ്ടും ചെന്നു കൂടിയതിനുശേഷം. അതിനു തൊട്ടുമുമ്പേ ബഷീറിനു ഭ്രാന്ത് വന്നതും വല്ലപ്പുഴയുടെ നഴ്‌സിംഗ് ഹോമില്‍ ചികിത്സിച്ചതും കേട്ടിരുന്നു. പിന്നെ രാമുകാര്യാട്ട്, ശോഭന പരമേശ്വരന്‍ നായര്‍ എന്നിവരുടെ സംഘത്തിലേക്ക് പ്രവേശനം കിട്ടിയപ്പോള്‍ ഭ്രാന്തിനെപ്പറ്റി കൂടുതലറിഞ്ഞു. പാത്തുമ്മായുടെ ആടിന്റെ മുഖവുര പിന്നീടാണല്ലോ വന്നത്. സ്വപ്‌നത്തില്‍ വടക്കുംനാഥന്‍ ബഷീറിന്റെ അരികെ വന്നു ചിരിച്ചപ്പോള്‍ പല്ല് ചുവന്നിരിക്കുന്നതു കണ്ടു. നല്ല പഴുക്കടയ്ക്ക കിട്ടാഞ്ഞിട്ടാണെന്ന് പരാതി പറഞ്ഞു. പിറ്റേന്ന് പരമുവിനെക്കൊണ്ട് കാര്യമൊന്നും പറയാതെ പഴുക്കടയ്ക്ക വാങ്ങിച്ച് പൊതിയാക്കി വടക്കുന്നാഥന്റെ മതില്‍ക്കെട്ടിനകത്തേക്ക് ആരും കാണാതെ എറിഞ്ഞുകൊടുക്കാന്‍ എര്‍പ്പാടു ചെയ്തു. പരമു വേറെയും കഥകള്‍ പറഞ്ഞു. ഞങ്ങള്‍ ചിരിച്ചു. ഒരുപാട് ചിരിച്ചു. പിന്നെ ഉള്ളില്‍ നിശ്ശബ്ദം കരഞ്ഞു.
ബഷീറിന്റെ പുസ്തകങ്ങള്‍ ഗൗരവത്തോടെ വായിച്ചുകഴിഞ്ഞിരുന്നു. കഥാപാത്രങ്ങള്‍ എന്റെ സ്വകാര്യലോകത്തില്‍ തൊടാവുന്ന അകലത്തില്‍ നില്‍ക്കുന്ന അംഗങ്ങളായി മാറിക്കഴിഞ്ഞിരുന്നു. കുഞ്ഞുപാത്തുമ്മയോടും സാറാമ്മയോടും നിഗൂഢമായ പ്രേമം തോന്നി. സൈനബയോട് സ്വകാര്യമായി അല്പം കാമാവേശം. നിസാര്‍ അഹമ്മദ്, കേശവന്‍ നായര്‍, അബ്ദുള്‍ ഖാദര്‍ (പൂവമ്പഴം) തുടങ്ങിയവരോട് അസൂയ. പിന്നെ പാത്തുമ്മായുടെ ആട് വന്നപ്പോള്‍ ചാമ്പയ്ക്ക പെറുക്കാന്‍ വരുന്ന പെണ്‍കിടാങ്ങളോട് കിന്നാരം പറയുന്ന കഷണ്ടി ബഷീറിനോട് കഠിനമായ അസൂയ. പിന്നെ ഉമ്മ എന്ന വലിയ കഥാപാത്രം. എക്കവും പക്കവും നോക്കി, ഇരുചെവിയറിയാതെ രൂപ തന്നാല്‍ മതിയെന്നു പറയുന്ന ഉമ്മ എന്തൊരത്ഭുത ചൈതന്യം നിറഞ്ഞ സത്യമാണ്! വെറും സാധാരണ സത്യം. പക്ഷേ, എന്തൊരു മനുഷ്യാവബോധം! എന്നും ചോറുമായി തകരവിളക്കും കത്തിച്ച് രാത്രിയില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകന്‍ വന്നെങ്കിലോ എന്നു കരുതി കാത്തിരിക്കുന്ന അമ്മ തന്നെയാണ് ഈ ഉമ്മയും. അവര്‍ തന്റെ ചുണ്ടില്‍ മന്ദഹാസവും അകത്ത് വിതുമ്പലും ഉയര്‍ത്തുന്നു.
ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിത സന്ധികള്‍ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍നിന്ന് മനുഷ്യന്റെ അഗാധ സങ്കീര്‍ണതകളെ, ഒന്നുമറിയാത്ത നിഷ്‌കളങ്ക ഭാവത്തില്‍, അനാവരണം ചെയ്യുന്നു. കഥ പറയാനറിയുന്ന ഈ കാഥികന്‍ ഞങ്ങളില്‍ പലരും കഥ ‘എഴുതാന്‍ പാടുപെടുമ്പോള്‍ ബഷീര്‍ അനായാസമായി കഥ ‘പറയുന്നു’. പ്രാചീനകാലത്തിലെ അറേബ്യന്‍ ലോകങ്ങളിലെ നഗരങ്ങളില്‍, ചന്തകളില്‍, കൂടാരങ്ങള്‍ കെട്ടി കഥ പറഞ്ഞിരുന്നവരെപ്പറ്റി പുസ്തകങ്ങളില്‍ നാം വായിച്ചിട്ടുണ്ട്.സംഗീതവും തത്ത്വശാസ്ത്രവും ഹാസ്യവും ശോകവും ജീവിതാവബോധവുമെല്ലാം ഉള്ള അവര്‍ കഥ കേള്‍ക്കാന്‍ വരുന്നവരെ വാമൊഴിയിലെ സൃഷ്ടികള്‍ കൊണ്ട് വിരുന്നൂട്ടി, ചിരിപ്പിച്ചു, കരയിച്ചു, കരളില്‍ പ്രേമത്തിന്റെ കിനാവുകള്‍ വിരിയിച്ചു. വീണ്ടും കഥയുടെ പട്ടുനൂല്‍ക്കെട്ടിന്റെ തുമ്പഴിക്കാന്‍ തുടങ്ങുന്ന അടുത്ത സന്ധ്യയെ ഓര്‍ത്തുകൊണ്ട്, കേള്‍വിക്കാര്‍ നെടുവീര്‍പ്പോടെ കൂടാരങ്ങള്‍ വിട്ടിറങ്ങും. കഥയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പായി അവര്‍ക്ക് മുഷിഞ്ഞ പകലുകള്‍. ആ കാഥികരുടെ പാരമ്പര്യത്തിന്റെ ചൈതന്യധാര ബഷീര്‍ എന്ന കാഥികനിലുണ്ട്. ബഷീര്‍ മുകില ചക്രവര്‍ത്തിമാരില്‍ തന്റെ കഷണ്ടിക്ക് ഗ്ലാമറുണ്ടാക്കാന്‍ പാരമ്പര്യം തേടിയത് വെറും നേരമ്പോക്കു മാത്രം. അതിനുമപ്പുറം, ബാഗ്ദാദിലെയും ബസ്രായിലെയും കൈറോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളില്‍ സുഗന്ധം പുരണ്ട അര്‍ദ്ധവെളിച്ചത്തില്‍ കഥ പറഞ്ഞിരുന്ന അജ്ഞാതരായ പ്രതിഭാശാലികളിലാണ് ബഷീറിന്റെ കലയുടെ അടിവേരുകള്‍ അന്വേഷിച്ചാല്‍ നാമെത്തുന്നത്.

ഉറപ്പ്, കോഴിക്കോട്ട് ബഷീര്‍ വന്നു താമസിക്കാന്‍ പോകുന്നു. പെറ്റെക്കാട്ടിന്റെ ‘ചന്ദ്രകാന്ത’ത്തിലാണ്. ‘ന്റുപ്പാപ്പാ’ നാടകമാക്കി എഴുതുന്നു.
ചന്ദ്രകാന്തത്തില്‍ എന്‍.പി.മുഹമ്മദിന്റെ തണല്‍പറ്റിയാണ് ഞാന്‍ ചെല്ലുന്നത്. പഴയ ഭയപ്പാടുകളൊക്കെ എനിക്കപ്പോഴുമുണ്ട്. പോരാത്തത് ഭ്രാന്തിന്റെ ഒരു താളവട്ടം കഴിഞ്ഞാണ് ഭയങ്കരന്‍ എത്തുന്നത്. ആശങ്കയും ഭീതിയും പുറത്തുകാണിക്കാതിരിക്കാന്‍ ശ്രമിച്ചു.
