(ബൈബിള്‍ നിരൂപണം)
കെ.പി. അപ്പന്‍

പ്രമുഖ സാഹിത്യവിമര്‍ശകന്‍ കെ.പി. അപ്പന്‍ രചിച്ച പുസ്തകമാണ് ബൈബിള്‍ വെളിച്ചത്തിന്റെ കവചം. തന്റെ ചിന്തയുടേയും സാഹിത്യസംസ്‌കാരത്തിന്റേയും മുഖ്യ സ്രോതസ്സുകളിലൊന്നാണ് ബൈബിള്‍ എന്നു സ്ഥാപിക്കുന്ന കൃതി. വേദപുസ്തകത്തെ സമീപിക്കുന്നത് മതേതരമായ കാഴ്ച്ചപ്പാടിലെന്നതിനേക്കാള്‍ ക്രിസ്തീയസംവേദനത്തിന്റെ വഴി പിന്തുടര്‍ന്നാണ്. വായനക്കാര്‍ക്ക് ‘മതഭക്തിയുടെ അന്തരീക്ഷം’ അനുഭവപ്പെടുന്ന കൃതി എന്നും ‘രാത്രിയുടെ നിശ്ശബ്ദസൗന്ദര്യത്തിലിരുന്ന്’ ഗ്രന്ഥകാരന്‍ ‘പ്രാര്‍ത്ഥിച്ചുണര്‍ത്തിയ വേദമന്ത്രങ്ങളെന്നും’, ബൈബിളിന്റെ വെളിച്ചത്തിലേക്കു വായനക്കാരനെ ദത്തെടുക്കുന്ന ‘പുതിയ ജ്ഞാനസ്‌നാനം’ എന്നും ഇതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

ആദ്യം പ്രസിദ്ധീകരിച്ചത് 1994ലാണ്. ‘ലാ ബിബ്‌ള് ലേസാര്‍മ ദെലാ ലുമിയേര്‍ ‘ എന്ന പേരില്‍ ഈ പുസ്തകം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.നൂറില്‍ താഴെ പുറങ്ങളുള്ള ഈ കൃതി രണ്ടു ഭാഗങ്ങള്‍ അടങ്ങിയതാണ്. ഒന്നാം ഭാഗം 10 അദ്ധ്യായങ്ങളും രണ്ടാം ഭാഗം 4 അദ്ധ്യായങ്ങളും. ബൈബിളുമായുള്ള തന്റെ ആത്മബന്ധം അനുസ്മരിക്കുന്ന ഒരദ്ധ്യായത്തില്‍ തുടങ്ങുന്ന ഗ്രന്ഥം അതേവിധത്തിലുള്ള മറ്റൊരദ്ധ്യായത്തില്‍ അവസാനിക്കുന്നു.
ക്രൈസ്തവപാരമ്പര്യത്തിലെ ദൈവദര്‍ശനസങ്കല്പമായ ‘എപ്പിഫെനി’യുടെ വിശദീകരണവും ജെയിംസ് ജോയ്‌സ് ഉള്‍പ്പെടെയുള്ള മഹാപ്രതിഭകളുടെ ഭാവനാലോകത്തില്‍ അതു ചെലുത്തിയ സ്വാധീനത്തിന്റെ ലഘുചരിത്രവും ഒരധ്യായത്തില്‍ വിവരിക്കുന്നു.ഭൂമിയിലേക്ക് സ്‌നേഹത്തിന്റെ ദിവ്യാത്ഭുതമായി കടന്നു വന്ന യേശുവിനെ പിന്തുടരുന്ന ഗ്രന്ഥകാരന്‍, കാലാകാലങ്ങളിലെ ചിന്തകന്മാരെയും കലാസാഹിത്യപ്രതിഭകളേയും ക്രിസ്തുവിന്റെ വ്യക്തിത്വവും ആദര്‍ശവും എങ്ങനെ സ്വാധീനിച്ചുവെന്നു പരിശോധിക്കുന്നു.
അപമാനത്തിന്റെ ചിഹ്നമായിരുന്ന ‘കുരിശിനു പുനര്‍ജന്മം നല്‍കിയ’ ക്രിസ്തുവിന്റെ പീഡാസഹനമാണ് മറ്റൊരധ്യായത്തില്‍.’കാരുണ്യത്തിന്റെ ഭവനത്തിലേക്ക് മനുഷ്യരെ ദത്തെടുത്ത’ ക്രിസ്തുവിന്റെ മഹത്ത്വവും മനുഷ്യന്റെ പരിമിതികളും തമ്മിലുള്ള അകലത്തിന്റെ പ്രശ്‌നമാണ് വേറെ അദ്ധ്യായത്തില്‍. പരിശുദ്ധമറിയത്തിന്റെ അപദാനകീര്‍ത്തനമാണ് മറ്റൊന്ന്.കുഞ്ഞിനെ എടുത്തുകൊണ്ടു നില്‍ക്കുന്ന ഏത് അമ്മയിലും ഉണ്ണിയേശുവിനെ എടുത്തുനില്‍ക്കുന്ന വിശുദ്ധമാതാവിന്റെ വിദൂരച്ഛായകള്‍ വീണുകിടക്കുന്നു എന്നു പറയുന്നു. ക്രിസ്തുവിജ്ഞാനീയം മേരിവിജ്ഞാനീയത്തിന്റെ സാന്നിധ്യത്തിലായിരിക്കും പൂര്‍ണമായിത്തീരുക എന്നതിനാല്‍ മലയാളചിന്തയില്‍ മേരിവിജ്ഞാനീയത്തിന്റെ ഇമ്പമുള്ള വാക്കുകള്‍ അതിവേഗം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലുമുണ്ട്.
വിളിക്കപ്പെട്ടവരുടെ കുരിശ് എന്ന അധ്യാ്യത്തില്‍ യേശുവിന്റെ ശിഷ്യന്മാരെ സംബന്ധിച്ച സത്യസന്ധമായ സുവിശേഷാഖ്യാനങ്ങളും കുരിശിന്റെ വഴിയില്‍ അവരുടെ പില്‍ക്കാലയാത്രയുടെ ചരിത്രവും ഐതിഹ്യങ്ങളും പരിശോധിക്കുന്നു.യേശുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചുള്ള മനുഷ്യരാശിയുടെ സ്വപ്നമാണ് ഈ അദ്ധ്യായത്തിന്റെ വിഷയം. രണ്ടാമത്തെ ആഗമനം അക്ഷരാര്‍ത്ഥത്തില്‍ നടക്കാതിരുന്നിട്ടും ഭൂമി യേശുവിന്റെ മഹത്ത്വത്താല്‍ നിറഞ്ഞു നില്‍ക്കുന്നെന്നും അതിനാല്‍ രണ്ടാം വരവെന്ന സങ്കല്പം യേശുവിന്റെ വ്യക്തിപരമായ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നതാകണമെന്നില്ലെന്നും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു.
പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ചിത്രം അവതരിപ്പിക്കുന്ന വെളിപാടു പുസ്തകത്തെക്കുറിച്ചാണ് മറ്റൊരു അദ്ധ്യായം. ‘വിശ്വസ്തസാക്ഷികളായ വാക്കുകള്‍ കൊണ്ട് രചിച്ചിരിക്കുന്ന’ ആ ഗ്രന്ഥത്തിലെ പ്രവചനവാക്യങ്ങള്‍ ഗ്രന്ഥകാരനെ, ‘തിളങ്ങുന്ന പ്രഭാതനക്ഷത്രങ്ങളെ’ ഓര്‍മ്മിപ്പിക്കുന്നു.

