2018– 19 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് പോളി ഉമ്രിഗര്‍ പുരസ്‌കാരം പേസര്‍ ജസ്പ്രീത് ബുംറയ്ക്ക്. ഞായറാഴ്ച ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബി.സി.സി.ഐ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച മുംബൈയില്‍ വെച്ച് നടക്കുന്ന ബി.സി.സി.ഐ വാര്‍ഷിക പുരസ്‌കാര ചടങ്ങില്‍ ബുംറയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. പുരുഷ വിഭാഗത്തില് ബുംറ പുരസ്‌കാരത്തിന് അര്‍ഹനായപ്പോള്‍ വനിതാ വിഭാഗത്തില്‍ ലെഗ് സ്പിന്നര്‍ പൂനം യാദവിനാണ് പുരസ്‌കാരം. അടുത്തിടെ താരത്തെ രാജ്യം അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. 2018ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ബുംറ നിലവില് ഒന്നാം നമ്പര് ഏകദിന ബൗളറാണ്. 2018 ജനുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്കന് പര്യടനത്തിലാണ് ബുംറ ആദ്യമായി ടെസ്റ്റ് കളിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റിന്ഡീസ് പര്യടനങ്ങളില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന് ബൗളറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. അതേസമയം ഇന്ത്യന് ടീം മുന്‍ നായകന്‍മാരായ കൃഷ്ണമാചാരി ശ്രീകാന്തിനും വനിതാ താരം അന്ജും ചോപ്രയ്ക്കും കേണല്. സി.കെ നായുഡു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും.