അതാകുന്നത്: ഗോകർണ്ണം, ഗൊമകുടം, കാരവള്ളി, മല്ലൂർ, എപ്പനൂർ, ചെപ്പനൂർ, കാടലൂർ, കല്ലന്നൂർ, കാർയ്യച്ചിറ, പൈയൻ‌ചിറ, ഇങ്ങിനെ ഗ്രാമം പത്തും തൃക്കണി, തൃക്കട്ട, തൃക്കണ്പാല, തൃച്ചൊല, കൊല്ലൂർ, കൊമലം, വെള്ളാര, വെങ്ങാടു, വെണ്കടം, ചെങ്ങൊടു, ഇങ്ങിനെ ഗ്രാമം പത്തും; കൊടീശ്വരം, മഞ്ചീശ്വരം, ഉടുപ്പു, ശങ്കരനാരായണം, കൊട്ടം, ശിവവെള്ളി, മൊറ, പഞ്ച, വിട്ടൽ കുമാരമംഗലം, അനന്തപുരം, കണ്ണപുരം ഇങ്ങിനെ ൧൨ ഗ്രാമം ഇങ്ങിനെ ൩൨ ഗ്രാമം എന്നു കല്പിച്ചു. പൈയനൂർ, പെരിഞ്ചെല്ലൂർ, കരിക്കാടു, ഈശാനമംഗലം, ആലത്തൂർ, കരിന്തൊളം, തൃശ്ശിവപേരൂർ, പന്നിയൂർ, ചൊവരം, ശിവപുരം, ഇങ്ങിനെ പത്തും; പറപ്പൂർ, ഐരാണിക്കുളം, മൂഷികക്കുളം, ഇരിങ്ങാടിക്കോടു, അടപ്പൂർ, ചെങ്ങനോടു, ഉളിയനൂർ, കഴുതനാടു, കഴച്ചൂർ, ഇളിഭ്യം, ചമുണ്ഡ, ആവടിപുത്തൂർ, ഇങ്ങിനെ പന്ത്രണ്ടും; കാടുകറുക, കിടങ്ങൂർ, കാരനല്ലൂർ, കവിയൂർ, എറ്റുളനിയൂർ, നില്മണ്ണ, ആണ്മണി, ആണ്മളം, തിരുവല്ലായി, ചെങ്ങനിയൂർ, ഇങ്ങിനെ ൬൪ ഗ്രാമം എന്നു കല്പിച്ചു.

അവരെ ഗോകർണ്ണത്തിൽ വെച്ചു, തലമുടി ചിരച്ചു മുമ്പിൽ കുടുമ വെപ്പിച്ചു “പൂർവ്വശിഖ പരദേശത്തു നിഷിദ്ധം എന്നു ചൊല്ലി, മുമ്പിൽ കുടുമ വെച്ചാൽ പിന്നെ അങ്ങു ചെന്നാൽ സ്വജാതികൾ അംഗീകരിക്ക ഇല്ല” എന്നിട്ടത്രെ മുമ്പിൽ കുടുമ വെച്ചത്, അതിന്റെ ശേഷം ആറുപതുനാലിന്നും പൂവും നീരും കൂട “ബ്രഹ്മക്ഷത്രമായി നിങ്ങൾ അനുഭവിച്ചു കൊൾക” എന്നു പറഞ്ഞു കൊടുക്കയും ചെയ്തു. ആ കൊടുത്തതു ഏകോദകം.