ഗുസ്തിക്കാരന്റെ ശൈലിയില്‍ വയര്‍ നട്ടെല്ലില്‍ ചേര്‍ത്ത് ഒട്ടിച്ച് ലോകത്തിനോട് ഗോദയില്‍ വരാന്‍ പറയുന്നതുപോലെ നില്‍ക്കുന്നു ബഷീര്‍.
എന്‍.പി.എന്നെ പരിചയപ്പെടുത്തി.
”ഈ പയ്യനാണോ? അറിയാം. പക്ഷേ, ആളൊരു നൂലനാണല്ലോ. ഞാന്‍ വിചാരിച്ചു എതോ, ഒരു ഡണ്ടന്‍ ഗഡാഗഡിയന്‍ നായരാണെന്ന്.”
വെറും നൂറ്റിപ്പന്ത്രണ്ടു റാത്തല്‍ മാത്രം എല്ലിന്‍കൂടിനകത്ത് ഒതുക്കിയ ഒരു അശുവായിരുന്നു ഞാന്‍.
”എടേയ്, നിങ്ങള് രണ്ടാളും ഇവിടെ നില്‍ക്ക്. കഷ്ണം മുറിക്കണം, അരയ്ക്കണം, ലൊട്ടുലൊഡുക്ക് പണികളൊക്കെ ചെയ്യണം. നല്ല ആഹാരം ഫ്രീ.”
എന്റെ കഴുത്തിനിരുവശത്തും എഴുന്നു നില്‍ക്കുന്ന എല്ലില്‍ വിരല്‍കൊണ്ട് ഞോടിക്കൊണ്ട് ബഷീര്‍ പറഞ്ഞു: ” നിന്റെ തടി നന്നാക്കുന്ന കാര്യം ഞാനേറ്റു”
പിന്നെ കുറെനാള്‍ ‘ചന്ദ്രകാന്ത’ത്തിലാണ് പാതിരവരെ ഞങ്ങള്‍. ബഷീറിന്റെ പോര്‍ട്രെയിറ്റ് വരയ്ക്കാന്‍ എം.വി.ദേവന്‍ ദിവസവും വരും. കലാസമിതി നേതാക്കളായ എം.അബ്ദുള്‍ റഹിമാന്‍, വി.അബ്ദുള്ള തുടങ്ങിയവരാണ് ബഷീറിന്റെ കുടിയിരുപ്പിന്റെ മേല്‍നോട്ടം. ധാരാളം സന്ദര്‍ശകര്‍. കൂട്ടത്തില്‍ പയ്യനായ എനിക്കാണ് ജോലികള്‍ കൂടുതല്‍. ഇടയ്ക്ക് പുറത്തേക്കോടണം. പപ്പടം വളരെ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് എരിവുള്ള ഒരു ഉപദംശമുണ്ടാക്കുന്ന ‘റെസിപ്പി’ ആദ്യദിവസംതന്നെ ഗുരു പഠിപ്പിച്ചു.
പിന്നീട് ഒരു വൈകുന്നേരം ചെന്നപ്പോഴാണ്, വി.കെ.എന്‍ വന്നിരിക്കുന്നു! അവിടെത്തന്നെ തമ്പടിച്ചിരിക്കുന്നു.
”ഇവനിന്നലെ രാത്രി വന്നു. രാത്രി ഒരു കഥ പറഞ്ഞു. സംഗതി നല്ല തമാശ തന്നെ. പക്ഷേ, മുട്ടന്‍ തെറി. തെറി എന്നു പറഞ്ഞാല്‍… കഥയുടെ കിരീടം ഞാനിവനു കൊടുത്തു. പക്ഷേ, പുറത്തു കിടക്കണമെന്നും കൂട്ടിത്തൊടരുതെന്നുമാണ് വ്യവസ്ഥ. അത്ര വമ്പന്‍ തെറി!’ ബഷീര്‍ പറഞ്ഞു.
