പ്രമുഖ നോവലിസ്റ്റ് അനില്‍ അരിനല്ലൂര്‍ എഴുതിയതാണ് ചരിത്രനോവലായ’ജഹനാര – യുഗസ്ത്രീ’.
അഞ്ചുവര്‍ഷം നീണ്ട ചരിത്രഗവേഷണത്തിലൂടെ എഴുതിയ ഈ നോവല്‍, ചരിത്രം രേഖപ്പെടുത്താതെ പോയ ജഹനാരയുടെ പ്രണയത്തിന്റെയും സ്വപ്‌നത്തിന്റെയും ധീരതയുടെയും സഹോദരന്റെ തടവറയ്ക്കുള്ളിലെ നിശ്ശബ്ദ നിമിഷങ്ങളുടെയും അടയാളപ്പെടുത്തല്‍ കൂടിയാണ്. നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ സ്ത്രീയിലും ജഹനാര ജീവിക്കുന്നുണ്ട്, ഒരു സ്വപ്നമായും പോരാട്ടമായും പ്രകാശമായും എന്ന് അനില്‍ അരിനല്ലൂര്‍ കരുതുന്നു.
ജഹനാരയുടെ ജീവിതത്തെ അധികരിച്ചുള്ള മലയാളത്തിലെ ആദ്യ ചരിത്രനോവല്‍ കൂടിയായ ‘ജഹനാര-യുഗസ്ത്രീ’ യുടെ പ്രകാശനം രാജ്യത്തെ പ്രശസ്ത പുരാവസ്തു ഗവേഷകന്‍ പത്മശ്രീ ഡോ. കെ.കെ.മുഹമ്മദ് നിര്‍വഹിക്കും. സെപ്തംബര്‍ 28 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് മ്യൂസിയം സത്യന്‍ സ്മാരക ഹാളിലാണ് ചടങ്ങ്. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍. ഡോ.എ.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡോ. വി. സുജാത പുസ്തകം സ്വീകരിക്കും. പ്രശസ്ത സംഗീത നിരൂപകനും കവിയുമായ പി.രവികുമാര്‍ പുസ്തകം പരിചയപ്പെടുത്തും. വര്‍ഷ എ എസ് സ്വാഗതവും അനില്‍ അരിനല്ലൂര്‍ മറുമൊഴിയും രേഖപ്പെടുത്തും.