നീര്‍ജ ഭാനോട്ട് പുരസ്‌കാരം ചിതല്‍ എന്നറിയപ്പെടുന്ന സിഫിയ ഹനീഫിന്. ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്വന്തം ജീവന്‍ ത്യജിച്ച് യാത്രക്കാരെ തീവ്രവാദികളില്‍ നിന്നും രക്ഷിച്ച എയര്‍ഹോസ്റ്റസ് നീര്‍ജ ഭാനോട്ടിന്റെ സ്മരണക്കായി 1990ലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. പാന് അമേരിക്ക എയലൈന്‍സില്‍ ജോലി ചെയ്തിരുന്ന, നീര്‍ജ ഭാനോട്ടിന് പരിശീലനം നല്കിയ വെന്ഡി സ്യൂ ക്‌നെട്ട് ആണ് സിഫിയക്ക് പുരസ്‌കാരം സമ്മാനിച്ചത്.
പതിനാറാം വയസ്സിലായിരുന്നു സിഫിയയുടെ വിവാഹം. 20ാം വയസ്സില് വിധവയാകുമ്പോള്‍ സിഫിയ രണ്ടുകുട്ടികളുടെ അമ്മയായിരുന്നു. പഠനം തുടരാന്‍ സിഫിയ ആഗ്രഹിച്ചിരുന്നുവെങ്കിലും അവര്‍ക്ക് മുന്നില്‍ വഴികളുണ്ടായിരുന്നില്ല. തുടര്ന്ന് ഒരു പാര്‍ട് ടൈം ജോലി കണ്ടെത്തുകയും പഠനം തുടരുകയും ചെയ്തു. തന്നെ പോലെ നിരവധി സ്ത്രീകള്ക്ക് സഹായം ആവശ്യമുണ്ടെന്ന തിരിച്ചറിവിലാണ് സേവനസന്നദ്ധയായി സമൂഹത്തിലേക്ക് ഇറങ്ങുന്നത്. തുടക്കത്തില് വിധവകളുടെ ക്ഷേമത്തിനായി പ്രവര്ത്തിച്ചിരുന്ന സിഫിയ പിന്നീട് അസുഖബാധിതരായ അമ്മമാര്ക്ക് വേണ്ടിയും കാന്‌സര് രോഗികള്ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന് തുടങ്ങി.
ചിതല്‍ എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പേജും സിഫിയ ആരംഭിച്ചു. ആര്ക്കും വേണ്ടാത്ത ജീവിയാണ് ചിതല്. ആര്‍ക്കും വേണ്ടാത്ത ഇടത്താണ് അത് ഉണ്ടാവുക. നമ്മുടെ സമൂഹത്തിലും അങ്ങിനെ ആര്ക്കും വേണ്ടാതായിപ്പോയ ഒരുപിടി മനുഷ്യരുണ്ട്. അത്തരം മനുഷ്യര്ക്കു വേണ്ടി ജീവിക്കണം എന്ന തീരുമാനമാണ് എന്നെ ചിതലാക്കിയത്. ആര്ക്കും വേണ്ടാത്ത മനുഷ്യര്ക്കു കൂട്ടായി ചിതലിനെപ്പോലെ ഞാന് ഉണ്ടാകും.സിഫിയ പറയുന്നു.