(കീര്‍ത്തനം)
ഹസ്ത്യാദ്രി നാഥന്‍

പ്രമുഖ ക്ഷേത്രാചാരമായ പള്ളിയുണര്‍ത്തലുമായി ബന്ധപ്പെട്ട് ഉള്ള ഒരു കീര്‍ത്തനമാണിത്. ദേവനെ സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും കൊണ്ട് ഉണര്‍ത്തുന്ന പതിവ് ഹിന്ദു ക്ഷേത്രങ്ങളില്‍ ഉണ്ട്. ഈ സ്‌തോത്രങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള കീര്‍ത്തനമാണ് എം.എസ്.സുബ്ബലക്ഷ്മി ആലപിച്ച് എച്ച്.എം.വി റെക്കോര്‍ഡ് ആയി ഇറക്കിയ ശ്രീവെങ്കടേശ്വര സുപ്രഭാതം. കാഞ്ചീപുരത്തില്‍ ജീവിച്ചിരുന്ന ഹസ്ത്യാദ്രി നാഥന്‍(1361-1454) എന്ന ഭക്തകവിയാണ് ഇതിന്റെ കര്‍ത്താവെന്ന ഒരഭിപ്രായം നിലവിലുണ്ട്. എന്നാല്‍ കാഞ്ചീപുരത്തുതന്നെ 1430നടുത്ത് ജീവിച്ചിരുന്ന അനന്താചാര്യന്‍ എന്ന കവിയാണ് രചയിതാവെന്നും മറ്റൊരഭിപ്രായമുണ്ട്.

‘കൗസല്യാ രാമ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ… ‘എന്നു തുടങ്ങുന്ന ഈ കീര്‍ത്തനം തിരുപ്പതിയിലെ വെങ്കിടേശ്വരന്റെ ഉണര്‍ത്തു പാട്ടായിട്ടാണ് രചിക്കപ്പെട്ടതെന്നു കരുതുന്നു.
ഈ കീര്‍ത്തനത്തിന് നാലു ഭാഗങ്ങളുണ്ട്. പള്ളിയുണര്‍ത്തല്‍, സ്തുതിക്കല്‍, ശരണം പ്രാപിക്കല്‍, മംഗളാശംസ എന്നിങ്ങനെ.
‘കൗസല്യാ സുപ്രജാരാമ’ എന്നു തുടങ്ങുന്ന ഒന്നാമത്തെ ഭാഗം ദേവന്റെ പള്ളിയുണര്‍ത്തല്‍ കീര്‍ത്തനമാണ്. രണ്ടാമത്തെ ഭാഗമായ സ്തുതിയാണ് ‘കമലാകുചചൂചുക കുങ്കുമതോ’ എന്നു തുടങ്ങുന്ന ഭാഗം. ‘ഈശാനാം ജഗതോസ്യവെങ്കടപതേ’ എന്നു തുടങ്ങുന്ന മൂന്നാം ഭാഗം ശരണം പ്രാപിക്കാനും ‘ശ്രീകാന്തായ കല്യാണനിഥയോ’ എന്നാരംഭിക്കുന്ന ഭാഗം മംഗളാശംസയ്ക്കായും ഉദ്ദേശിച്ചിരിക്കുന്നു.