(മഹാഭാരത പഠനം)
കെ.എസ്.രാധാകൃഷ്ണന്‍

വേദവ്യാസന്റെ ഭാവനാപ്രപഞ്ചമാണ് മഹാഭാരതം. പ്രപഞ്ചത്തിലുള്ളതെല്ലാം അതില്‍ പലരൂപത്തിലും ഭാവത്തിലും പറയപ്പെട്ടിട്ടുണ്ട് എന്നും അതിലില്ലാത്തതൊന്നും പ്രപഞ്ചത്തിലും കാണാന്‍ കഴിയില്ല എന്നുമുള്ള പ്രശസ്തിവാക്യം കൂടി വ്യാസന്‍ പറഞ്ഞതായി പറയപ്പെടുന്നു. പ്രപഞ്ച വൈവിധ്യം മാത്രമല്ല, മനുഷ്യന്റെ ആന്തരിക പ്രപഞ്ച വൈവിധ്യത്തിന്റെ സമഗ്രതയും മഹാഭാരതത്തില്‍ കാണാന്‍ കഴിയും. കണ്ടുകഴിഞ്ഞതും കണ്ടുകൊണ്ടിരിക്കുന്നതും കാണാവുന്നതും കാണേണ്ടതും മഹാബാരതത്തിലുണ്ട്. ദാര്‍ശനിക വൈവിധ്യങ്ങളും ജീവിതവൈവിധ്യങ്ങളും മഹാഭാരത്തിലുണ്ട്. ദാര്‍ശനിക വൈവിധ്യങ്ങളും ജീവിതവൈവിധ്യങ്ങളും വിസ്മയകരമായി സമന്വയിപ്പിച്ചിരിക്കുന്ന കൃതിയാണ് മഹാഭാരതം. രണ്ടാം പ്രപഞ്ചസൃഷ്ടിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലകാലാതീതമായ അനുഭൂതികളുടെ ആഖ്യാനമായ മഹാഭാരതത്തിന്റെ ആസ്വാദനാനുഭവങ്ങളാണ് കാലടി സര്‍വകലാശാല മുന്‍ അധ്യാപകനും പത്രപ്രവര്‍ത്തകനും പി.എസ്.സി മുന്‍ ചെയര്‍മാനുമായ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ഈ കൃതിയില്‍ വിവരിക്കുന്നത്.