ഇയ്യോബിന്റെ കഷ്ടപ്പാട്, കലാകാരന്റെ ഭാവനയില്‍ എന്ന രണ്ടാംഭാഗത്തില്‍,ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ചാണ് ഒരു അദ്ധ്യായം. ‘മോഹിപ്പിച്ചു നിരാശപ്പെടുത്തുന്ന’ ഇയ്യോബിന്റെ കഥയെ ഗ്രന്ഥകാരന്‍ ‘ആപല്‍ക്കരമായ പുസ്തകം’ എന്നു വിളിക്കുന്നു. ‘ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് മലയാളത്തിലെ ഏറ്റവും നല്ല ലേഖനം’ എന്ന് ഈ അദ്ധ്യായം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
പാറയെ തകര്‍ക്കുന്ന ചുറ്റിക എന്ന അധ്യായത്തില്‍ തോമസ് അക്കെമ്പിസിന്റെ ക്രിസ്ത്വനുകരണം എന്ന ധ്യാനാത്മകഗ്രന്ഥത്തിന്റെ ഹ്രസ്വമായ ആസ്വാദനമാണ്. ബൈബിളിന്റെ ചൈതന്യത്തില്‍ എഴുതപ്പെട്ട ആ കൃതി തനിക്കു മറ്റൊരു ബൈബിളായി അനുഭവപ്പെട്ടതും തന്റെ വായനയുടെ പല്ലവിയായതും ഗ്രന്ഥകാരന്‍ വിവരിക്കുന്നു. പാപങ്ങളെ കഴുകിക്കളയുന്ന ആകാശജലമെന്ന് ക്രിസ്ത്വനുകരണത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നു.
വെളിച്ചത്തിന്റെ കവചം എന്ന അധ്യായത്തില്‍ സഭയെ നിരാകരിച്ചപ്പോഴും, ‘സംശയിക്കുന്ന മനസ്സിനെ വിശുദ്ധീകരണത്തിനു വിളിക്കുന്ന’ ക്രിസ്തുവിനോട് ‘ബുദ്ധിയുള്ള ആരാധന’ പ്രകടിപ്പിച്ച സാഹിത്യപ്രതിഭകളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ക്രിസ്തുമതത്തിനെതിരെ ചിന്തയെ കഠിനമാക്കിയ നീത്‌ഷെ പോലും ക്രിസ്തുവുമായി അബോധപരമായ ഐക്യത്തിലായിരുന്നെന്ന് അപ്പന്‍ പറയുന്നു.
വേദപുസ്തകവും ഞാനും എന്ന അധ്യായത്തില്‍ ബൈബിളുമായുള്ള ഗ്രന്ഥകാരന്റെ പരിചയത്തിന്റെ അയവിറക്കലാണ്. കലാസൃഷ്ടികളെ ആദ്ധ്യാത്മികമായ തലത്തില്‍ സ്വീകരിക്കാന്‍ പഠിപ്പിക്കുകയും ശൈലിയെ നിരന്തരം നവീകരിക്കാന്‍ സൗന്ദര്യശിക്ഷണം നല്‍കുകയും, മതകര്‍മ്മത്തിന്റെ പരിശുദ്ധിയോടെ ഖണ്ഡനവിമര്‍ശനത്തില്‍ ഏര്‍പ്പെടാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് അനുഭവം.