തിരുനെല്ലിയിലെ മലവര്‍ഗക്കാരുടെ കഥപറയുന്ന കൃതിയാണിത്. പിതൃക്കളുടെ ആത്മശാന്തിക്കായി പാപനാശത്തിനടുത്ത് തിരുനെല്ലിയില്‍ എത്തിചേരുന്ന രാഘവന്‍ നായര്‍ ആ വനപ്രദേശത്തിന്റെ സമുദ്ധാരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. കാട്ടാനയുടെ കരുത്തുള്ള മല്ലനെ കണവനായി കിട്ടണമെന്ന് ചാത്തന്റെ പെണ്ണായ കുറുമാട്ടിക്ക് മോഹംജനിക്കുന്നു. വെളുത്ത ചുണ്ടെലിയുടെ മകള്‍ മാരയെ മല്ലന്‍ ഇണയാക്കുന്നു. മല്ലനും മാരയും തമ്മില്‍ രക്തബന്ധമുണ്ടെന്ന് കുറുമാട്ടി പ്രചരിപ്പിക്കുന്നു. വര്‍ഗത്തലവന് ആയിരം വള പിഴയൊടുക്കാന്‍ മല്ലന്‍ നിര്‍ബന്ധിതനാകുന്നു. വളയുണ്ടാക്കാന്‍ പണിക്കുപോകുന്ന മല്ലന്‍ പനിപിടിച്ചു മരിക്കുന്നു. മാര അനാഥയാകുന്നു. ആരുമില്ലാത്ത മാരയ്ക്ക് രാഘവന്‍നായര്‍ അഭയംനല്‍കുന്നു. വയനാടന്‍ മണ്ണിന്റെ സവിശേഷഗന്ധവും ആദിവാസി വര്‍ഗത്തിന്റെ ആചാരവിശേഷങ്ങളും ഈ നോവലിന് വിശേഷഭംഗിനല്‍കുന്നു. ഇതേപേരില്‍ ഈ കൃതി ചലച്ചിത്രമായിട്ടുണ്ട്. 1974 ല്‍ രാമുകാര്യാട്ട് ആയിരുന്നു  സംവിധാനം ചെയ്തത്.