അടുക്കളപ്പണിയും ഊണും നേരമ്പോക്കുകളും കഴിഞ്ഞ് പാതിരായ്ക്കാവും എന്‍.പിയും ഞാനും പുതിയറയില്‍നിന്നു നടക്കുന്നത്. അകലെയുള്ള ആനിഹാള്‍ റോഡില്‍ എന്നെ വിട്ട്, എന്‍.പിക്ക് കുണ്ടുങ്ങലിലെത്താന്‍ പിന്നെയും ഒരു നാഴിക കടക്കണം. ആഹ്ലാദിക്കുകയും അഹങ്കരിക്കുകയും ചെയ്ത സന്ധ്യകള്‍. ചിരിച്ചു മദിച്ച രാവുകള്‍, ആചാരോപചാരങ്ങളില്ലാത്ത ദിവസങ്ങള്‍, ഉപദേശമൊന്നുമല്ലാത്ത മട്ടില്‍ നിര്‍ദേശങ്ങള്‍:
”വാസു ജീന്‍ ക്രിസ്റ്റോഫ് വായിക്കണം”
” സ്‌റ്റോറി ഓഫ് സാന്‍ മിഷെയ്ല്‍ വായിക്കണം”
എന്റെ നഷ്ടപ്പെട്ട നല്ല ദിനങ്ങള്‍.
ബഷീറിനെപ്പറ്റി കേട്ട കഥകളില്‍ അതിശയോക്തിക്കായി കുറെ ശതമാനം ഞാന്‍ നീക്കിവച്ചിരുന്നു. മഷി മായ്ക്കുന്ന മരുന്നുവില്‍ക്കാന്‍ നടന്ന കാലത്ത് ലോഡ്ജിലെ സഹവാസികളായിരുന്ന ചില മദ്രാസ് മലയാളികളെ പിന്നെ കണ്ടു. തെറ്റുപറ്റിയത് അതിശയോക്തിക്ക് ശതമാനം നീക്കിവച്ച എന്റെ മനക്കണക്കിനു തന്നെ. ബഷീര്‍ എന്നും കുറച്ചുപറയുന്നതിന്റെ (അണ്ടര്‍ സ്‌റ്റേറ്റ്‌മെന്റ്) ആചാര്യനാണ്. സ്വാനുഭവങ്ങള്‍ പറയുമ്പോഴും. ”ഒരു രാത്രിയില്‍ ഞങ്ങള്‍ പത്തഞ്ഞൂറു പട്ടാളക്കാര്‍ വെള്ളം കുടിച്ചു. പിറ്റേന്നു നോക്കുമ്പോള്‍ പാത്രത്തിലവശേഷിച്ചിരുന്നത് ചോരയായിരുന്നു.” ബഷീറിന്റെ മിതത്വത്തിന്റെ നിരവധി മാതൃകകള്‍ ഞാനെന്തുകൊണ്ട് നേത്തേ ഓര്‍ത്തില്ല?
ഒരാള്‍ അരനൂറ്റാണ്ടിനുശേഷം ബഷീറിനെ തിരക്കിനടന്ന സംഭവം എന്‍.പി. പറഞ്ഞു. ബഷീര്‍ എഴുത്തുകാരനാണെന്ന് അയാള്‍ക്കറിയില്ല. താന്‍ ഖലാസിയായിരുന്ന എസ്.എസ് റിവാന്‍ എന്ന കപ്പലില്‍ ഒരു വൈക്കത്തുകാരന്‍ ബഷീറുണ്ടായിരുന്നു. തമാശക്കാരന്‍. നല്ല ബിരിയാണി വെക്കും. നല്ല ചങ്ങാതിയായിരുന്നു. അയാള്‍ ഉണ്ടോ എന്നറിയാന്‍ വെറുതെ അന്വേഷണം നടത്തിയ പഴയ ഖലാസിയെ എന്‍.പി കണ്ടു, യാദൃച്ഛികമായി!
ചന്ദ്രകാന്തത്തില്‍ നിന്ന് ആരംഭിക്കുന്നു ഞങ്ങളുടെ ഗുരുശിഷ്യ ബന്ധം. എഴുത്തിനെപ്പറ്റി ബഷീര്‍ ഒരിക്കലും എന്നോട് സംസാരിച്ചിട്ടില്ല. ജീവിതത്തെപ്പറ്റി-ഉവ്വ്, ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളില്‍ രണ്ടുതവണ.