വില്യം ഷേക്‌സ്പിയര്‍

ഷേക്‌സ്പിയറുടെ സൊണെറ്റുകള്‍ ഗീതകങ്ങള്‍ എന്ന് മലയാളത്തില്‍ അറിയപ്പെടുന്നു. പ്രേമം, സൗന്ദര്യം എന്നീ വിഷയങ്ങളാണ് കൈകാര്യം
ചെയ്യുന്നത്. രാജനീതി, മരണം തുടങ്ങിയ വിഷയങ്ങളും ഉണ്ട്. 154 ഗീതകങ്ങള്‍ ഒരുമിച്ച് ഷേക്‌സ്പിയറുടെ സൊണറ്റുകള്‍ എന്ന പേരില്‍ 1609ലാണ് ആദ്യം
പ്രസിദ്ധീകരിച്ചത്. ഷേക്‌സ്പിയറുടെ രചനകളില്‍ ഏറ്റവും ജനപ്രിയം ഗീതകങ്ങളാണ്. 1590കളില്‍ പ്ലേഗ് ബാധമൂലം ലണ്ടനിലെ നാടകശാലകള്‍
പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് തൊഴില്‍രഹിതനായപ്പോഴാവാം ഗീതകങ്ങളില്‍ ഭൂരിഭാഗവും എഴുതിയത്.
ആദ്യപതിപ്പിലെ സമര്‍പ്പണത്തില്‍ ഈ കവിതകളുടെ ‘ഒരേയൊരു പ്രചോദകന്‍’ (begetter) ആയി പരാമര്‍ശിച്ചിരിക്കുന്ന ‘മിസ്റ്റര്‍ ഡബ്ലിയൂ.എച്ച്’
ആരെന്നു അറിവില്ല. ഷേക്‌സ്പിയറുടെ കൃതികളുടെ കര്‍ത്തൃത്വത്തെക്കുറിച്ച് തര്‍ക്കമുണ്ട്.
പതിമൂന്നാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ഉത്ഭവിച്ച ഒരു കവിതാരൂപമാണ് സൊണറ്റ്. ഡിവൈന്‍ കോമഡിയുടെ കര്‍ത്താവായ ഡാന്റേ
ഉള്‍പ്പെടെയുള്ളവര്‍ സൊണറ്റുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ഇറ്റലിയില്‍ ഈ കവിതാരൂപത്തിന് ജനപ്രീതിനേടിക്കൊടുത്തത് പ്രഖ്യാതകവി പെട്രാര്‍ക്ക് ആണ്.
പ്രേമഭാജനത്തെ ആരാധനാപൂര്‍വം സംബോധനചെയ്യുന്ന പ്രേമകവിതകളായിരുന്നു പെട്രാര്‍ക്കിന്റെ ഗീതകങ്ങളില്‍ മിക്കവയും. എട്ടുവരികളുള്ള ഒന്നാം ഖണ്ഡവും
ആറുവരികളുള്ള രണ്ടാം ഖണ്ഡവും ചേര്‍ന്ന് പതിനാലു വരികളായിരുന്നു ആ ഗീതകങ്ങള്‍ക്ക്. മിക്കപ്പോഴും ആദ്യഖണ്ഡത്തില്‍ ഒരു സമസ്യയോ,
പ്രശ്‌നസാഹചര്യമോ സൃഷ്ടിച്ച് രണ്ടാം ഖണ്ഡത്തില്‍ അത് പരിഹരിക്കുകയായിരുന്നു പതിവ്. ഗീതകങ്ങളുടെ ഈ രീതി പെട്രാര്‍ക്കന്‍ രീതി എന്നറിയപ്പെട്ടു.
ഇംഗ്ലീഷില്‍ സൊണെറ്റ് രൂപം ആദ്യമായി ഉപയോഗിച്ചത് പതിനാറാം നൂറ്റണ്ടിന്റെ ആദ്യപകുതിയില്‍ തോമസ് വയാറ്റും തുടര്‍ന്ന് ഹെന്‍ട്രി
ഹൊവാര്‍ഡും ആയിരുന്നു. വരികളുടെ എണ്ണം പതിനാലായി നിലനിര്‍ത്തിയെങ്കിലും, ഇംഗ്ലീഷ് കവികള്‍ ഗീതകങ്ങളുടെ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തി.
