തിരുവനന്തപുരം: സംസ്ഥാനത്ത് 2019ലെ ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച രീതിയില്‍ ഭരണഭാഷാമാറ്റപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പിനും ജില്ലയ്ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. റവന്യൂ വകുപ്പ് മികച്ച വകുപ്പിനുള്ള പുരസ്‌കാരത്തിനര്‍ഹമായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച ജില്ലയായി കണ്ണൂരിനെ തിരഞ്ഞെടുത്തു. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് 1 വിഭാഗത്തില്‍ പന്തളം എന്‍.എസ്.എസ് ട്രെയിനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീവൃന്ദാനായര്‍ എന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 20,000 രൂപയും ഫലകവും സത്സേവനരേഖയുമാണ് പുരസ്‌കാരം. രണ്ടാം സ്ഥാനത്തിന് സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗീത. കെ അര്‍ഹയായി. 10,000 രൂപയും ഫലകവും സത്സേവന രേഖയും ലഭിക്കും.
ക്ലാസ് 3 വിഭാഗത്തില്‍ പത്തനംതിട്ട കളക്‌ട്രേറ്റ് സീനിയര്‍ ക്ലാര്‍ക്ക് അഭിലാഷ് ആര്‍ ഒന്നും കണ്ണൂര്‍ കളക്‌ട്രേറ്റ് സീനിയര്‍ ക്ലാര്‍ക്ക് രാമചന്ദ്രന്‍ അടുക്കാടന്‍ രണ്ടാം സ്ഥാനവും നേടി. ക്ലാസ് 3 വിഭാഗത്തില്‍ ടൈപ്പിസ്റ്റ്/ കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ്/ സ്‌റ്റെനോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ പത്തനംതിട്ട കളക്‌ട്രേറ്റ് സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് അഷറഫ് ഐ ഒന്നാം സ്ഥാനവും കേരള സര്‍വകലാശാല കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2, ഷീന പി.എസ് രണ്ടാം സ്ഥാനവും നേടി.