മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മധുവിന് പിറന്നാള്‍ ആശംസകളുമായി പ്രിയതാരങ്ങള്‍. പ്രിയപ്പെട്ട നടന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. എത്രയും പ്രിയപ്പെട്ട മധുസാറിന് പിറന്നാള്‍ ആശംസകള്‍ എന്ന് മമ്മൂട്ടിയും കുറിച്ചു.
എല്ലാ വര്‍ഷവും മധുവിന്റെ പിറന്നാള്‍ ദിവസം ആശംസ നേര്‍ന്ന് ലാലേട്ടന്‍ രംഗത്തെത്താറുണ്ട്. കഴിഞ്ഞ വര്‍ഷം മധുവിന്റെ ജന്മദിനത്തില്‍ താരം നേരിട്ടെത്തിയിരുന്നു. പിറന്നാള്‍ മധുരവുമായിട്ടായിരുന്നു അന്ന് മോഹന്‍ലാല്‍ മധുവിനെ കാണാന്‍ എത്തിയത്. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. മൂന്നര പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് മോഹന്‍ലാലും മധുവും തമ്മിലുള്ള സൗഹൃദത്തിന്. പടയോട്ടം എന്ന സിനിമയുടെ കാലത്താണ് ഇരുവരും തമ്മിലുളള സൗഹൃദം ആരംഭിക്കുന്നത്.
മലയാള സിനിമയുടെ കാരണവരാണ് മധു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.1963 ല്‍ പുറത്തു വന്ന നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെയാണ് താരത്തിന്റെ വെള്ളിത്തിരയിലേയ്ക്കുള്ള പ്രവേശനം. മികച്ച ഒരുപിടി കഥപാത്രങ്ങളാണ് മധു മലയാള സിനിമയ്ക്കായി നല്‍കിയത്. സിനിമയുടെ തലമുറമാറിയിട്ടും അന്നും ഇന്നും സിനിമയ്‌ക്കൊപ്പം യാത്ര ചെയ്യുകയാണ് ഇദ്ദേഹം. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാറിലും ഒരു പ്രധാന കഥപാത്രമായി മധു എത്തുന്നുണ്ട്.