നാലുവരികള്‍ വീതമുള്ള മൂന്നു ഖണ്ഡങ്ങളും ഒടുവില്‍ ഒരു ഈരടിയും ചേര്‍ന്നവയായിരുന്നു അവരുടെ ഗീതകങ്ങള്‍. ഈ രീതി ഷേക്‌സ്പിയറും പിന്തുടര്‍ന്നു.
ഈ മട്ടിലെഴുതിയ ഗീതകങ്ങളില്‍ ഏറ്റവും പ്രശസ്തം ഷേക്‌സ്പിയറുടേതായതിനാല്‍ ഗീതകങ്ങളുടെ ഈ രീതി ഷേക്‌സ്പീരിയന്‍ രീതി എന്നറിയപ്പെട്ടു.
ആകെയുള്ള 154 ഷേക്‌സ്പിയര്‍ ഗീതകങ്ങളില്‍ ആദ്യത്തെ 126 എണ്ണം ഒരു യുവാവിനെ സംബോധന ചെയ്ത് എഴുതിയവയാണ്. 127 മുതല്‍
152 വരെ ഗീതകങ്ങളിലാണ് ഷേക്‌സ്പിയറുടെ പേരുകേട്ട ശ്യാമതരുണി (dark lady) പ്രത്യക്ഷപ്പെടുന്നത്. അവളോടുള്ള കവിയുടെ പ്രേമത്തിന്റേയും
അവരുടെ പരസ്പരബന്ധത്തിന്റേയും സങ്കീര്‍ണ്ണതകളാണ് ആ ഗീതകങ്ങളുടെ വിഷയം.
തരുണനെ സംബോധന ചെയ്തുള്ള ഗീതകങ്ങളില്‍ ആദ്യത്തെ 17 എണ്ണത്തില്‍ കവി അയാളോട് വിവാഹിതനാകാന്‍ അവശ്യപ്പെടുന്നു. അതിനാല്‍
ഇവ പ്രജനന ഗീതകങ്ങള്‍ (procreation sonnets) എന്നറിയപ്പെടുന്നു. യുവാവിന്റെ സൗന്ദര്യവും മറ്റും സന്താനങ്ങളിലൂടെ അനശ്വരമാകാന്‍ വിവാഹം
കഴിക്കേണ്ടത് ആവശ്യമാണെന്നാണ് കവി പറയുന്നത്.
ഷേക്‌സ്പിയര്‍ ഗീതകങ്ങളെ ജനപ്രിയമാക്കാന്‍ സഹായിച്ച ഘടകങ്ങളിലൊന്ന് അവയിലെ ആത്മകഥാംശമാണ്. സമകാലീനരില്‍ പലരിലും
ഗീതകങ്ങളിലെ തരുണന്റെ ലക്ഷണങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്.
127 മുതല്‍ 152 വരെ ഗീതകങ്ങളിലെ കാമുകി ശ്യാമതരുണി എന്നാണറിയപ്പെടുന്നതെങ്കിലും, കവി അവളെ ഒരിടത്തും അങ്ങനെ വിളിക്കുന്നില്ല.
