(ഗവേഷണ രചന)
സാജന്‍ എവുജിന്‍
കേരള മീഡിയ അക്കാദമി 2020

ഉദാരീകരണവും ആഗോളീകരണവും നട്ടെല്ലു തകര്‍ത്തുകളഞ്ഞ ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം മുഖ്യധാരാമാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാകുന്നതിന്റെ രാഷ്ട്രീയവും ധനതത്വശാസ്ത്രവും ആഴത്തില്‍ പരിശോധിക്കുന്ന പഠനഗ്രന്ഥം. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്ന കര്‍ഷകസമരങ്ങളും ദളിത് ജീവിത യാഥാര്‍ഥ്യങ്ങളും ഇത്തരത്തില്‍ അദൃശ്യവല്‍ക്കരിക്കുന്നതിനുപിന്നില്‍ മാധ്യമങ്ങളെ അടിമുടി ബാധിച്ചിരിക്കുന്ന കോര്‍പ്പറേറ്റുവല്‍ക്കരണമാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന ആഴമേറിയ ലേഖനങ്ങളാണിതില്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാര്‍ഷികജീവിതത്തെയും അതിജീവനപ്പോരാട്ടത്തെയും സമഗ്രമായി, തികഞ്ഞ ഉള്‍ക്കാഴ്ചയോടെ വീക്ഷിക്കുന്ന അപൂര്‍വഗ്രന്ഥം.
അവതാരികയില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു ഇങ്ങനെ എഴുതുന്നു: ” രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ പൊതുവായും മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സാഹചര്യം വിശദമായും ഇതില്‍ പരിശോധിക്കുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കാര്‍ഷികമേഖലയിലുണ്ടായ മാറ്റങ്ങള്‍, സര്‍ക്കാര്‍ ആവിഷ്‌കൃത മുതലാളിത്ത വികസനഘട്ടം, ഉദാരവല്‍ക്കരണത്തിന്റെ പ്രത്യാഘാതം എന്നിവ വിലയിരുത്തിയ ശേഷമാണ് ഇന്നത്തെ സാഹചര്യം വിശദീകരിക്കുന്നത്. സമാന്തരമായി മാധ്യമങ്ങളുടെ സമീപനവും ഗവേഷണ ബുദ്ധിയോടെ പരിശോധിക്കുന്നു. കൃഷി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യാന്‍ ലേഖകനുണ്ട്. കൃഷിക്കാരെക്കുറിച്ച് എഴുതാന്‍ ആളില്ല. ദേശീയ മാധ്യമങ്ങളുടെ അടക്കം സ്ഥിതി ഇതാണ്. ആത്മഹത്യാ വാര്‍ത്തകളായി മാത്രം കൃഷിക്കാരെ സംബന്ധിച്ച വാര്‍ത്തകള്‍ പരിമിതപ്പെടുന്നു.”
ഡോ.വിജു കൃഷ്ണനായിരുന്നു ഗവേഷണ മാര്‍ഗദര്‍ശി.