(സംസ്‌കൃത പാഠപുസ്തകം)
കെ.എസ്.പരമേശ്വരശാസ്ത്രി

സംസ്‌കൃതഭാഷ പഠിക്കുന്നതിനുള്ള ഒരു അടിസ്ഥാന ഗ്രന്ഥം. സംസ്‌കൃതത്തിലെ നാമരൂപങ്ങള്‍ക്ക് അന്തലിംഗ വിഭക്തി വചനങ്ങള്‍ അനുസരിച്ചും ക്രിയാരൂപങ്ങള്‍ക്ക് പദലകാരപുരുഷവചനങ്ങള്‍ അനുസരിച്ചും വന്നുചേരാവുന്ന ഭേദങ്ങള്‍ ക്രമീകരിച്ചുവച്ചു പഠിക്കുന്ന രീതിക്കും സിദ്ധരൂപം എന്നുപേര്. അത്തരം പട്ടികകള്‍ അടങ്ങിയ ഗ്രന്ഥമാണ് സിദ്ധരൂപം. സംസ്‌കൃത വൈയാകരണനായിരുന്ന പാണിനിയുടെ നിയമങ്ങള്‍ക്കനുസരിച്ച് പദങ്ങള്‍ക്കു വന്നു ചേരാവുന്ന വ്യത്യാസങ്ങള്‍ (വിഭക്തികള്‍) ഇതിലുണ്ട്.
സാഹിത്യശിരോമണി കെ.എസ്.പരമേശ്വരശാസ്ത്രി ഇരിഞ്ഞാലക്കുടയില്‍നിന്നും 1936മുതല്‍ പ്രസിദ്ധീകരിച്ചു വന്ന ‘സിദ്ധരൂപാവലി’ എന്ന ലഘുപുസ്തകം ഇതില്‍പ്പെടുന്നു.
കേരളത്തിലെ കുടിപ്പള്ളിക്കൂടം സംസ്‌കൃതപഠനപദ്ധതി ‘സിദ്ധരൂപം’ അനുസരിച്ചായിരുന്നു. കേരളത്തിലെ തന്നെ വേദമഠങ്ങളിലും ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലും ശബ്ദോല്പത്തിയിലും ഉച്ചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സംസ്‌കൃതാദ്ധ്യയനം തുടങ്ങിയിരുന്നത്). സിദ്ധരൂപത്തിനുശേഷം ശ്രീരാമോദന്തവും പിന്നീട് അമരകോശം, രഘുവംശം, അഭിജ്ഞാന ശാകുന്തളം, കിരാതാര്‍ജുനീയം തുടങ്ങിയ സംസ്‌കൃതകൃതികളുടെ നിശ്ചിതഭാഗങ്ങളുമാണ് ആദ്യകാലത്ത് പ്രാഥമികമായി പഠിപ്പിച്ചിരുന്നത്.
സിദ്ധരൂപ പദ്ധതിയില്‍ നിന്നും മാറി 1959ല്‍ ഇ.പി.ഭരതപിഷാരോടി തിരുനാവായയില്‍ വച്ച് സ്വന്തമായി ചിട്ടപ്പെടുത്തിയെടുത്ത മറ്റൊരു പഠനരീതിയാണ് കാമധേനു പദ്ധതി. നാല്പതുദിവസം കൊണ്ട് സംസ്‌കൃതഭാഷയില്‍ സാമാന്യമായ അവഗാഹം നേടാന്‍ ഉദ്ദേശിച്ചു വികസിപ്പിച്ചെടുത്തതാണ് കാമധേനു പദ്ധതി.