കവിക്ക് അവളുമായുണ്ടായിരുന്നത് വളരെ സങ്കീര്‍ണ്ണമായ ബന്ധമാണ്. സ്വന്തം വിശ്വസ്തതയെപ്പറ്റി അവള്‍ പറയുമ്പോള്‍, മദ്ധ്യവയസ്‌കനായ തന്നെ
ലോകത്തിന്റെ കാപട്യം അറിയാത്ത യുവാവായി അവള്‍ കാണുമെന്ന പ്രതീക്ഷയില്‍, കവി വിശ്വാസം നടിക്കുന്നു. എന്നാല്‍ കവിയുടെ യൗവനമൊക്കെ
കഴിഞ്ഞെന്ന് അവള്‍ക്ക് നന്നായറിയാം. സ്വന്തം കുറവുകള്‍ മറയ്ക്കാന്‍ അവള്‍ കവിയോടും കവി അവളോടും നുണപറയുന്നു. ശ്യാമതരുണി
ഭര്‍ത്തൃമതിയായിരുന്നെന്ന് ഗീതകത്തില്‍ സൂചനയുണ്ട്. നിന്നെ പ്രേമിക്കുകവഴി ഞാന്‍ വ്രതലംഘനം നടത്തി. എന്നാല്‍ എന്നോടും അവിശ്വസ്തത കാട്ടിയ നീ
ഇരട്ടവ്രതലംഘനം നടത്തി എന്ന് കവി പറയുന്നു.
ശ്യാമതരുണിയെ സംബോധനചെയ്യുന്ന ഗീതകങ്ങളുടെ പശ്ചാത്തലം ഷേക്‌സ്പിയറുടെ സങ്കല്പലോകമോ യഥാര്‍ത്ഥജീവിതമോ എന്നു വ്യക്തമല്ല.
ഷേയ്ക്‌സ്പിയറുടെ ചുരുക്കപ്പേരായ ‘വില്‍’ ഈ വിഭാഗത്തിലെ മൂന്നു ഗീതകങ്ങളിലെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഷേക്‌സ്പിയറുടെ സമകാലീനരായ
വനിതകള്‍ക്കിടയില്‍ ശ്യാമതരുണിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ചെന്നെത്തിയത് എലിസബത്ത് രാജ്ഞിയുടെ പരിജനങ്ങളില്‍ ഒരുവളും സര്‍ എഡ്‌വേഡ്
ഫിറ്റന്റെ പുത്രിയുമായിരുന്ന മേരി ഫിറ്റണ്‍, ഇംഗ്ലീഷ് ഭാഷയിലെ ആദ്യ കവയിത്രിയായി കരുതപ്പെടുന്ന എമീലിയ ലാനിയര്‍ തുടങ്ങിയവരിലാണ്.

1910ല്‍ എഴുതിയ ‘ഗീതകങ്ങളിലെ ശ്യാമതരുണി’ (The Dark Lady of the Sonnets) എന്ന ലഘുനാടകത്തില്‍ ബെര്‍ണാര്‍ഡ് ഷാ,
ശ്യാമതരുണിയായ മേരി ഫിറ്റണുമായി ഒരു രാത്രിസംഗമത്തിന് ലണ്ടനിലെ വൈറ്റ്ഹാള്‍ കൊട്ടാരത്തിലെത്തിയ ഷേക്‌സ്പിയര്‍, അബദ്ധത്തില്‍ എലിസബത്ത്
രാജ്ഞിയെ കണ്ടുമുട്ടുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ആ നാടകത്തിലെ ശ്യാമതരുണി മേരി ഫിറ്റനാണെങ്കിലും യഥാര്‍ഥ ശ്യാമതരുണി അവരായിരുന്നെന്ന് താന്‍
കരുതുന്നില്ലെന്ന് നാടകത്തിനെഴുതിയ ആമുഖത്തില്‍ ഷാ പറയുന്നുണ്ട്. എലിസബത്തന്‍ സമൂഹത്തില്‍ അനാകര്‍ഷണീയമായി കണക്കാക്കപ്പെട്ടിരുന്ന കാക്കക്കറുമ്പന്‍
തലമുടി (Ravenous Black Hair)ആയിരുന്നു ഗീതകങ്ങളിലെ ശ്യാമതരുണിക്കെന്നും മേരി ഫിറ്റന്റേതായി കിട്ടിയിട്ടുള്ള ചിത്രത്തില്‍ അവരുടെ മുടിയുടെ
നിറം അതല്ലാത്തതുകൊണ്ട് ശ്യാമതരുണി അവരായിരിക്കാന്‍ ഇടയില്ലെന്നുമാണ് ഷായുടെ വാദം.